Kerala
പന്തീരാങ്കാവ് കേസ്; വീട്ടില്‍ നില്ക്കാൻ താല്പര്യമില്ല, ഡല്‍ഹിയിലേക്ക് മടങ്ങി യുവതി
വീട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കിയത് എന്നായിരുന്നു യൂട്യൂബ് ചാനലിലൂടെയുള്ള പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ .
കോഴിക്കോട് | പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പരാതിക്കാരിയായ യുവതി മൊഴി നല്കിയ ശേഷം ഡല്‍ഹിയിലേക്ക് മടങ്ങി.മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ശേഷമാണ് പോലീസ് വിട്ടയച്ചത്. വീട്ടില്‍ നില്ക്കാന് താല്പര്യമില്ലെന്നും ഡല്‍ഹിയിലേക്ക് പോകണമെന്നും യുവതി മജിസ്ട്രേറ്റിനോട് ആവശ്യപ്പെടുകയായിരുന്നു.
പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് നേരത്തെ പിതാവ് പരാതി നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി ഒമ്പതോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് യുവതിയെ വടക്കേകര പോലീസ് കസ്റ്റഡിയിലെടുത്തത്.
ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവതി ഡല്‍ഹിയിലുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതി തിരികെയെത്തുമ്പോള്‍ കസ്റ്റഡിയിലെടുക്കാനുള്ള പദ്ധതി പോലീസ് നടപ്പാക്കിയത്.
വീട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കിയത് എന്നായിരുന്നു യൂട്യൂബ് ചാനലിലൂടെയുള്ള പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ . എന്നാല്‍ ആരുടെയോ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് പെണ്‍കുട്ടി മൊഴി മാറ്റിയതെന്ന് വീട്ടുകാരും ആരോപിച്ചിരുന്നു.