Kerala
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയെ സഹായിച്ച പോലീസുകാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റിവച്ചു
പ്രതി രാഹുലിനെ സഹായിച്ചതായി കണ്ടെത്തിയതിന് തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ശരത്‌ലാലിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കോഴിക്കോട്|കോഴിക്കോട് പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുലിനെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി മാറ്റിവച്ചു. പോലീസ് ഉദ്യോഗസ്ഥന്‍ ശരത്‌ലാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഈ മാസം 31 ലേക്കാണ് മാറ്റിയത്.
പോലീസ് റിപ്പോര്‍ട്ടിനായാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസ് പരിഗണിക്കുന്നത് മാറ്റിവച്ചത്.
പ്രതി രാഹുലിനെ സഹായിച്ചതായി കണ്ടെത്തിയതിന് തുടര്‍ന്ന് പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ശരത്‌ലാലിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ക്രൂര മര്‍ദനത്തിന് ഇരയായ പെണ്‍കുട്ടി കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ കഴിഞ്ഞ ദിവസം രഹസ്യമൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതി രാഹുല്‍ ഫോണ്‍ വഴി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നതായി പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
പറവൂര്‍ സ്വദേശിനിയായ നവവധുവാണ് പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ ക്രൂരമായ ഗാര്‍ഹിക പീഡനത്തിന് ഇരയായത്. എറണാകുളത്ത് നിന്ന് സല്‍ക്കാരത്തിന് എത്തിയ ബന്ധുക്കളാണ് യുവതിയുടെ ശരീരത്തിലെ പരുക്കുകള്‍ കണ്ടത്. തുടര്‍ന്ന് കാര്യം തിരക്കിയപ്പോഴാണ് മര്‍ദന വിവരം പുറത്തറിഞ്ഞത്.