Kerala
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: പ്രതി രാഹുല്‍ പി ഗോപാല്‍ തിരിച്ചെത്തി
രാഹുലിനെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞുവച്ച ശേഷം വിട്ടയച്ചു. നേരിട്ട് ഹാജരാകുന്നതു വരെ നടപടി പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് വിട്ടയച്ചത്.
ന്യൂഡല്‍ഹി | പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പ്രതി രാഹുല്‍ പി ഗോപാല്‍ ഇന്ത്യയില്‍ തിരിച്ചെത്തി. രാഹുലിനെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞുവച്ച ശേഷം വിട്ടയച്ചു. നേരിട്ട് ഹാജരാകുന്നതു വരെ നടപടി പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് വിട്ടയച്ചത്.
ജര്‍മനിയിലേക്കു കടന്ന രാഹുലിനെ തിരികെയെത്തിക്കാനുള്ള നടപടികള്‍ പോലീസ് ശക്തമാക്കിയിരുന്നു. അതിനിടെ, യുവതി സാമൂഹികമാധ്യമത്തിലൂടെ മൊഴിമാറ്റി പറഞ്ഞു. തന്നെ രാഹുല്‍ ക്രൂരമായി മര്‍ദിച്ചെന്ന് കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്നില്‍ നല്‍കിയ രഹസ്യമൊഴിയാണ് പിന്നീട് മാറ്റിപ്പറഞ്ഞത്. എന്നാല്‍, ആരുടെയോ സമ്മര്‍ദത്തിന് വഴങ്ങിയാണ് മകള്‍ മൊഴി മാറ്റിയതെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. മകളെ കാണാനില്ലെന്ന് അവര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. അതേസമയം, തന്നെയാരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും സുരക്ഷിതയാണെന്നുമുള്ള പ്രതികരണവുമായി പെണ്‍കുട്ടി വീണ്ടുമൊരു വീഡിയോയിലൂടെ രംഗത്തെത്തി.
മാതാപിതാക്കളുടെ പരാതിയില്‍ യുവതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കുകയും ചെയ്തു. വീട്ടുകാര്‍ക്കൊപ്പം പോകാന്‍ താത്പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ അഭിഭാഷകനൊപ്പം വിട്ടയക്കുകയും യുവതി ഡല്‍ഹിയിലേക്ക് തിരികെ പോവുകയും ചെയ്തു.
ഇതിനിടെ, കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പായെന്ന് പ്രതി ഹൈക്കോടതിയില്‍ വ്യക്തമാക്കി. പരാതി പിന്‍വലിച്ചെന്ന പെണ്‍കുട്ടിയുടെ സത്യവാങ്മൂലവും ഹാജരാക്കിയിരുന്നു.