Kerala
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ വീണ്ടും കേസ്
ഭര്‍തൃ പീഡനം, നരഹത്യ ശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയത്
കോഴിക്കോട്| കോഴിക്കോട് പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് രാഹുലിനെതിരെ വീണ്ടും കേസെടുത്ത് പോലീസ്. ഇന്നലെ രാത്രി മര്‍ദനമേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് പോലീസ് യുവതിയുടെ മൊഴിയെടുത്തിരുന്നു. 85 ബിഎന്‍എസ് (498(എ) ഐപിസി വകുപ്പുകള്‍ പ്രകാരം ഭര്‍തൃ പീഡനം, നരഹത്യ ശ്രമം എന്നീ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയത്. നിലവില്‍ രാഹുല്‍ പോലീസ് കസ്റ്റഡിയിലാണ്.
പറവൂര്‍ സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഭവത്തില്‍ രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ പുലര്‍ച്ചെ പാലാഴി ഭാഗത്ത് പ്രശ്‌നം ഉണ്ടാക്കിയതിനായിരുന്നു പോലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ഇതിനിടെയാണ് വീണ്ടും മര്‍ദനമേറ്റെന്ന പരാതിയുമായി യുവതി പന്തീരാങ്കാവ് പോലീസില്‍ പരാതി നല്‍കിയത്.
രാഹുല്‍ മര്‍ദ്ദിച്ചുവെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. ഇന്നലെ രാത്രിയാണ് യുവതിയെ മര്‍ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെ കണ്ണിലും മുഖത്തുമാണ് പരിക്കേറ്റിട്ടുള്ളത്. ഇന്നലെ രാത്രി മെഡിക്കല്‍ കോളജിലെത്തി യുവതിയുടെ മൊഴിയെടുത്ത പോലീസുകാരോട് മര്‍ദനത്തില്‍ പരാതിയില്ലെന്നായിരുന്നു യുവതി പറഞ്ഞിരുന്നത്. സ്വന്തം നാടായ എറണാകുളത്തേക്ക് മടങ്ങി പോകണമെന്നാണ് പോലീസിനോട് നേരത്തെ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ പരാതിയുണ്ടെന്നും പോലീസില്‍ പരാതി നല്‍കുമെന്നും വ്യക്തമാക്കി യുവതിയുടെ പിതാവ് രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് യുവതിയും പരാതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്.
രാഹുലിനെതിരെ യുവതി മുമ്പ് നല്‍കിയ ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസ് റദ്ദാക്കണമെന്ന രാഹുല്‍ ഗോപാലിന്റെ ഹരജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.