National
ഫലസ്തീന്‍ ഐക്യദാര്‍ഢ്യം: തണ്ണിമത്തന്‍ ആലേഖനം ചെയ്ത ബാഗുമായി പ്രിയങ്ക പാര്‍ലിമെൻ്റിൽ
മനുഷ്യത്വത്തിൻ്റെ പ്രകാശനമെന്ന് കോണ്‍ഗ്രസ്സ് വക്താവ് ശമ മുഹമ്മദ്
ന്യൂഡല്‍ഹി | ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിൻ്റെ ആഗോള അടയാളമായ തണ്ണിമത്തന്‍ ആലേഖനം ചെയ്ത ബാഗുമായി കോണ്‍ഗ്രസ്സ് നേതാവും വയനാട് എം പിയുമായ പ്രിയങ്കാ ഗാന്ധി പാര്‍ലിമെൻ്റിലെത്തി. ബാഗില്‍ ഫലസ്തീന്‍ എന്ന് ഇംഗ്ലീഷില്‍ എഴുതിയിട്ടുമുണ്ട്.
ഈ ബാഗും ധരിച്ച് പാര്‍ലമെൻ്റിൽ പ്രിയങ്ക നില്‍ക്കുന്ന ചിത്രം കോണ്‍ഗ്രസ്സ് വക്താവ് ഷമ മുഹമ്മദ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ‘പ്രത്യേക ബാഗ് ധരിച്ച് പ്രിയങ്കാ ഗാന്ധി ഫലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. മനുഷ്യത്വത്തിൻ്റെ പ്രകാശനം, മാനവികതയുടെയും നീതിയുടെയും പ്രതിബദ്ധത! ജനീവ കണ്‍വെന്‍ഷന്‍ ലംഘിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന അവരുടെ നിലപാട് വ്യക്തമാണ്’ എന്ന കുറിപ്പും ഷമ ചിത്രത്തോടൊപ്പം എക്‌സില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ഫലസ്തീന്‍ നയതന്ത്ര പ്രതിനിധി ആബിദ് എല്‍റാസെഗ് അബി ജാസറുമായി പ്രിയങ്കാ കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വന്തം വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഫലസ്തീനിയന്‍ പോരാട്ടങ്ങള്‍ക്ക് പിന്തുണ അറിയിച്ചായിരുന്നു പ്രിയങ്കാ ഗാന്ധി യുടെ കൂടിക്കാഴ്ച. ഈ സമയത്ത് നയതന്ത്ര പ്രതിനിധി സമ്മാനിച്ച ബാഗാണിതെന്നാണ് സൂചന.