Kerala
പാലക്കാട് ഇറച്ചി കടയില്‍ കയറി ആക്രമണം; പ്രതിക്കായി അന്വേഷണം ആരംഭിച്ച് പോലീസ്
വാല്‍കുളമ്പ് സ്വദേശി രമേഷാണ് ആക്രമിച്ചത്. കടയില്‍ ഇറച്ചി വെട്ടികൊണ്ടിരിക്കുകയായിരുന്ന സന്തോവാന്റെ അടുത്തേക്ക് രമേഷ് വന്ന് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
പാലക്കാട്| പാലക്കാട് വടക്കഞ്ചേരിയില്‍ ഇറച്ചി കടയില്‍ കയറി യുവാവ് തൊഴിലാളിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിക്കായി അന്വേഷണം ആരംഭിച്ച് പോലീസ്. ഇന്നലെ വടക്കഞ്ചേരിയിലെ മിസ്ഫ ബീഫ് സ്റ്റാളിലാണ് സംഭവം. കടയിലെ തൊഴിലാളിയായ സന്തോവാന്‍ എന്ന ആള്‍ക്കാണ് മുഖത്ത് ശക്തമായ ഇടിയേറ്റത്. തുടര്‍ന്ന് സന്തോവാന്‍ കുഴഞ്ഞുവീണു. യുവാവിന്റെ താടിയെല്ലിനാണ് പരുക്കേറ്റത്. സന്തോവാന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
വാല്‍കുളമ്പ് സ്വദേശി രമേഷാണ് ആക്രമിച്ചത്. കടയില്‍ ഇറച്ചി വെട്ടികൊണ്ടിരിക്കുകയായിരുന്ന സന്തോവാന്റെ അടുത്തേക്ക് രമേഷ് വന്ന് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് മുഷ്ടി ചുരുട്ടി സന്തോവാന്റെ മുഖത്ത് ശക്തമായി ഇടിച്ചു. ഇടിയുടെ ശക്തിയില്‍ സന്തോവാന്‍ കുഴഞ്ഞുവീണു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സന്തോവാന്റെ മുഖത്ത് നിന്നും ചോര വരുന്നത് കണ്ട് കടയിലെ മറ്റൊരു തൊഴിലാളി ഇടപെടുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
സന്തോവാനും രമേഷും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. രണ്ട് ദിവസം മുമ്പ് സന്തോവാന്‍ ജോലി ചെയ്യുന്ന ഇറച്ചിക്കടയുടെ മുന്നില്‍വച്ച് രമേഷിന്റെ ഭാര്യ ഓടിച്ച സ്‌കൂട്ടര്‍ മറ്റൊരു ബൈക്കില്‍ ഇടിച്ച് അപകടം ഉണ്ടായിരുന്നു. ഈ വിഷയത്തില്‍ സന്തോവാന്‍ ഇടപെട്ടതാണ് ആക്രമണത്തിന് കാരണം. സംഭവശേഷം ഒളിവില്‍ കഴിയുന്ന രമേശിനായി വടക്കഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു. ഇറച്ചിക്കടയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു.