Connect with us

Kerala

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; യുവതിയുടെ രക്ത സാമ്പിള്‍ ശേഖരിക്കാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം

പോലീസ് ഫൊറന്‍സിക് ലാബില്‍ സാമ്പിള്‍ പരിശോധിക്കും.

Published

|

Last Updated

കോഴിക്കോട്| പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ യുവതിയുടെ രക്തസാമ്പിള്‍ ശേഖരിക്കാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. ഇതുസംബന്ധിച്ച് ഉന്നത പോലീസ് യോഗത്തിലാണ് തീരുമാനമായത്. പോലീസ് ഫൊറന്‍സിക് ലാബില്‍ സാമ്പിള്‍ പരിശോധിക്കും.

പ്രതി രാഹുലിന്റെ മര്‍ദനത്തില്‍ രക്തം വന്നതിന്റെ തെളിവ് പോലീസ് കണ്ടെത്തിയിരുന്നു. അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത കാര്‍ പരിശോധിച്ചപ്പോഴാണ് സീറ്റില്‍ രക്തക്കറ കണ്ടെത്തിയത്. ഈ കാറിലാണ് മര്‍ദിച്ചശേഷം യുവതിയെ ആശുപത്രിയിലെത്തിച്ചത്. പ്രതി രാഹുലിനെ ജര്‍മ്മനിയില്‍ നിന്ന് തിരിച്ചെത്തിക്കാനായി റെഡ് കോര്‍ണര്‍ നോട്ടീസിനായുള്ള അപേക്ഷ ഫറോക് എസിപി സാജു കെ എബ്രബഹാം എഡിജിപിക്ക് കൈമാറിയതായാണ് വിവരം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അപേക്ഷ നല്‍കും.

അതേസമയം കേസില്‍ രാഹുലിന്റെ അമ്മ ഉഷാകുമാരിയും സഹോദരി കാര്‍ത്തികയും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി ഇന്ന് പരിഗണിക്കും. യുവതിയുടെയും വീട്ടുകാരുടെയും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും കോടതിയെ സമീപിച്ചത്.

കേസുമായി ബന്ധപ്പെട്ട് സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തിരുന്നു. യുവതിയുടെ ഭര്‍ത്താവും കേസിലെ പ്രതിയുമായ രാഹുലിനെ സഹായിച്ച പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ ശരത് ലാലിനെയാണ് സസ്പെന്‍ഡ് ചെയ്തത്. രാഹുലിനെ ബെംഗളുരുവിലേക്ക് രക്ഷപ്പെടാന്‍ സഹായിച്ചെന്നാണ് ഇദ്ദേഹത്തിനെതിരായ ആരോപണം. ശരത്ലാലിനെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. യുവതി പന്തീരാങ്കാവ് സ്റ്റേഷനില്‍ പരാതിയുമായെത്തിയത് റിപ്പോര്‍ട്ട് ചെയ്യാതിരുന്നതില്‍ സ്പെഷ്യല്‍ ബ്രാഞ്ചിലെ രണ്ടു ഉദ്യോഗസ്ഥരോട് വിശദീകരണം തേടാനും പോലീസ് നീക്കമുണ്ട്.

 

 

---- facebook comment plugin here -----

Latest