From the print
ഫലസ്തീൻ കുട്ടികൾ പഠിക്കുന്നതും ഭയം
ജറൂസലമിലെ ആറ് യു എൻ സ്‌കൂളുകൾ പൂട്ടിക്കുമെന്ന് ഇസ്റാഈൽ ഭീഷണി

ജറൂസലം | ഫലസ്തീൻ അഭയാർഥികളുടെ മാനുഷിക വികസനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന ഐക്യരാഷ്ട്രസഭാ ഏജൻസിയായ യു എൻ ആർ ഡബ്ല്യു എക്ക് കീഴിലുള്ള ആറ് സ്‌കൂളുകൾ ബലമായി അടച്ചുപൂട്ടാൻ ഇസ്‌റാഈൽ. പോലീസ് സാന്നിധ്യത്തിൽ സ്‌കൂളിൽ അതിക്രമിച്ചുകയറി ഇസ്‌റാഈൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സ്‌കൂളുകൾ അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചു. അധിനിവിഷ്ട കിഴക്കൻ ജറൂസലമിനടുത്ത ശുആഫത്ത്, സിൽവാൻ, സൂർ ബാഹിർ, വാദി അൽ ജൂസ് എന്നിവിടങ്ങളിലെ സ്‌കൂളുകളിലാണ് ഉദ്യോഗസ്ഥർ അതിക്രമിച്ചു കയറിയത്.
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇസ്‌റാഈൽ നടത്തിയതെന്ന് യു എൻ ആർ ഡബ്ല്യു എ ഇൻഫർമേഷൻ ഓഫീസ് ആക്ടിംഗ് ഡയറക്ടർ ആബിർ ഇസ്മാഈൽ പറഞ്ഞു. ഫലസ്തീൻ കുട്ടികളുടെ വിദ്യാഭ്യാസം തടയുന്ന നടപടിയാണിത്. ഫലസ്തീൻ പ്രദേശത്ത് കയറിയാണ് അവരുടെ നൂറുകണക്കിന് കുട്ടികളുടെ വിദ്യാഭ്യാസം തടയുമെന്ന് ഭീഷണിപ്പെടുത്തുന്നത്. സ്‌കൂളുകൾ അടച്ചുപൂട്ടിയാൽ അനന്തര ഫലം ഭയാനകരമായിരിക്കും. വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അടിസ്ഥാന അവകാശം നിഷേധിക്കപ്പെടും. ഇത് അവരുടെ കഷ്ടപ്പാടുകൾ വർധിപ്പിക്കുകയും ഭാവി അനിശ്ചിതത്ത്വത്തിലാക്കുകയും ചെയ്യുമെന്ന് ആബിർ ഇസ്മാഈൽ വ്യക്തമാക്കി.
അധിനിവിഷ്ട കിഴക്കൻ ജറൂസലമിൽ യു എൻ ആർ ഡബ്ല്യു എയുടെ പ്രവർത്തനങ്ങൾക്ക് ഈ വർഷം ഇസ്‌റാഈൽ നിരോധമേർപ്പെടുത്തിയിരുന്നു. എന്നാൽ ഫലസ്തീൻ പ്രദേശത്താകെ തങ്ങളുടെ സേവനം തുടരുമെന്ന് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിട്ടുണ്ട്.
58 മരണം
കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസ്സാ മുനമ്പിലാകെ ഇസ്‌റാഈൽ നടത്തിയ ആക്രമണങ്ങളിൽ 58 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ദാർ അൽ ബലാഹിൽ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ 11 പേർ കൊല്ലപ്പെട്ടു. വീട് ലക്ഷ്യമാക്കിയുള്ള ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്.
ദാർ അൽ ബലാഹിലും ഖാൻ യൂനുസിലും ഭക്ഷണ വിതരണ ടെന്റിന് സമീപമുണ്ടായ ആക്രമണത്തിലും നിരവധി പേർ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് ഭക്ഷണം വാങ്ങാനായി ഇവിടെ കൂടിനിന്നിരുന്നത്.
ഹൂതി ആക്രമണം
ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് തെൽ അവീവിലെ ഇസ്‌റാഈൽ സൈനിക കേന്ദ്രം ആക്രമിച്ചതായി യമനിലെ ഹൂതികൾ. ചെങ്കടലിൽ രണ്ട് അമേരിക്കൻ യുദ്ധക്കപ്പലുകളും ആക്രമിച്ചതായി ഹൂതികൾ അവകാശപ്പെട്ടു. അതേസമയം, കിഴക്ക് നിന്ന് ഇസ്‌റാഈൽ അതിർത്തിയിലേക്ക് വന്ന ഒരു ഡ്രോൺ തടഞ്ഞതായി ഇസ്‌റാഈൽ സൈന്യം അവകാശപ്പെട്ടു.