Connect with us

Editorial

പാലക്കാട് ഡിവിഷനെ ഇനിയും വെട്ടിമുറിക്കരുത്

കാലങ്ങളായി തുടരുന്നതാണ് റെയിൽവേയുടെ കേരളത്തോടുള്ള അവഗണന. പാലക്കാടിനെ ഇനിയും വെട്ടിമുറിച്ചാൽ ആ ഡിവിഷനെ മാത്രമല്ല, കേരളത്തിലെ റെയിൽവേയെ മൊത്തം അത് മുരടിപ്പിക്കും. ഈ നീക്കത്തെ സംസ്ഥാന സർക്കാറും എം പിമാരും ശക്തിയായി പ്രതിരോധിക്കേണ്ടിയിരിക്കുന്നു.

Published

|

Last Updated

കേരളത്തിന് കനത്ത ആഘാതമാണ് പാലക്കാട് റെയിൽവേ ഡിവിഷനെ വിഭജിച്ച് മംഗളൂരു ഡിവിഷൻ രൂപവത്കരിക്കാനുള്ള നീക്കം. ഇത് യാഥാർഥ്യമായാൽ പാലക്കാട് ഡിവിഷന്റെ കീഴിലുള്ള തന്ത്രപ്രധാന ഭാഗങ്ങൾ കേരളത്തിന് നഷ്ടപ്പെടുകയും പാലക്കാട് ഡിവിഷൻ നാമമാത്രമാവുകയും ചെയ്യും. രാജ്യത്തെ ഏറ്റവും പഴക്കമേറിയ റെയിൽവേ ഡിവിഷനുകളിലൊന്നാണ് പാലക്കാട്. 1956ലായിരുന്നു രൂപവത്കരണം. പോത്തനൂർ മുതൽ മംഗളൂരു വരെ 588 കി. മീറ്റർ ദൈർഘ്യമുള്ള ഈ ഡിവിഷൻ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മുന്പന്തിയിലാണ്. ഡിവിഷൻ വെട്ടിമുറിക്കുന്നതോടെ വരുമാനം കുത്തനെ ഇടിയും. നിലവിൽ പാലക്കാട് ഡിവിഷന്റെ കീഴിലാണ് പനമ്പൂർ തുറമുഖം. മംഗളൂരു ഡിവിഷൻ വന്നു കഴിഞ്ഞാൽ പനമ്പൂർ അതിന്റെ കീഴിലാകും. കേരളത്തിന്റെ റെയിൽവേ വരുമാനത്തിൽ ഇത് വലിയ ഇടിവ് സൃഷ്ടിക്കും. പുതിയ കോച്ചുകൾ അനുവദിക്കുന്നതിലുൾപ്പെടെ കേരളം തഴയപ്പെടും.

കർണാടകയുടെ കടുത്ത സമ്മർദത്തെ തുടർന്നാണ് മംഗളൂരു ഡിവിഷൻ രൂപവത്കരണ നീക്കം. തിരഞ്ഞെടുപ്പിൽ കർണാടകയിലെ ഭരണ- പ്രതിപക്ഷ കക്ഷികളുടെ മുഖ്യവാഗ്ദാനമായിരുന്നു ഈ ഡിവിഷൻ രൂപവത്കരണം. മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് വേർപ്പെടുത്തി കൊങ്കൺ റെയിൽവേ ഉൾപ്പെടുത്തിയുള്ള പുതിയ ഡിവിഷൻ രൂപവത്കരിക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. പാലക്കാട്, കോയമ്പത്തൂർ, സേലം ഡിവിഷനുകൾക്ക് കീഴിലാണ് നിലവിൽ മംഗളൂരു മേഖല. ഇത് മേഖലയുടെ വികസനത്തിന് തടസ്സം സൃഷ്ടിക്കുന്നുവെന്നും പ്രത്യേക ഡിവിഷനായെങ്കിലേ വികസനം ത്വിതപ്പെടുകയുള്ളുവെന്നുമാണ് വാദം. കർണാടക സർക്കാർ 2012 ഫെബ്രുവരിയിൽ ഇതുസംബന്ധിച്ച് അന്നത്തെ റെയിൽവേ മന്ത്രി ദിനേശ് ത്രിവേദി, റെയിൽവേ സഹമന്ത്രി കെ എച്ച് മുനിയപ്പ എന്നിവർക്ക് നിവേദനം നൽകിയിരുന്നു.

