Kerala
പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്;അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ
കേരളത്തിലെ ജനകീയ പോലീസ് നയത്തിനും സ്ത്രീപക്ഷ കേരളത്തിനും അപമാനകരമായ നിലപാടാണ് പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്.
കോഴിക്കോട് | പന്തീരാങ്കാവില്‍ ഭര്‍ത്താവില്‍ നിന്നും പെണ്‍കുട്ടി ഗാര്‍ഹിക പീഡനത്തിന് ഇരയായ സംഭവത്തില്‍ അന്വേഷണ വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരെനടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ. കേരളത്തിലെ പോലീസ് നയത്തിന് വിരുദ്ധമായി സ്ത്രീപക്ഷ കേരളത്തിന് അപമാനകരമായ നിലപാട് സ്വീകരിച്ച പന്തീരാങ്കാവ് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.
വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെയും അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരെയും നടപടിയെടുക്കാന്‍ ഡിവൈഎഫ്‌ഐ മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി നല്‍കും.
പരുക്കുകളോടെ പോലീസ് സ്‌റ്റേഷനില്‍ എത്തിയ യുവതിയോട് അപമര്യാദയായ പെരുമാറ്റമാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. പെണ്‍കുട്ടിയുടെ മൊഴിശരിയായ രൂപത്തില്‍ രേഖപ്പെടുത്താനും പോലീസ് തയ്യാറായില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
അതേസമയം പന്തീരങ്കാവ് ഗാര്‍ഹികപീഡനക്കേസിലെ പ്രതി പന്തീരങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തില്‍ രാഹുല്‍ പി ഗോപാലിനെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസെടുത്തതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍പോയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.
പ്രതി വിദേശത്തേക്ക് രക്ഷപ്പെട്ടോ എന്നറിയാനായി വിമാനക്കമ്പനി അധികൃതരേയും പോലീസ് സമീപിച്ചിട്ടുണ്ട് .