Kerala
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുല്‍ ജര്‍മ്മനിയില്‍ എത്തിയെന്ന് സുഹൃത്ത് രാജേഷ്
ജര്‍മ്മനിയില്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചതോടെ പ്രതിയെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് തുടക്കമാകും.
കോഴിക്കോട്|കോഴിക്കോട് പന്തീരാങ്കാവില്‍ നവവധുവിന് ക്രൂര മര്‍ദനമേറ്റ കേസിലെ പ്രതി രാഹുല്‍ ജര്‍മ്മനിയില്‍ എത്തിയെന്ന് അന്വേഷണ സംഘം. രാഹുലിന്റെ സുഹൃത്ത് രാജേഷാണ് ഇക്കാര്യം പോലീസിനോട് പറഞ്ഞത്. യുവതിയെ മര്‍ദിക്കുന്ന സമയത്ത് സുഹൃത്ത് രാജേഷ് രാഹുലിന്റെ വീട്ടില്‍ ഉണ്ടായിരുന്നു.
രാഹുല്‍ വിദേശത്തേക്ക് കടന്നെന്ന് വ്യക്തമായതോടെ ഇന്റര്‍പോളിന്റെ സഹായത്തോടെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ജര്‍മ്മനിയില്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചതോടെ പ്രതിയെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് തുടക്കമാകും.
രാജേഷിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു. രാജേഷിന്റെ ഉള്‍പ്പടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ പോലീസ് പരിശോധിച്ചു വരികയാണ്. രാഹുലിന്റെ ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ബന്ധുക്കളോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പോലീസ് പ്രതിയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി യുവതിയും കുടുംബവും പരാതി സമര്‍പ്പിച്ചതിന് പിന്നാലെ എ ഡി ജി പി എം ആര്‍ അജിത് കുമാര്‍ സംഭവത്തില്‍ ഇടപെടല്‍ നടത്തുകയും പരാതി അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. വീഴ്ച കണ്ടെത്തിയതോടെ പന്തീരാങ്കാവ് എസ് എച്ച് ഒ എ എസ് സരിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.എ സി പി സാജു കെ അബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് നടപടികളിലേക്ക് കടന്നത്.
ഇരയുടെയും കുടുംബത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തില്‍ കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കും. കേസില്‍ ലഭ്യമായ സി സി ടി വി ദൃശ്യങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. രാഹുലും ബന്ധുക്കളും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് യുവതിയുടെ മൊഴിയിലുണ്ട്. പ്രതി രാഹുല്‍ നേരത്തെ വിവാഹിതനാണെന്നും വിവാഹമോചനം നടത്താതെയാണ് തന്റെ മകളെ ഭാര്യയാക്കിയതെന്നും പെണ്‍കുട്ടിയുടെ പിതാവ് ആരോപിക്കുന്നുണ്ട്. രാഹുല്‍ ജര്‍മന്‍ പൗരത്വം നേടിയതായും സൂചനയുണ്ട്.