Connect with us

Ongoing News

പാവോ നുര്‍മി ഗെയിംസ്; സ്വര്‍ണം ലക്ഷ്യമിട്ട് നീരജ് ഇന്നിറങ്ങും

ലോകത്തെ പ്രമുഖ താരങ്ങള്‍ മത്സരിക്കുന്ന ഇവന്റാണ് പാവോ നുര്‍മി ഗെയിംസ്.

Published

|

Last Updated

ടുര്‍ക്കു (ഫിന്‍ലന്‍ഡ്) | പാരീസ് ഒളിംപിക്‌സിന് മുമ്പായി നടക്കുന്ന പാവോ നുര്‍മി ഗെയിംസില്‍ മാറ്റുരയ്ക്കാന്‍ ഇന്ത്യന്‍ ജാവലിന്‍ താരം നീരജ് ചോപ്ര ഇന്നിറങ്ങും. ലോകത്തെ പ്രമുഖ താരങ്ങള്‍ മത്സരിക്കുന്ന ഇവന്റാണ് പാവോ നുര്‍മി ഗെയിംസ്. നിലവിലെ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവാണ് നീരജ്. പാക് താരം അര്‍ഷാദ് നദീം, ജര്‍മന്‍ താരം മാക്‌സ് ഡെനിംഗ്, രണ്ട് തവണ ലോക ചാമ്പ്യന്‍ പട്ടം നേടിയ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സ്, 2022ലെ ചാമ്പ്യന്‍ ഒലിവര്‍ ഹെലാണ്ടര്‍, മുന്‍ യൂറോപ്യന്‍ ചാമ്പ്യന്‍ ജൂലിയന്‍ വെബ്ബര്‍ തുടങ്ങിയവര്‍ ജാവലിന്‍ മെഡല്‍ സ്വന്തമാക്കാന്‍ കളത്തിലിറങ്ങും. ഇവരില്‍ അടുത്തിടെ നടന്ന ജര്‍മന്‍ വിന്റര്‍ ത്രോയിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 90.20 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ച താരമാണ് 19കാരനായ മാക്‌സ് ഡൈനിംഗ്. 90 മീറ്റര്‍ ദൂരം താണ്ടുന്ന ഏറ്റവും പ്രായം കുറഞ്ഞ താമാണ് ഡൈനിംഗ്.

ഇന്ത്യന്‍ സമയം രാത്രി 9.45നാണ് മത്സരങ്ങള്‍ ആരംഭിക്കുക. ഇന്ത്യയില്‍ സ്‌പോര്‍ട്‌സ് 18 ചാനലിലും ലൈവ് സ്ട്രീമിംഗില്‍ ജിയോ സിനിമയിലും മത്സരത്തിന്റെ തത്സമയ സംപ്രേഷണമുണ്ട്.

2022ല്‍ നീരജ് 89.30 മീറ്റര്‍ ദൂരം താണ്ടി ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി കരസ്ഥമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം പരുക്ക് മൂലം നീരജിന് പങ്കെടുക്കാനായില്ല. ദോഹ ഡയമണ്ട് ലീഗിനും ഫെഡറേഷന്‍ കപ്പിനും ശേഷം ഈ വര്‍ഷം നീരജ് മത്സരിക്കാനിറങ്ങുന്ന മൂന്നാമത്തെ ചാമ്പ്യന്‍ഷിപ്പാണിത്. ദോഹയില്‍ 88.36 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞ് രണ്ടാമതായ നീരജ് ഫെഡറേഷന്‍ കപ്പില്‍ 82.27 ദൂരം എറിഞ്ഞ് സ്വര്‍ണം നേടിയിരുന്നു.

 

Latest