National
പഴനി ക്ഷേത്രം വിനോദ സഞ്ചാര കേന്ദ്രമല്ല; അഹിന്ദുകള്‍ക്ക് പ്രവേശനം അനുവദിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി
പഴനി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ നീക്കിയതിനെതിരെ ഡി. സെന്തില്‍കുമാര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
മധുര| പഴനി ക്ഷേത്രത്തില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കാനാവില്ലെന്ന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. തമിഴ്‌നാട് സര്‍ക്കാരിനും സംസ്ഥാന ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പിനും ഇത് സംബന്ധിച്ച് കോടതി നിര്‍ദേശം നല്‍കി. പഴനി ക്ഷേത്രം വിനോദ സഞ്ചാര കേന്ദ്രമല്ലെന്നും കോടതി വ്യക്തമാക്കി. ക്ഷേത്രത്തില്‍ എത്തുന്നവര്‍ ആചാരനുഷ്ഠാനങ്ങള്‍ പാലിച്ച് വേണം പ്രവേശിക്കാനെന്നും അഹിന്ദുക്കള്‍ക്ക് ദര്‍ശനം വിശ്വാസിയാണെന്ന സത്യവാങ്മൂലം ഉണ്ടെങ്കില്‍ മാത്രമേ അനുവദിക്കാവൂവെന്നും ഉത്തരവില്‍ പറയുന്നു.
ഹിന്ദുമതത്തിന്റെ ആചാരങ്ങളും വിശ്വാസങ്ങളും പിന്തുടരാന്‍ തയാറാണെന്ന് അറിയിച്ചെത്തുന്ന അഹിന്ദുവായ ആള്‍ക്ക് പ്രവേശനം അനുവദിക്കാവുന്നതാണെന്ന് വിധിയില്‍ പറയുന്നു. അഹിന്ദുക്കളുടെ പ്രവേശനം സംബന്ധിച്ച് ക്ഷേത്രത്തില്‍ പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കണം എന്നും കോടതി നിര്‍ദേശിച്ചു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജസ്റ്റിസ് ശ്രീമതിയാണ് ഉത്തരവിറക്കിയത്.
പഴനി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ നീക്കിയതിനെതിരെ ഡി. സെന്തില്‍കുമാര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന് ബോര്‍ഡ് പുനസ്ഥാപിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.