Articles
ദേശസ്നേഹത്തിന്റെ തിരുമാതൃകകൾ
ജന്മനാടിന്റെ യശസ്സും അഭിമാനവും ഉയർത്തുന്നതിനും ജനങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി പരിശ്രമിക്കുന്നതും രാജ്യസ്‌നേഹത്തിന്റെ ലക്ഷണങ്ങളാണ്.
മനുഷ്യന്റെ സംസ്‌കാരവും സാമൂഹ്യവത്കരണവും രൂപപ്പെടുന്ന ഇടങ്ങളാണ് നാടുകൾ. അതുകൊണ്ട് തന്നെ പിറന്ന നാടിനോടും വളർന്ന മണ്ണിനോടും ഹൃദയബന്ധമുണ്ടാകുകയെന്നത് സ്വാഭാവികവും മനുഷ്യ പ്രകൃതവുമാണ്. ജന്മനാടിന്റെ യശസ്സും അഭിമാനവും ഉയർത്തുന്നതിനും ജനങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി പരിശ്രമിക്കുന്നതും രാജ്യസ്‌നേഹത്തിന്റെ ലക്ഷണങ്ങളാണ്.
ദേശസ്നേഹവും ദേശഭക്തിയും ഓരോ മനുഷ്യനിലും നിറഞ്ഞുനിൽക്കേണ്ട വൈകാരികതയാണ്. അവ കളങ്കമില്ലാതെ നിലനിർത്തൽ ഓരോരുത്തർക്കും കടമയും ബാധ്യതയുമാണ്. അപ്പോഴാണ് സാമൂഹികനീതിയും സമത്വവും നിലനിൽക്കുന്ന ക്ഷേമരാഷ്ട്രമെന്ന സങ്കൽപ്പം സാധ്യമാകുന്നത്.
പിറന്ന മണ്ണിനെ സ്നേഹിക്കുന്നതിന്റെയും അതിനെ നെഞ്ചോട് ചേർത്തുപിടിക്കുന്നതിന്റെയും ഉദാത്തമായ അനേകം ഉദാഹരണങ്ങൾ മാനവ ചരിത്രത്തിലുടനീളമുണ്ട്. ജനിച്ച വീടും വളർന്ന നാടും വിട്ടുപോകുകയെന്നത് ഏതൊരാൾക്കും അതീവ പ്രയാസമുണ്ടാക്കുന്ന കാര്യവുമാണ്. കാരണം, അവന്റെ മനസ്സിലും ശരീരത്തിലും മണ്ണിനോടും നാടിനോടും നാട്ടുകാരോടും അതിരുകളില്ലാത്ത സ്നേഹവും ഇഷ്ടവും അലിഞ്ഞുചേർന്നുകിടക്കും. അതുകൊണ്ടാണ് പിറന്നനാടും പെറ്റമ്മയും സ്വർഗത്തേക്കാൾ മഹത്തരമാണെന്ന് പറയാറുള്ളത്. ജന്മനാടിനെ സ്നേഹിക്കുകയെന്നത് (ഹുബ്ബുൽ വത്വൻ) വിശ്വാസത്തിന്റെ ഭാഗമായാണ് ഇസ്്ലാം ഗണിക്കുന്നത്.
