From the print
പാലിയേക്കര ടോള്‍ പ്ലാസ: കരാര്‍ കമ്പനി 125 കോടിയുടെ വെട്ടിപ്പ് നടത്തിയെന്ന് ഇ ഡി
ഇടപാടുകള്‍ മരവിപ്പിച്ച് ബേങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും കത്ത് നല്‍കി.
കൊച്ചി | പാലിയേക്കര ടോള്‍ പ്ലാസയില്‍ ദേശീയപാത നിര്‍മാണം പൂര്‍ത്തിയാക്കാതെ ടോള്‍ പിരിക്കാന്‍ അനുമതി നല്‍കിയതിലും ബസ് ബേകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാതെ പരസ്യം സ്ഥാപിക്കാന്‍ അനുവാദം നല്‍കി പണം പിരിച്ചതിലും നടന്ന ക്രമക്കേടുകളിലൂടെ റോഡ് നിര്‍മാണ കമ്പനി 125.21 കോടി രൂപ അനര്‍ഹമായി സമ്പാദിച്ചെന്ന് കണ്ടെത്തിയതായി ഇ ഡി.
125.21 കോടി രൂപയുടെ ഇടപാടുകള്‍ മരവിപ്പിച്ചു. ഇത് സംബന്ധിച്ച് ബേങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും കത്ത് നല്‍കി. ടോള്‍ വഴി പിരിഞ്ഞുകിട്ടിയ തുക കരാര്‍ കമ്പനിയായ കൊല്‍ക്കത്ത ആസ്ഥാനമായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് നിക്ഷേപിച്ചത് മ്യൂച്വല്‍ ഫണ്ടുകളിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. അഴിമതിക്ക് കൂട്ടുനിന്ന പാലക്കാട്ടെ ദേശീയപാത ഉദ്യോഗസ്ഥരെക്കുറിച്ചും അന്വേഷണം നടത്തുകയാണെന്നും ഇ ഡി അറിയിച്ചു.
മണ്ണുത്തി ഇടപ്പള്ളി ദേശീയ പാത നിര്‍മാണം ഏറ്റെടുത്ത ജി ഐ പി എല്‍ കമ്പനിയുടെ പാലിയേക്കരയിയിലെ ഓഫീസില്‍ കഴിഞ്ഞ ചൊവ്വാഴ്ച നടത്തിയ റെയ്ഡിലാണ് ക്രമക്കേട് കണ്ടെത്തിയത്. ദേശീയപാത നിര്‍മാണം ഏറ്റെടുത്ത് നടത്തിയ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്, പങ്കാളിയായ ഭാരത് റോഡ് നെറ്റ്്വര്‍ക് ലിമിറ്റഡ് എന്നിവര്‍ ഉദ്യോഗസ്ഥ ഒത്താശയോടെ 102 കോടിയുടെ ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണം നടന്നു വരികയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കമ്പനികളുടെ പാലിയേക്കര, കൊല്‍ക്കത്ത ഓഫീസുകളില്‍ കഴിഞ്ഞ ദിവസം ഇ ഡി പരിശോധന നടത്തിയത്. 2006 മുതല്‍ 2016 വരെയുള്ള റോഡ് നിര്‍മാണത്തില്‍ 102.44 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തിയത്.
ആരോപണവിധേയരായ കമ്പനിയും സബ് കോണ്‍ട്രാക്ടറായ ഹൈദരാബാദിലെ കെ എം സി കണ്‍സ്ട്രക്്ഷന്‍സ് ലിമിറ്റഡും എന്‍ എച്ച് എ ഐ ഉദ്യോഗസ്ഥരും പ്രൊജക്ട് ഇന്‍ഡിപെന്‍ഡന്റ് എന്‍ജിനീയറും വഴിവിട്ട രീതിയില്‍ റോഡ് പദ്ധതിയുടെ പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് നേടി പൊതുജനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കാന്‍ തുടങ്ങിയെന്ന് ഇ ഡി പറയുന്നു.
ബസ് ബേകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാതെ പരസ്യ ഇടം വിട്ടുകൊടുത്തും കമ്പനി അനധികൃതമായി വരുമാനം ഉണ്ടാക്കി. ഇതടക്കമാണ് മൊത്തം 125.21 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. പി എം എല്‍ എ ആക്ടിന്റെ 17-1 എ വകുപ്പ് പ്രകാരമാണ് 125.21 കോടി രൂപക്കുള്ള കരാര്‍ കമ്പനിയുടെ ബേങ്ക് ബാലന്‍സും ഫിക്‌സഡ് ഡെപ്പോസിറ്റുകളും ഇ ഡി മരവിപ്പിച്ചിരിക്കുന്നത്.