Connect with us

Kerala

നാടിന്റെ നൊമ്പരമായി നാല് പേര്‍; പനയമ്പാടം വാഹനാപകടത്തില്‍ മരിച്ച വിദ്യാര്‍ഥിനികളുടെ ഖബറടക്കം ഇന്ന്

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ രാവിലെ 5.30 ഓടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

Published

|

Last Updated

പാലക്കാട് |  പനയമ്പാടത്ത് സിമന്റ് ലോറി ദേഹത്തേക്ക് ലോറി മറിഞ്ഞ് മരിച്ച നാല് സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ ഖബറടക്കം ഇന്ന് നടക്കും. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ രാവിലെ 5.30 ഓടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രാവിലെ എട്ടര മുതല്‍ തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വയ്ക്കും. പിന്നീട് 10.30 ന് തുപ്പനാട് ജുമാ മസ്ജിദില്‍ ഖബറടക്കും.വിദ്യാര്‍ത്ഥികളുടെ മൃതദേഹം വീടുകളിലെത്തിച്ചപ്പോള്‍ കണ്ടത് ഹൃദയഭേദകമായ കാഴ്ച്ചകളായിരുന്നു. മാതാപിതാക്കളേയും സുഹൃത്തുക്കളേയും ആശ്വസിപ്പിക്കാന്‍ ആര്‍ക്കും കഴിയാത്ത സ്ഥിതിയായിരുന്നു. വിദ്യാര്‍ഥിനികളുടെ മൃതദേഹങ്ങള്‍ക്കരികില്‍ അലമുറയിട്ടു കരയുന്ന സഹപാഠികളുടെ ദു:ഖം നൊമ്പരക്കാഴ്ചയായി മാറി

വിദ്യാര്‍ഥിനികള്‍ പഠിച്ചിരുന്ന കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കില്ല. സ്‌കൂളിനു ഇന്ന് അവധി പ്രഖ്യാപിച്ചു. സ്‌കൂളില്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.

ഇന്നലെ വൈകിട്ട് പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ഥിനികള്‍ വീട്ടിലേക്കു മടങ്ങാന്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വിദ്യാഥിനികളുടെ നേരെ പാഞ്ഞു കയറുകയായിരുന്നു. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ആയിഷ, ഇര്‍ഫാന, റിദ, നിദ എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ലോറി ഡ്രൈവര്‍ മഹേന്ദ്ര പ്രസാദ്, ക്ലീനര്‍ വര്‍ഗീസ് എന്നിവരുടെ മൊഴി കല്ലടിക്കോട് പോലീസിന്റെ നേതൃത്വത്തില്‍ രേഖപ്പെടുത്തും. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും റോഡില്‍ തെന്നലുണ്ടായിരുന്നുവെന്നുമാണ് ഡ്രൈവറുടെ മൊഴി. അപകടമുണ്ടാക്കിയ ലോറിക്ക് എതിരെ വന്ന വാഹന ഉടമയെയും പോലീസ് വിശദമായി ചോദ്യം ചെയ്യും.

Latest