Connect with us

Kerala

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതിയുടെ മാതാവും സഹോദരിയും മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍

ഇരുവരും കോഴിക്കോട് ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്

Published

|

Last Updated

കോഴിക്കോട്  | പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പ്രതി രാഹുല്‍ പി ഗോപാലന്റെ അമ്മ ഉഷ കുമാരിയും സഹോദരിയും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇരുവരും കോഴിക്കോട് ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. ഇരുരോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അസൗകര്യം അറിയിച്ച് ഇവര്‍ എത്തിയിരുന്നില്ല.

അതേ സമയം രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ സ്ത്രീധന പീഡനക്കുറ്റം ചുമത്തിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇരുവരും മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്. ഉഷ കുമാരി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണെന്നാണ് വിവരം.

അതേസമയം, രാഹുല്‍ ഇപ്പോഴും ഒളിവിലാണ്. ഇയാളെ കണ്ടെത്താനായി ഇന്റര്‍പോളിന്റെ സഹായത്തോടെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. രാഹുല്‍ ജര്‍മനിയിലേക്ക് കടന്നെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചിരുന്നു. രാഹുലിന് രാജ്യം വിടാനുള്ള മാര്‍ഗം പറഞ്ഞു കൊടുത്തത് പന്തീരാങ്കാവ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പോലീസുകാരനും പ്രതിയും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിട്ടുണ്ടോയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്. നവവധുവും കുടുംബവും പരാതി നല്‍കാനെത്തിയപ്പോള്‍ പോലീസുകാര്‍ പ്രതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു.ഈ മാസം അഞ്ചിനായിരുന്നു രാഹുലിന്റെയും കൊച്ചി സ്വദേശിനിയുടെയുംവിവാഹം. പതിനൊന്നാം തിയ്യതിയാണ് യുവതിയെ പ്രതി ക്രൂരമായി മര്‍ദിച്ചത്.

Latest