From the print
കരഞ്ഞുകലങ്ങിയ കണ്ണുമായി ഫലസ്തീനികൾക്ക് ഇന്ന് ഈദുൽ ഫിത്വർ
ഒരുകാലത്ത് അലങ്കാരങ്ങളാൽ നിറഞ്ഞതും കളിചിരിയാൽ മുഴുകി വർണ വസ്ത്രങ്ങളണിഞ്ഞ് ഓടിനടക്കുന്ന കുട്ടികളാൽ നിറഞ്ഞതുമായ ഗസ്സാ തെരുവുകൾ ഇന്ന് ആക്രമണത്താൽ തകർന്ന കോൺക്രീറ്റ് മാലിന്യങ്ങളാൽ നിറഞ്ഞിരിക്കുകയാണ്.

ഗസ്സ | 2023 ഒക്‌ടോബർ ഏഴിന് ഇസ്‌റാഈൽ ആക്രമണം ആരംഭിച്ചത് മുതൽ ഗസ്സയിൽ ഇന്ന് രണ്ടാമത്തെ ഈദുൽ ഫിത്വർ. ജറൂസലം ഗ്രാൻഡ് മുഫ്തി ശൈഖ് മുഹമ്മദ് ഹുസൈൻ ആണ് ഈദുൽ ഫിത്വർ പ്രഖ്യാപനം നടത്തിയത്. വിശുദ്ധ റമസാനിൽ വെടിനിർത്തലോടെ സമാധാനപരമായി നോമ്പ് അനുഷ്ഠിക്കാമെന്ന് വിശ്വാസികൾ പ്രതീക്ഷിച്ചെങ്കിലും വാക്ക് പാലിക്കാതെ കനത്ത ആക്രമണമാണ് ഇസ്‌റാഈൽ നടത്തിയത്. ഒരുകാലത്ത് അലങ്കാരങ്ങളാൽ നിറഞ്ഞതും കളിചിരിയാൽ മുഴുകി വർണ വസ്ത്രങ്ങളണിഞ്ഞ് ഓടിനടക്കുന്ന കുട്ടികളാൽ നിറഞ്ഞതുമായ ഗസ്സാ തെരുവുകൾ ഇന്ന് ആക്രമണത്താൽ തകർന്ന കോൺക്രീറ്റ് മാലിന്യങ്ങളാൽ നിറഞ്ഞിരിക്കുകയാണ്.
പെരുന്നാൾ ദിനത്തിൽ ഭക്ഷണം പാകം ചെയ്യാനുള്ള പലചരക്ക് സാധനങ്ങളും പരമ്പരാഗത മധുരപലഹാരങ്ങളുണ്ടാക്കാൻ പഞ്ചസാരയും മാവും വാങ്ങാൻ പോലും ഗസ്സയിലെ കൂടാരങ്ങളിൽ കഴിയുന്ന ഫലസ്തീനികൾക്കാകുന്നില്ല.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് 19 ലക്ഷം ഫലസ്തീനികളെയാണ് ഗസ്സയിൽ നിന്ന് കുടിയിറക്കിയത്. ജനസംഖ്യയുടെ 90 ശതമാനമാണിത്. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കാണാതെ താത്കാലിക കൂടാരങ്ങളിൽ ഭീതിയോടെ പെരുന്നാൾ ദിനവും കടന്നുപോകുമെന്ന സങ്കടത്തിൽ കണ്ണീർവാർക്കുകയാണവർ.
ഗസ്സാ നഗരത്തിന് പടിഞ്ഞാറ് അൽ ശാത്വി അഭയാർഥി ക്യാമ്പിൽ കീറിപ്പറിഞ്ഞ തുണികളാലുണ്ടാക്കിയ കൂടാരത്തിന് പുറത്തിരുന്ന് കരഞ്ഞ് കണ്ണ് കലങ്ങിയ തന്റെ കുഞ്ഞിനെ ആശ്വസിപ്പിക്കുകയാണ് 29കാരിയായ സൗദ് അബു ഷഹ്‌ല. 2024ൽ അൽ മവാസിയിൽ നടത്തിയ ബോംബാക്രമണത്തിൽ, നാല് കുഞ്ഞുങ്ങളുടെ ഉമ്മയായ ഷഹ്‌ലയുടെ വീടും തകർന്നു. “ഗസ്സയിൽ ഈദിന് അതിന്റെ പൊരുൾ നഷ്ടപ്പെട്ട’തായി ഷഹ്‌ല പറഞ്ഞു.
ഇസ്‌റാഈൽ ആക്രമണത്തിന് മുമ്പ് ഞങ്ങൾ കുട്ടികൾക്ക് വസ്ത്രങ്ങൾ വാങ്ങുകയും മധുരപലഹാരങ്ങളുണ്ടാക്കി എല്ലാവർക്കും കൊടുക്കുകയും ചെയ്യുമായിരുന്നു. ഇപ്പോൾ റൊട്ടി വാങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാണ്. എന്റെ കുട്ടികൾ എന്നോട് ചോദിക്കുന്നു, ഞങ്ങൾക്ക് പുതുവസ്ത്രങ്ങൾ ലഭിക്കുമോ? നമ്മൾ വീട്ടിലേക്ക് മടങ്ങുമോ? പക്ഷേ, എനിക്ക് ഉത്തരമില്ല.- ഷഹ്‌ല നെടുവീർപ്പിട്ടു.