Connect with us

Kerala

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

രാഹുലിന് രാജ്യം വിടാനുള്ള എല്ലാ സഹായവും നല്‍കിയത് രാജേഷ് ആണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Published

|

Last Updated

കോഴിക്കോട്|കോഴിക്കോട് പന്തീരാങ്കാവില്‍ നവവധുവിന് ക്രൂര മര്‍ദനമേറ്റ കേസിലെ പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. പൊക്കുന്ന് സ്വദേശിയാണ് രാജേഷ്. രാഹുലിന് രാജ്യം വിടാനുള്ള എല്ലാ സഹായവും നല്‍കിയത് രാജേഷ് ആണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ രാഹുല്‍ ജര്‍മ്മനിയിലേക്ക് കടക്കുകയായിരുന്നു.

ജര്‍മനിയില്‍ എയ്‌റോനോട്ടിക്കല്‍ എഞ്ചിനിയറാണ് രാഹുല്‍. ജര്‍മനിയില്‍ നിന്ന് രാഹുല്‍ ഫോണ്‍ വഴി ബന്ധുക്കളെ ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. നേരത്തെ രാഹുലിന്റെ ബേങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. കേസില്‍ രാഹുലിന്റെ മാതാവ്, സഹോദരി എന്നിവര്‍ക്ക് പോലീസ് നോട്ടീസ് നല്‍കി. ഇന്ന് അഞ്ചു മണിക്ക് പോലീസിന് മുമ്പാകെ ഹാജരാകാനാണ് നിര്‍ദേശം. സ്ത്രീധനം ആവശ്യപ്പെട്ടുവെന്ന കേസിലാണ് നോട്ടീസ്. മര്‍ദ്ദനത്തിന് രാഹുലിനെ പ്രേരിപ്പിച്ചത് മാതാവാണെന്ന് യുവതി ആരോപിച്ചിരുന്നു.

പോലീസ് പ്രതിയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി യുവതിയും കുടുംബവും പരാതി സമര്‍പ്പിച്ചതിന് പിന്നാലെ എ ഡി ജി പി എം ആര്‍ അജിത് കുമാര്‍ സംഭവത്തില്‍ ഇടപെടല്‍ നടത്തുകയും പരാതി അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. വീഴ്ച കണ്ടെത്തിയതോടെ പന്തീരാങ്കാവ് എസ് എച്ച് ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഇപ്പോഴത്തെ അന്വേഷണം ശരിയായ ദിശയിലാണെന്നും, പ്രതീക്ഷയുണ്ടെന്നും യുവതിയുടെ പിതാവ് പറഞ്ഞു.

എ സി പി സാജു കെ അബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് നടപടികളിലേക്ക് കടന്നത്. ഇരയുടെയും കുടുംബത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തില്‍ കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കും. കേസില്‍ ലഭ്യമായ സി സി ടി വി ദൃശ്യങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. രാഹുലും ബന്ധുക്കളും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് യുവതിയുടെ മൊഴിയിലുണ്ട്.  പ്രതി രാഹുല്‍ നേരത്തെ വിവാഹിതനാണെന്നും വിവാഹമോചനം നടത്താതെയാണ് തന്റെ മകളെ ഭാര്യയാക്കിയതെന്നും പെണ്‍കുട്ടിയുടെ പിതാവ് ആരോപിക്കുന്നുണ്ട്.

 

 

 

 

Latest