കേന്ദ്ര റെയിൽവേ സഹമന്ത്രി വി സോമണ്ണയുടെ നേതൃത്വത്തിൽ ബുധനാഴ്ച മംഗളൂരുവിൽ ചേർന്ന ഉന്നതതല റെയിൽവേ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ ഡിവിഷൻ രൂപവത്കരണം മുഖ്യ ചർച്ചാവിഷയമായിരുന്നു. മംഗലാപുരം കേന്ദ്രീകരിച്ചുള്ള റെയിൽവേ വികസന പദ്ധതികളും നിർമാണ പ്രവർത്തനങ്ങളുടെ അവലോകനവുമാണ് ഉന്നതതല യോഗത്തിന്റെ ലക്ഷ്യമെന്നും അവിചാരിതമായാണ് മംഗളൂരു ഡിവിഷൻ പ്രശ്‌നം യോഗത്തിൽ ചർച്ചക്കു വന്നതെന്നുമാണ് ബന്ധപ്പെട്ടവർ പറയുന്നതെങ്കിലും യോഗത്തിന്റെ മുഖ്യ അജൻഡ തന്നെ ഡിവിഷൻ രൂപവത്കരണമാണെന്നാണ് വിവരം. മംഗളൂരുവിനെ പ്രത്യേക റെയിൽവേ സോണാക്കുന്നതിനുള്ള നിർദേശങ്ങളടങ്ങുന്ന റിപോർട്ട് രണ്ടാഴ്ചക്കുള്ളിൽ സമർപ്പിക്കാൻ മന്ത്രി വി സോമണ്ണ യോഗത്തിൽ നിർദേശം നൽകിയതായി അറിയുന്നു.

മംഗളൂരു ഡിവിഷൻ രൂപവത്കരിക്കാനോ, ഈ മേഖല കേരളത്തിന് പുറത്തുള്ള മറ്റൊരു ഡിവിഷനിൽ ചേർക്കാനോ യാതൊരു നീക്കവുമില്ലെന്ന് മെയ് 13ന് റെയിൽവേ വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. പാലക്കാടിനെ വെട്ടിമുറിച്ചു പുതിയ ഡിവിഷൻ രൂപവത്കരിക്കുന്നതായി വാർത്ത വരികയും കേരളം ഇതിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു റെയിൽവേയുടെ ഈ നിഷേധക്കുറിപ്പ്. കേരളത്തെ തെറ്റിദ്ധരിപ്പിക്കുകയും വഞ്ചിക്കുകയുമായിരുന്നു ഇതിലൂടെ അധികൃതരെന്നും പുതിയ ഡിവിഷൻ പദ്ധതി അന്നേ റെയിൽവേയുടെ അജൻഡയിലുണ്ടായിരുന്നുവെന്നാണ് മംഗളൂരുവിലെ ഉന്നതതല യോഗം വ്യക്തമാക്കുന്നത്. നേരത്തേ പാലക്കാടിനെ വെട്ടിമുറിച്ചു സേലം ഡിവിഷൻ തുടങ്ങാൻ ശ്രമം ആരംഭിച്ചപ്പോഴും വാർത്ത ആദ്യം റെയിൽവേ വൃത്തങ്ങൾ നിഷേധിച്ചിരുന്നു. എന്നാൽ താമസിയാതെ ഡിവിഷൻ പ്രഖ്യാപനമുണ്ടായി.

