National
പാപ്പര്‍ ഹരജി നല്‍കി ഗോ ഫസ്റ്റ്; മൂന്ന് ദിവസത്തെ സര്‍വീസും റദ്ദാക്കി
മെയ് 3, 4, 5 തിയതികളില്‍ സര്‍വീസ് നടത്തില്ലെന്നും ഖോന വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു
ന്യൂഡല്‍ഹി | കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ എയര്‍ലൈന്‍ ഗോ ഫസ്റ്റ് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ പാപ്പര്‍ ഹരജി ഫയല്‍ ചെയ്തതായി കമ്പനി സിഇഒ കൗശിക് ഖോന. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ ഗോ ഫസ്റ്റ് ഫ്‌ലൈറ്റുകള്‍ മെയ് 3, 4, 5 തിയതികളില്‍ സര്‍വീസ് നടത്തില്ലെന്നും ഖോന വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
പ്രാറ്റ് ആന്‍ഡ് വിറ്റ്നി (പി ആന്‍ഡ് ഡബ്ല്യു) എഞ്ചിനുകള്‍ വിതരണം ചെയ്യാത്തതിനാല്‍ വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ലൈന്‍ ഏകദേശം 28 വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിയതായി കൗശിക് ഖോന പറഞ്ഞു. ഇത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി.
ഇന്ത്യന്‍ ഏവിയേഷന്‍ റെഗുലേറ്ററിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഗോ ഫസ്റ്റിന്റെ വിപണി വിഹിതം ജനുവരിയിലെ 8.4 ശതമാനത്തില്‍ നിന്ന് മാര്‍ച്ചില്‍ 6.9 ശതമാനമായി കുറഞ്ഞു. 2022 സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ലൈന്‍ അതിന്റെ ഏറ്റവും വലിയ വാര്‍ഷിക നഷ്ടം രേഖപ്പെടുത്തി.
ഗോ ഫസ്റ്റില്‍ 5,000ത്തിലധികം ജീവനക്കാരുണ്ട്. .ഗോ ഫസ്റ്റ് ഫണ്ട് സ്വരൂപിക്കാന്‍ ശ്രമിക്കുന്നുവെന്നും എയര്‍ലൈനിലെ ഭൂരിഭാഗം ഓഹരികള്‍ വില്‍ക്കുന്നതിനോ അല്ലെങ്കില്‍ പൂര്‍ണമായി ഓഹരി വിറ്റൊഴിയുന്നതിനോ വാഡിയ ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തിവരികയാണെന്നുമുള്ള റിപ്പോര്‍ട്ടിന് പിന്നാലെയാണ് പുതിയ സംഭവവികാസം.കടുത്ത ഫണ്ട് ക്ഷാമം മൂലം തകര്‍ച്ചയുടെ വക്കിലുള്ള മറ്റൊരു ഇന്ത്യന്‍ എയര്‍ലൈനാണ് ഗോ ഫസ്റ്റ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ട ജെറ്റ് എയര്‍വേയ്സിന് സമാനമായ സാഹചര്യം നേരിടേണ്ടി വന്നിരുന്നു.