Connect with us

Bahrain

ഫലസ്തീൻ: ഇസ്റാഈൽ ക്രൂരതയെ അപലപിച്ച് അറബ് ഉച്ചകോടി

33-ാമത് അറബ് ഉച്ചകോടിക്ക് ബഹ്‌റൈൻ വേദിയായി; ഉച്ചകോടിയിൽ യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസും പങ്കെടുത്തു.

Published

|

Last Updated

മനാമ | ഫലസ്തീൻ – ഇസ്റാഈൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ 33-ാമത് അറബ് ഉച്ചകോടിക്ക് ബഹ്‌റൈനിൽ തുടക്കമായി. സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഉദ്ഘാടന പ്രസംഗത്തോടെയാണ് ഉച്ചകോടി തുടങ്ങിയത്. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ അധ്യക്ഷനായിരുന്നു.

2023 നവംബറിൽ റിയാദിൽ നടന്ന അസാധാരണ അറബ് ഉച്ചകോടിക്ക് ശേഷം ഇതാദ്യമായാണ് ഗസ്സയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്നതിനും വെടിനിർത്തൽ നിർദേശിക്കുന്നതിനും ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങൾക്കായി ഏകദിന ഉച്ചകോടിയിൽ അറബ് നേതാക്കൾ ഒത്തുചേർന്നത്.

ഗസ്സയിലെ വെടിനിർത്തൽ ശ്രമങ്ങൾക്ക് പിന്തുണ നൽകണമെന്ന് സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. അറബ് ലോകത്തെ പ്രശ്നങ്ങൾക്ക് സഊദി അറേബ്യയുടെ പിന്തുണയുണ്ട്. അറബ് പ്രശ്‌നങ്ങൾക്കും സംയുക്ത അറബ് പ്രവർത്തനങ്ങളുടെ വികസനത്തിനും രാജ്യം വലിയ പ്രാധാന്യം നൽകുന്നു. ഫലസ്തീനിലെ സഹോദരങ്ങളെ സഹായിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണക്കുന്നുവെന്നും ,മേഖലയിൽ സുരക്ഷയും സമാധാനവും സമൃദ്ധിയും കൈവരിക്കാൻ ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര അംഗീകാരമുള്ള ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നും ഉത്‌ഘാടന പ്രസംഗത്തിൽ സഊദി കിരീടാവകാശി പറഞ്ഞു.

വിനാശകരമായ യുദ്ധങ്ങളുടെയും വേദനാജനകമായ മാനുഷിക ദുരന്തങ്ങളുടെയും അതിസങ്കീർണമായ പ്രാദേശിക, അന്തർദേശീയ സാഹചര്യങ്ങൾക്കിടയിലാണ് ഉച്ചകോടി സംഘടിപ്പിച്ചതെന്ന് ബഹ്‌റൈൻ രാജാവ് പറഞ്ഞു. ഗസ്സക്കെതിരായ ഇസ്റാഈൽ ആക്രമണം, സുഡാനിലെ പ്രതിസന്ധി, മേഖലയിലെ സംഭവവികാസങ്ങൾ, രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, മാധ്യമ, സുരക്ഷാ മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയും ഉച്ചകോടിയിൽ ചർച്ച ചെയ്തു

ഏഴ് മാസമായി ഫലസ്തീനിൽ ഇസ്റാഈൽ നടത്തിയ വംശഹത്യയിൽ സ്ത്രീകളും കുട്ടികളുമടക്കം 35,272 പേർ മരിക്കുകയും 79,205 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര സമവായത്തിനെതിരെ അമേരിക്ക വീറ്റോ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും, യുദ്ധം തടയുന്നതിനും ഫലസ്തീന് യുഎൻ അംഗത്വം ലഭിക്കാതിരിക്കുന്നതിനുമായി അമേരിക്ക നാല് തവണ വീറ്റോ ഉപയോഗിച്ചുവെന്നും ഫലസ്തീൻ പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസ് ഉച്ചകോടിയിൽ പറഞ്ഞു.

ഖത്തർ അമീർ തമീം ബിൻ ഹമദ് അൽതാനി, യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ റാഷിദ്, കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹ്, സിറിയൻ പ്രസിഡൻ്റ് ബഷാർ അൽ അസദ്, ടുണീഷ്യൻ വിദേശകാര്യ മന്ത്രി നബീൽ അമ്മാർ, ഈജിപ്ഷ്യൻ പ്രസിണ്ടന്റ് അബ്ദുൽ ഫത്താഹ് അൽ സീസി, ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, മറ്റ് അറബ് രാഷ്ട്ര പ്രതിനിധികൾ, യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുത്തു.

Latest