Kerala
നീല ട്രോളി ബാഗും ചാക്കുമായി പാലക്കാട്ട് എല്‍ ഡി എഫ് പ്രതിഷേധ പ്രകടനം
ബോധപൂര്‍വം സി പി എം-ബി ജെ പി ബന്ധം ആരോപിച്ച് താത്ക്കാലിക ലാഭം ഉണ്ടാകാനുള്ള ശ്രമമാണ് യു ഡി എഫ് നേതാക്കള്‍ നടത്തുന്നതെന്ന് ഡോ. സരിന്
പാലക്കാട് | കള്ളപ്പണ വിവാദം കത്തുന്നതിനിടെ നീല ട്രോളി ബാഗും ചാക്കുമായി പാലക്കാട്ട് എല്‍ ഡി എഫിന്റെ പ്രതിഷേധ പ്രകടനം. ‘ചാക്കും വേണ്ട ട്രോളിയും വേണ്ട, വികസനം മതി’ എന്ന ബാനറുമായാണ് എല്‍ ഡി എഫ് യുവജന സംഘടനകളുടെ പ്രതിഷേധം നടന്നത്.
എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി സരിനും പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. ജനങ്ങളെ സത്യം അറിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് സരിന് പറഞ്ഞു. ഇരുട്ടത്ത് നില്ക്കുന്ന കുറേപേര്‍ ഉണ്ട്, യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമം. ഇതൊന്നുമല്ല പാലക്കാട് ചര്‍ച്ചയാകേണ്ടത്. ഒരു വ്യക്തിയിലേക്ക് മാത്രം അന്വേഷണം ചുരുക്കരുത്, അടിക്കടി വേഷം കെട്ടുന്നവരെയും വേഷം മാറുന്നവരെയും തിരിച്ചറിയാന്‍ പാലക്കട്ടെ ജനങ്ങള്‍ക്കറിയാമെന്നും സരിന് പറഞ്ഞു.
ബോധപൂര്‍വം സി പി എം-ബി ജെ പി ബന്ധം ആരോപിച്ച് താത്ക്കാലിക ലാഭം ഉണ്ടാകാനുള്ള ശ്രമമാണ് യു ഡി എഫ് നേതാക്കള്‍ നടത്തുന്നതെന്നും സരിന് വ്യക്തമാക്കി.