Kerala
പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്; പ്രതി ശ്യാംജിത്ത് കുറ്റക്കാരന്‍
തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശ്യാംജിത്ത് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

കണ്ണൂര്‍| പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശ്യാംജിത്ത് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേസില്‍ ശിക്ഷാ വിധി തിങ്കളാഴ്ച വിധിക്കും. കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത് പ്രണയനൈരാശ്യത്തിന്റെ പകയില്‍ വിഷ്ണുപ്രിയയെ വീട്ടില്‍ കയറി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
2022 ഒക്ടോബര്‍ 22 നാണ് കേസിന് ആസ്പദമായ സംഭവം. പാനൂര്‍ വള്ള്യായിലെ വീട്ടില്‍ സുഹൃത്തുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ കയറി വന്ന ശ്യാംജിത് വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. ഈ 13 സെക്കന്റ് ദൃശ്യമാണ് കേസില്‍ നിര്‍ണായക തെളിവായത്. പ്രതി ചുറ്റികയും മറ്റ് ആയുധങ്ങളും വാങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.
കൊല്ലപ്പെട്ട ശേഷവും വിഷ്ണുപ്രിയയുടെ ശരീരത്തില്‍ പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ചു. 29 മുറിവുകളാണ് യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത്. ശ്യാംജിത്തുമായുളള സൗഹൃദം വിഷ്ണുപ്രിയ അവസാനിപ്പിച്ചതിന്റെ പകയായിരുന്നു കൊലക്ക് പ്രേരിപ്പിച്ചത്. വീട്ടുകാര്‍ ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് പ്രതി വിഷ്ണുപ്രിയയുടെ വീട്ടിലെത്തി കൃത്യം നടത്തിയത്.