Connect with us

Kerala

മധ്യസ്ഥ ചര്‍ച്ചക്കിടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ച കേസ്; രണ്ടു പേര്‍ കസ്റ്റഡിയില്‍

കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

Published

|

Last Updated

കൊല്ലം| പാലോലിക്കുളങ്ങരയില്‍ മധ്യസ്ഥ ചര്‍ച്ചക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ മര്‍ദനമേറ്റ് തൊടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം നേതാവുമായ സലീം മണ്ണേല്‍ മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ പോലീസ് കസ്റ്റഡിയില്‍. തേവലക്കര സ്വദേശി മുഹമ്മദ് ഷാ, കോയിവിള സ്വദേശി യൂസുഫ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കേസില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

ദാമ്പത്യ പ്രശ്‌നത്തില്‍ മധ്യസ്ഥ ചര്‍ച്ച നടത്തുന്നതിനിടെയായിരുന്നു സംഘര്‍ഷം. വെള്ളിയാഴ്ച വൈകിട്ട് പാലോലിക്കുളങ്ങര ജമാഅത്തിലെ ഒരു യുവാവും മറ്റൊരു ജമാഅത്തില്‍ പെട്ട യുവതിയും തമ്മിലുളള പ്രശ്നം ഒത്തുതീര്‍പ്പാക്കാനായി ചര്‍ച്ച നടത്തവേയാണ് സംഘര്‍ഷം ഉണ്ടായത്. യുവതിയുടെ ബന്ധുക്കളാണ് പോലീസ് കസ്റ്റഡിയിലുള്ളത്. മഹല്‍ സെക്രട്ടറി ഷെമീറിനും സംഘര്‍ഷത്തില്‍ മര്‍ദനമേറ്റതായി എഫ് ഐ ആറില്‍ പറയുന്നു.

ഇരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷം തടയുന്നതിനിടെ സലീമിനെ അസഭ്യം പറഞ്ഞ് നെഞ്ചില്‍ ഇടിച്ചുവെന്നും ബൈക്കില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെ ചവിട്ടി വീഴ്ത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. സലീമിനെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ബന്ധുക്കള്‍ കരുനാഗപ്പള്ളി പോലീസില്‍ നല്‍കിയ പരാതിയില്‍ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും.  സിപിഎം ഇടക്കുളങ്ങര ബ്രാഞ്ച് കമ്മിറ്റി അംഗവും കര്‍ഷക സംഘം വില്ലേജ് കമ്മിറ്റി അംഗവുമാണ് സലിം മണ്ണേല്‍. സംഭവത്തില്‍ പ്രതിഷേധിച്ച് തൊടിയൂര്‍ പഞ്ചായത്തില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ്‌ ഹര്‍ത്താല്‍.

 

 

 

 

 

 

Latest