Connect with us

From the print

ഫലസ്തീൻ സ്വാതന്ത്ര്യം: ശബ്ദമുയരുന്നത് പ്രതീക്ഷാജനകം- അംബാസിഡർ അദ്നാൻ അബുൽ ഹൈജ

ഈ പോരാട്ടത്തിന് ഇന്ത്യൻ ജനത പ്രത്യേകിച്ച് കേരളക്കാർ നൽകുന്ന പിന്തുണ ശ്രദ്ധേയമാണ്

Published

|

Last Updated

കോഴിക്കോട് | ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർഥികളുടെയും യുവജനങ്ങളുടെയും മറ്റും നേതൃത്വത്തിൽ ഫലസ്തീൻ സ്വാതന്ത്ര്യത്തിന് ശബ്ദമുയരുന്നത് പ്രതീക്ഷാജനകമെന്ന് ഇന്ത്യയിലെ ഫലസ്തീൻ അംബാസിഡർ അദ്‌നാൻ അബുൽ ഹൈജ. ജാമിഅ മർകസിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ച ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫലസ്തീനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ അത്യാവശ്യമാണ്. ഇക്കാര്യത്തിൽ ലോകരാഷ്ട്രങ്ങൾ കൂടുതൽ ഉണർന്ന് പ്രവർത്തിക്കണം. ലോക മുസ്‌ലിംകളുടെ പ്രതീക്ഷയായ മസ്ജിദുൽ അഖ്‌സ തകർക്കാനാണ് ഇസ്‌റാഈൽ ശ്രമം. നിലവിൽ രാവിലെ 7.30 മുതൽ 11 വരെ വിശ്വാസികളെ അഖ്‌സയിലേക്ക് പ്രവേശിപ്പിക്കുന്നില്ല.
യുദ്ധം തുടരുകയെന്നത് ഇസ്‌റാഈലിന്റെ താത്പര്യമാണ്. ഫലസ്തീൻ ഒരിക്കലും യുദ്ധം നീട്ടിക്കൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ല. ഫലസ്തീൻ ജനതക്ക് മേൽ ഇസ്‌റാഈലിന്റെ കൂട്ടക്കുരുതി തുടരുകയാണ്. മുഴുവൻ ഫലസ്തീനികളെയും മറ്റ് രാജ്യങ്ങളിലേക്ക് ആട്ടിപ്പായിക്കുകയാണ് ലക്ഷ്യം. തന്റെ സഹോദരങ്ങൾ പോലും ജോർദാനിലെ അഭയാർഥി ക്യാമ്പുകളിൽ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു.

അഭയാർഥി ക്യാമ്പിലാണ് താൻ വളർന്നത്. മാതാവ് അടക്കമുള്ളവർ കിലോമീറ്ററുകളോളം നടന്ന് കുടിവെള്ളം തലയിലേറ്റി കൊണ്ടുവരുന്നത് ഇപ്പോഴും ഓർമയിലുണ്ട്. ഇസ്‌റാഈൽ അധിനിവേശത്തിനെതിരെ ഫലസ്തീനികൾ ഒറ്റക്കെട്ടായാണ് പൊരുതുന്നത്.
ഈ പോരാട്ടത്തിന് ഇന്ത്യൻ ജനത പ്രത്യേകിച്ച് കേരളക്കാർ നൽകുന്ന പിന്തുണ ശ്രദ്ധേയമാണ്. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച ആദ്യ അറബിതര രാജ്യമാണ് ഇന്ത്യ. ഫലസ്തീനെ അംഗീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണം വർധിക്കുകയാണ്. രണ്ട് മാസത്തിനകം അഞ്ച് കരീബിയൻ രാജ്യങ്ങളും ഫലസ്തീനെ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭയിൽ ഫലസ്തീന് അംഗത്വം നൽകുന്നതിൽ യു എസ് അടക്കമുള്ള രാജ്യങ്ങൾ വിയോജിപ്പ് പ്രകടിപ്പിച്ചപ്പോൾ ഇന്ത്യ അനുകൂലിച്ച് വോട്ട് ചെയ്തതിനെയും അംബാസിഡർ അബുൽ ഹൈജ പ്രശംസിച്ചു.

അംബാസിഡർ
ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു
കോഴിക്കോട് | ഫലസ്തീൻ അംബാസിഡർ അദ്‌നാൻ അബുൽ ഹൈജ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ ജാമിഅ മർകസിൽ സന്ദർശിച്ചു.
ഫലസ്തീനികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ നടന്ന വിവിധ ഐക്യദാർഢ്യ റാലികളും ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് വേണ്ടി ഇവിടത്തെ പള്ളികളിലും മറ്റും നടക്കുന്ന പ്രാർഥനയും നന്ദിപൂർവം സ്മരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ക്വാലാലംപൂരിൽ നടന്ന ഏഷ്യൻ മതനേതാക്കളുടെ സമ്മേളനത്തിൽ ഫലസ്തീൻ വിഷയം ഉന്നയിച്ചതിനും നേരത്തേ, ഫലസ്തീന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിന് വിവിധ സർക്കാറുകളിൽ ഇടപെടൽ നടത്തിയതിനും കാന്തപുരത്തിന് അംബാസിഡർ പ്രത്യേക കൃതജ്ഞത അറിയിച്ചു.
ലോക മുസ്‌ലിംകളുടെ പ്രതീക്ഷയായ മസ്ജിദുൽ അഖ്‌സയിൽ വിശ്വാസികൾക്ക് സദാസമയവും പ്രാർഥന നടത്താനുള്ള സൗകര്യം ലഭ്യമാക്കുന്നതിന് പ്രാർഥനയും പിന്തുണയുമുണ്ടാകണമെന്ന് അദ്ദേഹം കാന്തപുരത്തോട് അഭ്യർഥിച്ചു.
പഴയ കാലം മുതൽ തന്നെ ഇന്ത്യൻ ഭരണകൂടവും ജനതയും ഫലസ്തീനികൾക്കൊപ്പമാണെന്ന് കാന്തപുരം പറഞ്ഞു.
കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, ഇൻഡോ- അറബ് മിഷൻ സെക്രട്ടറി ഡോ. അമീൻ മുഹമ്മദ് സഖാഫി കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Latest