Education
അക്കാദമിക് കോൺഫറൻസിലേക്ക് പ്രബന്ധങ്ങൾ ക്ഷണിച്ചു
പ്രബന്ധങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം 10,000, 7000, 5000 രൂപ കാഷ് പ്രൈസ് നൽകും.
തളിപ്പറമ്പ് | ഡിഗ്രി വിദ്യാർഥികൾക്കായി തളിപ്പറമ്പ് അൽ മഖർ സംഘടിപ്പിക്കുന്ന അക്കാദമിക് കോൺഫറൻസിലേക്ക് പ്രബന്ധങ്ങൾ ക്ഷണിച്ചു. ‘ആദർശ സംരക്ഷണത്തിൽ സമസ്തയുടെ പങ്ക്’ എന്ന അടിസ്ഥാന പ്രമേയത്തിലാണ് കോൺഫറൻസ്. സമസ്തയുടെ വിദ്യാഭ്യാസ വിപ്ലവം, ആദർശ വ്യതിയാനത്തിനെതിരെ സമസ്ത സാധിച്ച മുന്നേറ്റങ്ങൾ, വ്യാജ ത്വരീഖത്തുകളെ സമസ്ത പ്രതിരോധിച്ച വിധം, പാൻ ഇസ്ലാമിസത്തിനെതിരെ സമസ്ത എടുത്ത നിലപാടുകൾ, സാമുദായിക മൈത്രി സ്ഥാപിക്കുന്നതിൽ സമസ്ത വഹിച്ച പങ്ക്, മദ്റസ പ്രസ്ഥാനം വാർത്തെടുക്കുന്നതിൽ സമസ്തയുടെ ത്യാഗങ്ങൾ, ഇതര സംസ്ഥാനങ്ങളിലോ രാജ്യങ്ങളിലോ സമസ്തയോട് സാമ്യതയുള്ള പണ്ഡിതസഭകൾ സാധിച്ച സാമൂഹിക വിപ്ലവങ്ങൾ, സമസ്ത പണ്ഡിതരുടെ (തിരഞ്ഞെടുത്ത ഏതെങ്കിലും ഒന്ന്) സാത്വിക ജീവിതഗാഥകൾ തുടങ്ങിയ ഉപപ്രമേയങ്ങളെ അടിസ്ഥാനമാക്കിയും പ്രബന്ധം അവതരിപ്പിക്കാം. ഇംഗ്ലീഷിലാണ് പേപ്പറുകൾ തയ്യാറാക്കേണ്ടതും അവതരിപ്പിക്കേണ്ടതും.
ദഅവ, ശരീഅത്ത്, റെഗുലർ ക്യാമ്പസുകളിലെ ഡിഗ്രിക്ക് പഠിക്കുന്നവരും ഡിഗ്രി കഴിഞ്ഞവരുമായ വിദ്യാർഥികളാണ് കോൺഫറൻസിൽ പേപ്പർ അവതരിപ്പിക്കുക. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സമുന്നത നേതൃത്വവും അൽ മഖർ സ്ഥാപനസമുഛയങ്ങളുടെ ശില്പിയുമായ ചിത്താരി കെ പി ഹംസ മുസ്ലിയാരുടെ അഞ്ചാം ആണ്ടനുസ്മരണത്തോടനുബന്ധിച്ച് സ്വാഗത സംഘമാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്.
ആഗസ്റ്റ് 26 ശനി രാവിലെ 10ന് തളിപ്പറമ്പ അൽ മഖർ ദാറുൽ അമാൻ ക്യാമ്പസിൽ നടക്കുന്ന പരിപാടിയിൽ അവതരിപ്പിക്കുന്ന പ്രബന്ധങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം 10,000, 7000, 5000 രൂപ കാഷ് പ്രൈസ് നൽകും. മികച്ച 10 എണ്ണത്തിന് ആയിരം രൂപ വീതം പ്രോത്സാഹന സമ്മാനവും ലഭിക്കും. തിരഞ്ഞെടുത്ത പേപ്പറുകൾ ഐ എസ് ബി എൻ സീരിയലോടെ പ്രസിദ്ധീകരിക്കും. ഈ മാസം 20ന് മുമ്പായി എൻട്രികൾ ലഭിക്കണം. പ്രമുഖ ജൂറിമാർ പങ്കെടുക്കുന്ന പരിപാടി എസ് വൈ എസ് സംസ്ഥാന ജന. സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി ഉദ്ഘാടനം ചെയ്യും.