International
ഫലസ്തീൻ: ഇസ്‌ലാമിക ലോകം ഒന്നാകണമെന്ന് ഇറാൻ പ്രസിഡന്റ് ഇബ്റാഹീം റൈസി
ഗസ്സയിൽ നടക്കുന്നതിന് നാം ദൈവത്തിന് മുന്നിൽ മറുപടി പറയേണ്ടി വരുമെന്നും റഈസി

റിയാദ് | ഫലസ്തീൻ വിഷയത്തിൽ ഇസ്‌ലാമിക ലോകം ഒറ്റക്കെട്ടായി നിൽക്കണമെന്ന് ഇറാൻ പ്രസിഡന്റ് ഇബ്റാഹീം റഈസി. ഗസ്സക്ക് എതിരായ അന്ധമായ ബോംബാക്രമണം അവസാനിപ്പിക്കാൻ ഇസ്‌ലാമിക ലോകം മുഴുവൻ ഐക്യപ്പെടണമെന്നും ഈ ഐക്യത്തിലൂടെ പ്രശ്‌നം പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. റിയാദിൽ അറബ് ഇസ്‍ലാമിക് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു ഇബ്റാഹീം റഈസി.
യുഎന്നിൽ അമേരിക്ക ഇസ്രായേലിനെ പിന്തുണയ്ക്കുകയും ഫലസ്തീനികളെ കൊല്ലുന്നത് തടയുന്ന പ്രമേയങ്ങൾ വീറ്റോ ചെയ്യുകയും ചെയ്യുന്നു. കൂടുതൽ കൊല്ലാനും കൂടുതൽ ബോംബാക്രമണം നടത്താനും കൂടുതൽ ഷെല്ലുകളിടാനും ഇസ്രായേലിന് ഇത് വഴിയൊരുക്കിയെന്ന് റഈസി പറഞ്ഞു.
ഈ ഉച്ചകോടിയുടെ അവസാനം ഫലസ്തീൻ ജനതയുടെ പ്രയോജനത്തിന് വേണ്ടിയുള്ള ഒരു പ്രമേയത്തിലേക്ക് നമുക്ക് എത്തിച്ചേരാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നാം ചെറുത്തുനിൽപ്പിനെ പിന്തുണയ്ക്കണം, ഫലസ്തീൻ പ്രതിരോധത്തിലെ ഓരോ അംഗത്തിന്റെയും കൈകളും നെറ്റിയും ചുംബിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗസ്സയിൽ നടക്കുന്നതിന് നാം ദൈവത്തിന് മുന്നിൽ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.