Kerala
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; രാഹുല്‍ ഒന്നാം പ്രതി,പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു
കേസ് റദ്ദാക്കണമെന്ന പ്രതിഭാഗത്തിന്റെ നീക്കത്തിനിടെയാണ് അറുപതാം ദിവസം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

കോഴിക്കോട് | പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ അഞ്ച് പ്രതികളാണുള്ളത്. യുവതിയുടെ ഭര്‍ത്താവ് രാഹുല്‍ പി ഗോപാലാണ് കേസിലെ ഒന്നാം പ്രതി. രാഹുലിന്റെ അമ്മയും സഹോദരിയുമാണ് രണ്ടും മൂന്നും പ്രതികള്‍.പ്രതികള്‍ക്കു നേരെ കൊലപാതകശ്രമം ,സ്ത്രീധന പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതിയെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ച പന്തീരാങ്കാവ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ ശരത് ലാലിനെ അഞ്ചാം പ്രതിയാക്കിയാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ എഫ്‌ഐആര്‍ ഇട്ട് 60ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
പറവൂര്‍ സ്വദേശിയായ യുവതിയെ സ്ത്രീധനത്തിന്റെ പേരില്‍ അതിക്രൂരമായി മര്‍ദിച്ചുവെന്നാണ് കേസ്. യുവതിയുടെ വീട്ടുകാര്‍ പരാതി നല്‍കിയെങ്കിലും പന്തീരങ്കാവ് പോലീസ് വേണ്ട വിധം അന്വേഷണം നടത്തിയില്ലെന്ന് ആരോപിച്ച് യുവതി മാധ്യമങ്ങളുടെ മുന്നില്‍ പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ സംഭവം വലിയ ചര്‍ച്ചക്കിടയാക്കി. ഇതിനിടെ
അച്ഛന്റെയും വീട്ടുകാരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഭര്‍ത്താവിനെതിരെ മൊഴി നല്‍കിയതെന്ന് പറഞ്ഞ് യുവതി മൊഴിമാറ്റി.
യുവതിയുടെ പിന്തുണയോടെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം കോടതിയില്‍ ഹരജി നല്‍കി. കേസ് റദ്ദാക്കണമെന്ന പ്രതിഭാഗത്തിന്റെ നീക്കത്തിനിടെയാണ് അറുപതാം ദിവസം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.