ek samastha- cic controversy
പാണക്കാട് തങ്ങൻമാരെയും 'സമസ്ത'യെയും വെല്ലുവിളിക്കുന്നു; സി ഐ സിക്കെതിരെ രൂക്ഷ വിമർശവുമായി ആലിക്കുട്ടി മുസ്‌ലിയാർ
പരിഷ്‌കാര നടപടികൾ തുടരുമെന്നും പ്രശ്‌നങ്ങൾ പരിഹരിക്കാൻ സി ഐ സിക്ക് സ്വന്തം സംവിധാനമുണ്ടെന്നും "സമസ്ത' യോട് സി ഐ സിക്ക് സംഘടനാ ബന്ധമില്ലെന്നും സെക്രട്ടറി അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
കോഴിക്കോട് | സി ഐ സിയെ “സമസ്ത’യിൽ നിന്ന് അറുത്തുമാറ്റിയെന്നും ബിദഇ ആശയക്കാർക്ക് പിടിച്ചടക്കാൻ പറ്റും വിധം ഭരണഘടനയിൽ മാറ്റം വരുത്തിയെന്നും പാണക്കാട് തങ്ങൻമാരെയും”സമസ്ത’ നേതാക്കളെയും സി ഐ സി സെക്രട്ടറി ഹകീം ഫൈസി ആദൃശ്ശേരി വെല്ലുവിളിക്കുകയാണെന്നുമുള്ള രൂക്ഷ വിമർശവുമായി ഇ കെ വിഭാഗം “സമസ്ത’ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ. വഫിയ്യ കോഴ്‌സ് പൂർത്തിയാകുന്നതിന് മുമ്പ് വിവാഹം നടത്തിയ ചില പെൺകുട്ടികളെ പുറത്താക്കുകയും തുടർ പഠനം നിഷേധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിയമം തിരുത്തണമെന്നാവശ്യപ്പെട്ട് “സമസ്ത’ ഇടപെട്ടതെന്ന് ആലിക്കുട്ടി മുസ്‌ലിയാർ പ്രത്യേക കുറിപ്പിൽ വ്യക്തമാക്കി. ഇത് സംബന്ധിച്ച് മർഹൂം പാണക്കാട് ഹൈദരലി തങ്ങൾ ആവശ്യപ്പെട്ടിട്ടു പോലും ഹകീം ഫൈസി അംഗീകരിച്ചില്ല.
“സമസ്ത’ക്ക് സി ഐ സിയിലുണ്ടായിരുന്ന അധികാരം മുഖവിലക്കെടുത്താണ് ഇത്തരത്തിലുള്ള ഉപദേശത്തിന് “സമസ്ത’ തുനിഞ്ഞതെന്നും പിന്നീട് ഭരണഘടനയിൽ നിന്ന് “സമസ്ത’ യുടെ അധികാരങ്ങൾ എടുത്ത് ഒഴിവാക്കാനാണ് ഹകീം ഫൈസി ശ്രമിച്ചതെന്നും കുറിപ്പിൽ പറയുന്നു. “സമസ്ത’യുമായി ബന്ധം അറുത്തുമാറ്റുന്നതിന്റെ ഭാഗമായി ഭരണഘടനയിലെ ചില ഭാഗങ്ങൾ ഒഴിവാക്കുകയും ഭാവിയിൽ ബിദഈ ആശയക്കാർ ഉൾപ്പെടെ ആർക്കും നേതൃത്വം നൽകാനും സി ഐ സി പിടിച്ചടക്കാനും സാധിക്കുംവിധം മാറ്റം വരുത്തുകയും ചെയ്തു. “സമസ്ത’ പ്രസിഡന്റിനെ അഡ്വൈസറി ബോർഡിൽ നിന്ന് മാറ്റരുതെന്ന് പാണക്കാട് അബ്ബാസലി തങ്ങൾ പോലും പറഞ്ഞെങ്കിലും ഹകീം ഫൈസി അംഗീകരിച്ചില്ല.
വാഫി കോളജുകളുടെ നിയന്ത്രണം കൈക്കലാക്കാൻ ഹകീം ഫൈസി വളരെ മുമ്പ് തന്നെ ചരടുവലികൾ തുടങ്ങിയിട്ടുണ്ട്. വളാഞ്ചേരി മർകസിന്റെ ഉത്പന്നമായ വാഫി കോഴ്‌സ് എങ്ങനെയാണ് മർകസിൽ നിന്ന് പുറത്ത് പോയതെന്നും കുറിപ്പിൽ ചോദിക്കുന്നു. വളാഞ്ചേരി മർകസിൽ ഹകീം ഫൈസി പ്രിൻസിപ്പലായ അവസരത്തിൽ വാഫി സിലബസ് പിന്തുടരുന്ന മറ്റു ചില കോളജുകളെ കൂട്ടി കോ-ഓർഡിനേഷൻസ് ഓഫ് ഇസ്ലാമിക് കോളജസ് എന്നൊരു കമ്മിറ്റിയുണ്ടാക്കുകയും താൻ ജനറൽ സെക്രട്ടറിയായി ഒരു ഭരണഘടന രജിസ്റ്റർ ചെയ്യുകയുമായിരുന്നു. തുടർന്ന് വാഫികൾക്ക് ബിരുദം നൽകേണ്ടിവന്നപ്പോൾ അത് സി ഐ സിയുടെ പേരിലാക്കണമെന്ന് ഹകീം ഫൈസി ശഠിച്ചുവെങ്കിലും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അനുമതി നൽകിയില്ല. പക്ഷേ, ഈ തീരുമാനം ലംഘിച്ചാണ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്. തുടർന്ന് ഹൈദരലി ശിഹാബ് തങ്ങൾ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും മറുപടി നൽകിയില്ല. പാണക്കാട് തങ്ങന്മാരെയും “സമസ്ത’ നേതാക്കളെയും മാനിക്കാതെ നിരന്തരം മുന്നോട്ട് പോവുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് വേണ്ടി വാഫി-വഫിയ്യ സംവിധാനം തകർക്കണോ എന്ന ചോദ്യത്തോടെയാണ് ആലിക്കുട്ടി മുസ്‌ലിയാരുടെ കുറിപ്പ് അവസാനിക്കുന്നത്.
