Connect with us

Kozhikode

ഫലസ്തീന്‍: സമാധാനം പുനസ്ഥാപിക്കുന്നതിന് യു എന്‍ ഇടപെടണമെന്ന് ഖലീല്‍ തങ്ങള്‍

മഅ്ദിന്‍ ലൈറ്റ് ഓഫ് മദീന പ്രൗഢമായി. പള്ളികളില്‍ നാളെ പ്രത്യേക പ്രാര്‍ഥനക്ക് ആഹ്വാനം

Published

|

Last Updated

മലപ്പുറം | ഫലസ്തീന്‍-ഇസ്റാഈല്‍ വിഷയത്തില്‍ യു എന്‍ ഇടപെട്ട് ക്രിയാത്മക പരിഹാരങ്ങളുണ്ടാക്കണമെന്നും ഫലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് സമാധാനം പുനഃസ്ഥാപിക്കാന്‍ ലോക രാജ്യങ്ങള്‍ തയ്യാറാകണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ലൈറ്റ് ഓഫ് മദീന ആത്മീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഫലസ്തീന്‍, ഇസ്‌റാഈല്‍ എന്നിവിടങ്ങളില്‍ നിരപരാധികള്‍ ആക്രമിക്കപ്പെടാനും കൊല്ലപ്പെടാനും പാടില്ല. വര്‍ഷങ്ങളായി സ്വയം നിലനില്‍പ്പിന് വേണ്ടി പൊരുതുന്ന ഫലസ്തീനികളെ ഭീകരവാദികളായി ചിത്രീകരിക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന കൊടും ക്രൂരതയാണ്. അഖ്സയുടെ മണ്ണില്‍ സമാധാനം പുലരാനും അവര്‍ക്ക് സന്തോഷ ജീവിതം സാധ്യമാകാനും വിശ്വാസികള്‍ നാളെ ജുമുഅക്ക് ശേഷം പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. കടലുണ്ടി സാദാത്തുക്കളുടെ പിതാവായ സയ്യിദ് അഹ്മദുല്‍ ബുഖാരിയുടെ ആണ്ട് നേര്‍ച്ചയും സംഘടിപ്പിച്ചു. അനുസ്മരണ പ്രഭാഷണം, മദ്ഹ് ഗീതങ്ങള്‍, മൗലിദ് പാരായണം, വിര്‍ദുല്ലത്വീഫ്, ഹദ്ദാദ്, മുള്‌രിയ്യ, സ്വലാത്തുന്നാരിയ, തഹ്‌ലീല്‍, ഖുര്‍ആന്‍ പാരായണം, പ്രാര്‍ഥന എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. പരിപാടിക്ക് എത്തിച്ചേര്‍ന്ന വിശ്വാസികള്‍ക്ക് അന്നദാനം നടത്തി.

സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി, സയ്യിദ് കെ വി തങ്ങള്‍ കരുവന്‍തിരുത്തി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി, എം പി മുഹമ്മദ് ഫൈസില്‍, സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട് സംബന്ധിച്ചു.

 

Latest