Malappuram
ഫലസ്തീന്‍ അധിനിവേശ വിരുദ്ധ ശബ്ദമാണ് രാജ്യത്തിന്റെ പാരമ്പര്യം: പി ജെ വിന്‍സെന്റ്
ബുഖാരി ദഅവ കോളജ് ആര്‍ട്സ് ഫെസ്റ്റ് കണ്‍സോളിയം '24 ദി ഹാപ്പിനസ് ഫെസ്റ്റിവല്‍ സമാപിച്ചു.
കൊണ്ടോട്ടി | ഫലസ്തീന്‍ അധിനിവേശ വിരുദ്ധ ശബ്ദമാണ് ഇന്ത്യയുടെ പാരമ്പര്യമെന്ന് പ്രമുഖ ചരിത്രകാരനും എഴുത്തുകാരനുമായ പി ജെ വിന്‍സെന്റ്. ബുഖാരി ദഅവ കോളജ് ആര്‍ട്സ് ഫെസ്റ്റ് കണ്‍സോളിയം ’24ന്റെ ഉദ്ഘാടന സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭീകരമായ വഞ്ചനയുടെ ഉദാഹരണമാണ് ഫലസ്തീന്‍ അധിനിവേശം. അതിനെതിരെ ലോകത്ത് നടന്ന എല്ലാ പ്രതിഷേധങ്ങള്‍ക്കും മികച്ച പിന്തുണ അറിയിച്ച ഒരു പാരമ്പര്യം ഇന്ത്യ മഹാരാജ്യത്തിനുണ്ടായിരുന്നു. 1992നു ശേഷമാണ് ആ നിലപാടില്‍ മാറ്റം വന്നത്. ഫാസിസ്റ്റുകളുടെ കടന്നുകയറ്റമാണ് അതിന്റെ പ്രധാന കാരണമെന്നും വിന്‍സെന്റ് പറഞ്ഞു.
ആനന്ദം പ്രമേയമാകുന്ന ഈ വര്‍ഷത്തെ കാമ്പസ് ഫെസ്റ്റ് ‘ദി ഹാപ്പിനെസ്സ് ഫെസ്റ്റിവല്‍’ എന്ന പേരിലാണ് ആഘോഷിച്ചത്. 13 കാമ്പസുകളില്‍ നിന്നായി മുന്നൂറിലേറെ മത്സരങ്ങളില്‍ അറുന്നൂറിലധികം വിദ്യാര്‍ഥികള്‍ മാറ്റുരച്ചു. ആനന്ദം പ്രമേയമാക്കി പോഡ്കാസ്റ്റ് നിര്‍മ്മാണം, ആശയ സംവാദം, കാന്‍വാസ് പെയിന്റിംഗ്, അക്കാദമിക് കോണ്‍ഫറന്‍സ്, ആര്‍ട്ട് മാഗസിന്‍ തുടങ്ങി വ്യത്യസ്തമായ പദ്ധതികള്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്നു.
അബ്ദുന്നാസ്വിര്‍ അഹ്‌സനി ഒളവട്ടൂര്‍, വാസിഅ ബാഖവി കുറ്റിപ്പുറം, സി ആര്‍ കെ മുഹമ്മദ്, ഡോ. അബ്ദുറഹ്മാന്‍ ഹികമി, ടി പി എ ചെറുവാടി, ജാബിര്‍ നെരോത്ത് തുടങ്ങിയ മത സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി. ഫെസ്റ്റിവലില്‍ ടീമുകള്‍ ലിഖാലീവ്‌സ്, ശഫാലൈറ്റ്‌സ്, ഹിറാഹൈറ്റ്‌സ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി.
കാമ്പസ് വിഭാഗം സബ് ജൂനിയറില്‍ ഇമാം ബുഖാരി ദര്‍സ്, ദാറുല്‍ ഫത്തഹ്, യെസൂഖ് ദഅവ കാമ്പസുകളും ജൂനിയറില്‍ ഖാദിസിയ്യ ഫറോക്ക്, ഇമാം ബുഖാരി ദര്‍സ്, ഡി കെയര്‍ എക്‌സ് കാമ്പസുകളും സീനിയറില്‍ ഇമാം ബുഖാരി ദര്‍സ്, രിബാത്തുന്നൂര്‍, മന്‍ഹജുല്‍ ഹിദായ കാമ്പസുകളും ആദ്യ മൂന്നിലെത്തി.
സമാപന സംഗമം അബൂഹനീഫല്‍ ഫൈസി തെന്നലയുടെ അധ്യക്ഷതയില്‍ യെസ് ഇന്ത്യ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഷൗക്കത്ത് ബുഖാരി കാശ്മീര്‍ ഉദ്ഘാടനം ചെയ്തു. മിഖ്ദാദ് ബാഖവി ചുങ്കത്തറ, ഖാലിദ് അഹ്‌സനി ഫറോക്ക്, അബ്ദുറഊഫ് ജൗഹരി ആല്‍പറമ്പ്, അബ്ദുല്‍ അസീസ് സഖാഫി മൂത്തേടം, അബ്ദുല്‍ മാലിക് അഹ്‌സനി കാരാത്തോട്, അബ്ദുറഷീദ് ബുഖാരി പുളിയക്കോട്, സ്വാദിഖലി ബുഖാരി കൊളപ്പുറം സംബന്ധിച്ചു.
കണ്‍സോളിയം 24 ദി ഹാപ്പിനസ്സ് ഫെസ്റ്റിവലില്‍ ചരിത്രകാരന്‍ പി ജെ വിന്‍സെന്റ് മുഖ്യപ്രഭാഷണം നടത്തുന്നു.