അതിനിടെ, വാഫി, വഫിയ്യ ബിരുദ കോളജുകളുടെ കോ-ഓർഡിനേഷൻ സമിതിയോട് (സി ഐ സി ) ബന്ധം വിച്ഛേദിച്ച സമസ്ത ഇ കെ വിഭാഗത്തിന് മറുപടി നൽകി സി ഐ സി. പരിഷ്‌കാര നടപടികൾ തുടരുമെന്നും പ്രശ്‌നങ്ങൾ പരിഹരിക്കാൻ സി ഐ സിക്ക് സ്വന്തം സംവിധാനമുണ്ടെന്നും “സമസ്ത’ യോട് സി ഐ സിക്ക് സംഘടനാ ബന്ധമില്ലെന്നും സെക്രട്ടറി അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ഇ കെ വിഭാഗം “സമസ്ത’ ഉന്നയിച്ച ഓരോ വിഷയങ്ങളും പ്രത്യേകം എടുത്തുകാട്ടിയാണ് മറുപടിക്കുറിപ്പ്. വിവാഹം വിദ്യാഭ്യാസത്തിന് ശേഷം മാത്രമേ പാടുള്ളൂ എന്ന സി ഐ സിയുടെ നിബന്ധനക്കെതിരെ ശക്തമായി രംഗത്തുവന്ന “സമസ്ത’ ക്ക് കുറിപ്പിൽ മറുപടിയുണ്ട്. വിദ്യാഭ്യാസത്തിനുവേണ്ടി വിവാഹം വൈകിപ്പിക്കുന്നത് ശറഇനു (മത നിയമം) വിരുദ്ധമല്ലെന്നും അത് മഹാന്മാരായ ഇമാമുകൾ ചെയ്തിട്ടുണ്ടെന്നും ഹകീം ഫൈസി മുശാവറ (പണ്ഡിത സഭ)യെ ഓർമപ്പെടുത്തുന്നു.
“സമസ്ത’ പ്രസിഡന്റ് സി ഐ സി ഉപദേശക സമിതി അംഗമാകണമെന്ന നിബന്ധന ഒഴിവാക്കിയതിനെ കുറിച്ച്, മന്ത്രിയാകാൻ എം എൽ എ ആകണമല്ലോ എന്നായിരുന്നു മറുചോദ്യം. ഉപദേശക സമിതി അംഗത്തെ നിശ്ചയിക്കാനുള്ള അധികാരം ജനറൽ ബോഡിക്കാണെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. സി ഐ സി സെനറ്റ്, സിൻഡിക്കേറ്റ് അംഗങ്ങളിലെ വനിതാ പ്രാതിനിധ്യത്തെ ചോദ്യം ചെയ്ത “സമസ്ത’യോട് 36 വഫിയ്യ സ്ഥാപനങ്ങളുള്ള ഈ കുടുംബം വനിതകളെ എങ്ങനെ അവഗണിക്കുമെന്നും എല്ലാവരും ഇസ്‌ലാമിക നിയമങ്ങൾ പാലിക്കണമെന്നല്ലേയുള്ളൂവെന്നും മറുപടി നൽകുന്നു അദ്ദേഹം. ഏതെങ്കിലും സ്ഥാപനങ്ങൾ ഇനിയും സി ഐ സിയുമായി ബന്ധം തുടരുകയാണെങ്കിൽ അത്തരം സ്ഥാപനങ്ങളുമായി “സമസ്ത’ക്ക് ബന്ധം ഉണ്ടായിരിക്കില്ലെന്ന “സമസ്ത’യുടെ മുന്നറിയിപ്പിനോട് വിദ്യാർഥി- വിദ്യാർഥിനികൾക്ക് സ്വാഭാവിക മനുഷ്യാവകാശങ്ങളുണ്ടെന്ന താക്കീതോടെയാണ് ഹകീം ഫൈസിയുടെ പോസ്റ്റ് അവസാനിക്കുന്നത്.
സി ഐ സിയുമായി സംഘടനാ ബന്ധം വിച്ഛേദിച്ചുകൊണ്ട് ഈ മാസം എട്ടിനാണ് “സമസ്ത’ഇ കെ വിഭാഗം മുശാവറ യോഗം തീരുമാനമെടുത്തത്. തുടർന്ന് ചേളാരിയിൽ ചേർന്ന വാഫി, വഫിയ്യ സ്ഥാപന ഭാരവാഹികളുടെ യോഗത്തിൽ ഈ തീരുമാനം അവതരിപ്പിക്കുകയും ചെയ്തിരുന്നു.