Kerala
ഫലസ്തീൻ റാലി: ആര്യാടൻ ഷൗക്കത്തിന് പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിന് കെ പി സി സി വിലക്കേർപ്പെടുത്തി
ആര്യാടൻ ഫൗണ്ടേഷന്റെ പേരിലാണ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആര്യാടൻ ഷൗക്കത്ത് മലപ്പുറത്ത് യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചത്.
തിരുവനന്തപുരം | കെ പി സി സി താക്കീത് അവഗണിച്ച് മലപ്പുറത്ത് ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയ കെ പി സി സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന് കെ പി സി സി വിലക്കേർപ്പെടുത്തി. പാർട്ടി അച്ചടക്കസമിതി യോഗം ചേരുന്നതുവരെയാണ് വിലക്ക്. അതുവരെ പാർട്ടി പരിപാടികളിൽ പങ്കെടുക്കാൻ പാടില്ല. ആര്യാടൻ ഷൗക്കത്തിന് എതിരായ നടപടി അച്ചടക്ക സമിതിയാകും തീരുമാനിക്കുക. ഒരാഴ്ചക്കുള്ളിൽ അച്ചടക്ക സമിതി യോഗം ചേരുമെന്നാണ് അറിയുന്നത്.
ആര്യാടൻ ഫൗണ്ടേഷന്റെ പേരിലാണ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആര്യാടൻ ഷൗക്കത്ത് മലപ്പുറത്ത് യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചത്. നവംബർ രണ്ടിന് റാലി നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി സംഘടന ചുമതലയുള്ള ജന. സെക്രട്ടറി ടി യു രാധാകൃഷ്ണൻ ഷൗക്കത്തിന് കത്ത് നൽകിയിരുന്നു. റാലി വിഭാഗീയ പ്രവർത്തനമാണെന്നും അത് അനുവദിക്കില്ലെന്നുമായിരുന്നു കെ പി സി സി നിലപാട്. എന്നാൽ ഇത് അവഗണിച്ച് ആര്യാടൻ ഷൗക്കത്ത് റാലി നടത്തി. തുടർന്ന് ആര്യാടൻ ഷൗക്കത്തിന് പാർട്ടി കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു.
അതേസമയം, പാർട്ടി നടപടി അംഗീകരിക്കുന്നുവെന്നും കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും ആര്യാടൻ ഷൗക്കത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.