From the print
പാലക്കാട് ഇന്ന് വിധിയെഴുതും
നാല് ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെ 184 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്

പാലക്കാട് | ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. പുലർച്ചെ അഞ്ചരക്ക് മോക്ക് പോൾ ആരംഭിക്കും. വോട്ടെടുപ്പിന് ശേഷം ഗവ. വിക്ടോറിയ കോളജിലാണ് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുക. രാഹുൽ മാങ്കൂട്ടത്തിൽ (യു ഡി എഫ്), ഡോ. പി സരിൻ (എൽ ഡി എഫ്), സി കൃഷ്ണകുമാർ (എൻ ഡി എ) ഉൾപ്പെടെ പത്ത് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. രാഹുൽ മാങ്കൂട്ടത്തിലിന് അപരൻമാരായി രണ്ട് പേരുണ്ട്.
നാല് ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെ 184 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 1,500ൽ കൂടുതൽ വോട്ടർമാരുള്ള സ്ഥലങ്ങളിലാണ് ഓക്സിലറി ബൂത്തുകൾ തയ്യാറാക്കിയത്. ഏഴെണ്ണം പ്രശ്നബാധിത ബൂത്തുകളാണ്. അവിടെ കേന്ദ്ര സുരക്ഷാ സേനക്കാണ് ചുമതല. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളാണ് കൺട്രോൾ റൂം. 1,94,706 വോട്ടർമാരാണ് ഇത്തവണയുള്ളത്. ഇവരിൽ 1,00,290 പേർ സ്ത്രീ വോട്ടർമാരാണ്. നാല് ട്രാൻസ്‌ജെൻഡേഴ്‌സും വോട്ടർ പട്ടികയിലുണ്ട്.
ശക്തമായ ത്രികോണ മത്സരത്തിനാണ് പാലക്കാട്ട് കളമൊരുങ്ങിയത്. സംസ്ഥാന, കേന്ദ്ര സർക്കാറിന്റെ നേട്ടങ്ങളും കോട്ടങ്ങളും നിരത്തുന്നതിന് പകരം ആളും അർഥവുമിറക്കിയുള്ള പ്രചാരണത്തിൽ വിവാദങ്ങൾ മാത്രമായിരുന്നു തിളങ്ങിനിന്നത്. 23നാണ് ഫലപ്രഖ്യാപനം.