Kerala
ആനയിറങ്കല്‍ ജലാശയത്തില്‍ പഞ്ചായത്ത് അംഗം മുങ്ങി മരിച്ചു; സുഹൃത്തിനായി തിരച്ചില്‍
കുളിക്കാന്‍ ഇറങ്ങിയ ഇരുവരെയും ഇന്നലെയാണ് കാണാതായത്

ഇടുക്കി | രാജകുമാരി പഞ്ചായത്ത് അംഗം ആനയിറങ്കല്‍ ജലാശയത്തില്‍ മുങ്ങി മരിച്ചു. ആറാം വാര്‍ഡ് കോണ്‍ഗ്രസ്സ് അംഗമായ തച്ചമറ്റത്തില്‍ ജെയ്‌സന്‍ (42) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബിജു മോളെക്കുടി (50)ക്കായി തിരച്ചില്‍ തുടരുന്നു.
ഇന്നലെ വൈകിട്ട് ആറോടെയാണ് ജെയ്സനെയും ബിജുവിനെയും കാണാതായത്. ഇവര്‍ മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ആനയിറങ്കല്‍ ഡാമിന്റെ പരിസരത്ത് എത്തുകയും ഡാമിന്റെ വാച്ചര്‍ വെള്ളത്തില്‍ ഇറങ്ങാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് തിരികെ പോരുകയുമായിരുന്നു. പിന്നീട് പൂപ്പാറയില്‍ തിരികെ എത്തിയ ഇവര്‍ ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെയും അവിടെ ഇറക്കി വിട്ട ശേഷം തമിഴ്‌നാട് പോവുകയാണെന്ന് പറഞ്ഞ് വീണ്ടും ആനയിറങ്കലിലേക്ക് പോയി. തുടര്‍ന്ന് കുളിക്കാന്‍ ഇറങ്ങിയ ഇരുവരെയും കാണാതാവുകയായിരുന്നു.
ഇന്ന് രാവിലെ തേയില നുള്ളാന്‍ വന്ന തൊഴിലാളികളാണ് ഡാമിന്റെ സമീപത്ത് വാഹനവും മൊബൈലും ചെരുപ്പും കണ്ടത്. ഡാം സെക്യുരിറ്റി ജീവനക്കാരെ വിവരം അറിയിച്ചു. മൂന്നാര്‍ ഫയര്‍ ഫോഴ്സാണ് മൃതദേഹം കണ്ടെത്തിയത്.