റെയിൽവേക്ക് മികച്ച വരുമാനം നേടിക്കൊടുക്കുന്ന സംസ്ഥാനമാണ് കേരളം. ഏപ്രിൽ അവസാനം ദക്ഷിണ റെയിൽവേ പ്രസിദ്ധീകരിച്ച, ഏറ്റവും കൂടുതൽ വരുമാനം നേടിത്തരുന്ന 25 റെയിൽവേ സ്റ്റേഷനുകളുടെ ഗണത്തിൽ പതിനൊന്നെണ്ണവും കേരളത്തിൽ നിന്നുള്ളവയാണ്. തിരുവനന്തപുരം സെൻട്രൽ, കൊല്ലം, കോട്ടയം, എറണാകുളം ജംഗ്ഷൻ, എറണാകുളം ടൗൺ, ആലുവ, തൃശൂർ, കോഴിക്കോട്, ചെങ്ങന്നൂർ, പാലക്കാട് ജംഗ്ഷൻ, കണ്ണൂർ സ്റ്റേഷനുകൾ പ്രതിവർഷം 1,500 കോടി രൂപയാണ് ദക്ഷിണ റെയിൽവേക്ക് നേടിക്കൊടുക്കുന്നത്. കേരളം നൽകുന്ന ഈ വരുമാനത്തിനനുസരിച്ച് സംസ്ഥാനത്തിന് അടിസ്ഥാന വികസന സൗകര്യം നടത്തുന്നില്ല റെയിൽവേ. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ് കേരളത്തിൽ ട്രെയിനുകളുടെ എണ്ണം. അടിസ്ഥാന സൗകര്യങ്ങളും പരിമിതമാണ്. പുതിയ പാതകൾ അനുവദിക്കൽ, പാത ഇരട്ടിപ്പിക്കൽ, പുതിയ വണ്ടികൾ അനുവദിക്കൽ, നിലവിലുള്ളവയിൽ കാലാഹണപ്പെട്ടവ മാറ്റൽ, വേഗം കൂടിയ ട്രെയിനുകൾക്ക് വേണ്ടിയുള്ള പാതയുടെ അറ്റകുറ്റപ്പണി തുടങ്ങിയ കാര്യങ്ങളിലെല്ലാം കേരളം അവഗണിക്കപ്പെടുന്നു. ഈ പരിമിതിക്കുള്ളിൽ നിന്നുകൊണ്ടാണ് കേരളം റെയിൽവേക്ക് സഹസ്രകോടികൾ നേടിക്കൊടുക്കുന്നത്. കൂടുതൽ ട്രെയിനുകളും സൗകര്യങ്ങളുമുണ്ടായിരുന്നെങ്കിൽ റെക്കാർഡ് വരുമാനം നേടുമായിരുന്നു.
കാലങ്ങളായി തുടരുന്നതാണ് റെയിൽവേയുടെ കേരളത്തോടുള്ള അവഗണന. പ്രതിവർഷം തുച്ഛമായ വിഹിതമാണ് ബജറ്റിൽ അനുവദിക്കുന്നത്. 2024-25 വർഷത്തെ ബജറ്റിൽ റെയിൽവേക്ക് 2,52,000 കോടി അനുവദിച്ചപ്പോൾ കേരളത്തിന് നീക്കിവെച്ചത് കേവലം 2,744 കോടിയാണ്. അതേസമയം മറ്റ് സംസ്ഥാനങ്ങൾക്കു പ്രത്യേകിച്ചും ബി ജെ പി ഭരണത്തിലുള്ള സംസ്ഥാനങ്ങൾക്ക് പണം വാരിക്കോരി നൽകുന്നു. കേരളത്തിന് നേരത്തേ വാഗ്ദാനം ചെയ്തിരുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറി നിരസിക്കപ്പെട്ടു.

റെയിൽവേയുമായി ബന്ധപ്പെട്ട് കേരളം ഉന്നയിക്കുന്ന ചെറിയ ആവശ്യങ്ങളോട് പോലും മന്ത്രാലയം മുഖം തിരിഞ്ഞു നിൽക്കുന്നു. പാലക്കാടിനെ ഇനിയും വെട്ടിമുറിച്ചാൽ ആ ഡിവിഷനെ മാത്രമല്ല, കേരളത്തിലെ റെയിൽവേയെ മൊത്തം അത് മുരടിപ്പിക്കും. ഈ നീക്കത്തെ സംസ്ഥാന സർക്കാറും എം പിമാരും ശക്തിയായി പ്രതിരോധിക്കേണ്ടിയിരിക്കുന്നു.

Latest