സ്വന്തം നാടിനെ സ്‌നേഹിക്കുന്നത് മറ്റുനാടുകളെ വെറുത്താകരുത്. സ്വദേശക്കാരുടെ സുഖവും സുരക്ഷയും ക്ഷേമവും ഐശ്വര്യവും കൊതിക്കുകയും അതിനുവേണ്ടി അധ്വാനിക്കുകയും ചെയ്യുന്നതോടൊപ്പം തന്റെ അയൽദേശങ്ങൾക്കും നന്മ ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുമ്പോഴാണ് വിശ്വാസികളുടെ ദൗത്യം പൂർണമാകുന്നത്. പ്രവാചകന്മാരെല്ലാം ജന്മനാടിനെ അതിരറ്റ് സ്‌നേഹിച്ചവരായിരുന്നു. പ്രബോധന ദൗത്യത്തിൽ കയ്‌പ്പേറിയ അനുഭവങ്ങളുണ്ടായപ്പോഴും പിറന്ന നാടിനെ വിട്ടുപോകാൻ അവർ കൂട്ടാക്കിയിരുന്നില്ല. അവരുടെ ദേശസ്‌നേഹത്തിന്റെ ആഴവും പരപ്പും ശത്രുക്കൾ തിരിച്ചറിഞ്ഞതിനാലാണ് “ഞങ്ങളുടെ നാട്ടിൽ നിന്ന് നിങ്ങളെ ഞങ്ങൾ പുറത്താക്കുക തന്നെ ചെയ്യുമെന്ന്’ പറഞ്ഞ് അവരെ ഭീഷണിപ്പെടുത്തിയത്. ഇബ്‌റാഹീം (അ), ലൂത്വ് (അ), ശുഐബ് (അ), യൂസുഫ് (അ) തുടങ്ങിയ പ്രവാചകന്മാരെയെല്ലാം ഇത്തരം പ്രകോപന വാക്കുകൾ പറഞ്ഞ് എതിരാളികൾ ഭീഷണിപ്പെടുത്തിയതായി വിശുദ്ധ ഖുർആനിൽ കാണാം. അവിടങ്ങളിലെല്ലാം അവർ സ്വരാജ്യത്തെയും തങ്ങളുടെ ജനതകളെയും ചേർത്തുപിടിക്കുകയാണുണ്ടായത്. ഗത്യന്തരമില്ലാതെ നാടുവിടേണ്ടി വന്നപ്പോൾ തന്നെയും സ്വദേശത്തെയോർത്ത് വിങ്ങിപ്പൊട്ടിയാണ് വിട പറഞ്ഞത്.
ശത്രുക്കളുടെ കൊടിയ അതിക്രമത്താൽ നിലനിൽപ്പുതന്നെ ഭീഷണിയായപ്പോഴാണ് തിരുനബി(സ) മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തത്. കത്തിജ്വലിക്കുന്ന ഒരായിരം ഓർമക്കൂട്ടുകളുള്ള, ജന്മദേശമായ മക്ക വിട്ട് മറ്റൊരിടത്തേക്ക് പലായനം ചെയ്യേണ്ടിവന്നപ്പോൾ കടുത്ത മനപ്രയാസമാണ് അവിടുന്ന് അനുഭവിച്ചത്. തദവസരത്തിൽ അവിടുത്തെ ഹൃദയാന്തരങ്ങളിൽ നിന്ന് നിർഗളിച്ച വികാരവായ്പുകൾ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഇബ്‌നു അബ്ബാസ്(റ) നിവേദനം. നബി(സ) പറഞ്ഞു: പ്രിയപ്പെട്ട മക്കാ പട്ടണമേ, എത്ര സുന്ദരമായ നാടാണ് നീ. അല്ലാഹുവിന്റെ ഭൂമിയിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഇടം. എന്റെ നാട്ടുകാർ എന്നെ ഈ മണ്ണിൽ നിന്ന് പുറത്താക്കിയിട്ടില്ലായിരുന്നുവെങ്കിൽ ഞാനൊരിക്കലും നിന്നെ വിട്ടുപോകുമായിരുന്നില്ല- (തിർമിദി). മദീനയിലെത്തിയപ്പോൾ മുത്തുനബി(സ) ഇങ്ങനെ പ്രാർഥിച്ചു: നാഥാ ഞങ്ങൾ മക്കയെ സ്നേഹിച്ചതുപോലെ, അതല്ലെങ്കിൽ അതിലേറെ മദീനയെ ഞങ്ങൾക്ക് നീ പ്രിയമുള്ളതാക്കേണമേ- (ബുഖാരി, മുസ്്ലിം).
ഇസ്്ലാം വിഭാവനം ചെയ്യുന്ന രാജ്യസ്നേഹം ഏതെങ്കിലും ഒരു വർഗത്തിലോ വിഭാഗത്തിലോ ജനതയിലോ ദേശത്തിലോ ഒതുങ്ങുന്നതല്ല, മുഴുവൻ മനുഷ്യരെയും ഉൾക്കൊള്ളുന്നതാണത്.