Connect with us

Kerala

പനയമ്പാടം സ്ഥിരം അപകട മേഖല; അപകടക്കെണിയൊരുക്കുന്നത് അശാസ്ത്രീയ റോഡ് നിർമാണമെന്ന് നാട്ടുകാർ

ഇവിടെ ഇതുവരെ 55 അപകടങ്ങൾ നടന്നതായി കോങ്ങാട് എംഎൽഎ കെ. ശാന്തകുമാരി നിയമസഭയിൽ പറഞ്ഞിരുന്നു

Published

|

Last Updated

പാലക്കാട് | നാല് വിദ്യാർഥിനികളുടെ അതിദാരുണമായ മരണത്തിനിടയാക്കിയ കല്ലടിക്കോട് ദുരന്തത്തിൽ വിറങ്ങലിച്ച് നാട്ടുകാർ. അപകടമുണ്ടായ പനയമ്പാടം സ്ഥിരമായി അപകടങ്ങൾ നടക്കുന്ന സ്ഥലമാണെന്ന് നാട്ടുകാർ പറയുന്നു. റോഡിന്റെ അശാസ്ത്രീയ നിർമാണമാണ് അപകടങ്ങൾക്ക് ഇടയാക്കുന്നതെന്ന് കാണിച്ച് പ്രദേശത്ത് നാട്ടുകാർ പ്രതിഷേധിച്ചു. പലവട്ടം ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും പരിഹാരം ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

കല്ലടിക്കോട് കരിമ്പ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന അഞ്ച് വിദ്യാർഥിനികളുടെ ദേഹത്തേക്ക് സിമന്റ് കയറ്റി വന്ന ലോറി മറിയുകയായിരുന്നു. നാല് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ലോറിയുടെ അപകടകരമായ വരവ് ശ്രദ്ധയിൽപെട്ട വിദ്യാർഥിനി ഓടിമാറിയതാണ് രക്ഷപ്പെടാൻ വഴിയൊരുക്കിയത്.

മഴ പെയ്തതിനെ തുടർന്ന് റൊഡിൽ നിന്ന് തെന്നിമാറിയതാണ് ലോറി അപകടത്തിൽപെടാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവർ മദ്യപിച്ചിരുന്നോ ഇല്ലയോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ച് വരികയാണ്.

പാലക്കാട് കരിമ്പാ പഞ്ചായത്തിലാണ് അപകടം നടന്ന പനയമ്പാടം പ്രദേശം. റോഡിലെ ഇറക്കവും വളവുമാണ് അപകടത്തിന് ഇടയാക്കുന്നത്. പതിവായി അപകടങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇവിടെ റോഡിന്റെ വീതി കൂട്ടിയെങ്കിലും അപടങ്ങൾക്ക് കുറവുണ്ടായില്ല. ഇവിടെ ഇതുവരെ 55 അപകടങ്ങൾ നടന്നതായി കോങ്ങാട് എംഎൽഎ കെ. ശാന്തകുമാരി നിയമസഭയിൽ പറഞ്ഞിരുന്നു. 2022 വരെയുള്ള കണക്ക് പ്രകാരം 7 പേർ മരിച്ചു. 65 പേർക്കാണ് പരുക്കേറ്റതെന്നും എംഎൽഎ അന്ന് നിയമസഭയിൽ അറിയിച്ചു.

 

Latest