Kerala
പാലക്കാട്ട് ഡോ. പി സരിന്‍, ചേലക്കരയില്‍ യു ആര്‍ പ്രദീപ്; ഉപ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സി പി എം
സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
തിരുവനന്തപുരം | സംസ്ഥാനത്തെ നിയമസഭാ ഉപ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സി പി എം. പാലക്കാട്, ചേലക്കര നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.
പാലക്കാട്ട് ഇടത് മുന്നണി സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഡോ. പി സരിന്‍നെ മത്സരിപ്പിക്കാനാണ് തീരുമാനം. ചേലക്കരയില്‍ മുന്‍ എം എല്‍ എ കൂടിയായ യു ആര്‍ പ്രദീപ് ജനവിധി തേടും.
ഇരു മണ്ഡലങ്ങളിലും എല്‍ ഡി എഫ് വിജയിക്കുമെന്ന് ഗോവിന്ദന്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. സരിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റെടുത്തു കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട്ട് ഇടത് മുന്നണിയുടെ മുഖ്യശത്രു ബി ജെ പിയാണ്. പാലക്കാട്ട് ബി ജെ പിയെയും അവരുമായി ഡീല്‍ ഉണ്ടാക്കിയ യു ഡി എഫിനെയും പരാജയപ്പെടുത്തുമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. പാലക്കാട്ട് കോണ്‍ഗ്രസ്സ്-ബി ജെ പി ഡീല്‍ പ്രകാരമാണ് ഷാഫി പറമ്പില്‍ വടകരയിലേക്കു പോയത്. യു ഡി എഫില്‍ പാളയത്തില്‍ തന്നെ പട തുടങ്ങിയിട്ടുണ്ടെന്നും സി പി എം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു.
അതിനിടെ, പാര്‍ട്ടി ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തമാണെന്ന് ചേലക്കരയിലെ സാരഥി യു ആര്‍ പ്രദീപ് കുമാര്‍ പറഞ്ഞു. മികച്ച ഭൂരിപക്ഷത്തില്‍ ജയം ആവര്‍ത്തിക്കും. വികസന വിഷയം ഉയര്‍ത്തി വോട്ട് തേടും. എതിര്‍ സ്ഥാനാര്‍ഥികള്‍ ആരായാലും സത്യസന്ധമായി പ്രവര്‍ത്തിക്കുമെന്നും പ്രദീപ് കുമാര്‍ പറഞ്ഞു.
സ്ഥാനാര്‍ഥിയായതില്‍ അഭിമാനമെന്ന് പി സരിന്‍ പറഞ്ഞു. രാഷ്ട്രീയം പറഞ്ഞ് തന്നെ ജനങ്ങള്‍ക്ക് മുമ്പിലേക്കെത്തും. മറ്റുള്ളവരുടെ തോളില്‍ കയറി നിന്ന് പ്രവര്‍ത്തിക്കുന്ന ആളാണ് യു ഡി എഫ് സ്ഥാനാര്‍ഥിയെന്ന ആരോപണവും സരിന്‍ ഉയര്‍ത്തി.