Kerala
ശാസ്ത്രമേളക്കിടെ പന്തല്‍ തകര്‍ന്നു വീണ സംഭവം; നാലുപേര്‍ കസ്റ്റഡിയില്‍
കരാറുകാരനെ ഉള്‍പ്പെടെയാണ് കസ്റ്റഡിയിലെടുത്തത്. നിര്‍മാണത്തിലെ അപാകതയാണ് അപകടത്തിന് ഇടയാക്കിയതെന്ന് പോലീസ്.
മഞ്ചേശ്വരം | കാസര്‍കോട് ബേക്കൂറില്‍ ഉപജില്ലാ സ്‌കൂള്‍ ശാസ്ത്രമേളക്കിടെ പന്തല്‍ തകര്‍ന്നു വീണ സംഭവത്തില്‍ നാലുപേര്‍ കസ്റ്റഡിയില്‍. കരാറുകാരനെ ഉള്‍പ്പെടെയാണ് കസ്റ്റഡിയിലെടുത്തത്. അപകടത്തില്‍ 59 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിരുന്നു. ആരുടെയും നില ഗുരുതരമല്ലെന്നാണ് ആരോഗ്യ വകുപ്പില്‍ നിന്ന് ലഭിക്കുന്ന വിവരം.
ഷീറ്റും ഇരുമ്പ് പൈപ്പുകളും ഉപയോഗിച്ച് നിര്‍മ്മിച്ച പന്തലാണ് തകര്‍ന്നു വീണത്. നിര്‍മാണത്തിലെ അപാകതയാണ് അപകടത്തിന് ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടുന്ന ഉന്നതതല സംഘം സംഭവ സ്ഥലം സന്ദര്‍ശിച്ചു.
സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവന്‍കുട്ടി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണത്തിന് എ ഡി എമ്മിനെ ചുമതലപ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. സംഭവത്തില്‍ വിദ്യാഭ്യാസ ഉപ ഡയറക്ടറോട് റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.