Connect with us

International

അര്‍ജന്റീനയെ കൂട്ടിക്കെട്ടി പരഗ്വെ; മിന്നും ജയം

അന്റോണിയോ സനാബ്രിയയും ഒമര്‍ ആല്‍ഡെര്‍റ്റെയുമാണ് പരഗ്വെയെ വിജയത്തിലേക്കെത്തിച്ചത്.

Published

|

Last Updated

പരഗ്വെ| ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഡിഫെന്‍സോറെസ് ഡെല്‍ ഷാസോ സ്റ്റേഡിയത്തിലെ കളത്തിലിറങ്ങിയ അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയെയും കൂട്ടരെയും കൂട്ടിക്കെട്ടി പരഗ്വെ. ഒരുഗോളിന് പിന്നില്‍നിന്ന ശേഷം പൊരുതിക്കയറിയ ആതിഥേയരായ പരഗ്വെ 2-1നാണ് ജയം സ്വന്തമാക്കിയത്. 11-ാം മിനിറ്റില്‍ ലൗതാറോ മാര്‍ട്ടിനെസിലൂടെ മുന്നിലെത്തിയ അര്‍ജന്റീനക്കെതിരെ അന്റോണിയോ സനാബ്രിയയും ഒമര്‍ ആല്‍ഡെര്‍റ്റെയുമാണ് പരഗ്വെയെ വിജയത്തിലേക്കെത്തിച്ചത്.

അര്‍ജന്റീന മുമ്പിലെത്തുന്ന കാഴ്ചയായിരുന്നു ആദ്യമൊക്കെ. എന്നാല്‍ ആ സന്തോഷം അധികനേരം ഉണ്ടായില്ല. പരഗ്വെ ആരാധകര്‍ക്ക് ഇക്കുറി ആഘോഷിക്കാനുള്ള വകയാണുണ്ടായത്. തകര്‍പ്പന്‍ ഗോളാണ് സനാബ്രിയ അര്‍ജന്റീനയുടെ വലയിലേക്ക് തൊടുത്തുവിട്ടത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ പരഗ്വെ അര്‍ജന്റീനയ്‌ക്കെതിരെ ഫ്രീകിക്കില്‍നിന്ന് ഹെഡറുതിര്‍ത്തായിരുന്നു ഗോള്‍ നേടിയത്. ആല്‍ഡെര്‍റ്റെയ്ക്ക് അവകാശപ്പെട്ടതാണ് ആ ഗോള്‍. പിന്നീട് ഗോള്‍ മടക്കാനുള്ള അര്‍ജന്റീനയുടെ ശ്രമങ്ങളെല്ലാം പരഗ്വെ പ്രതിരോധം തീര്‍ത്ത് തടയുകയായിരുന്നു.

പത്തു ടീമുകളുള്ള തെക്കനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ 11 കളികളില്‍ 22 പോയന്റുമായി അര്‍ജന്റീനയാണ് ഒന്നാം സ്ഥാനത്ത്. ഒരു കൊളംബിയ 19 പോയന്റുമായി രണ്ടാമതും വെനിസ്വേലയോട് സമനില വഴങ്ങിയ ബ്രസീല്‍ 17 പോയിന്റോടെ മൂന്നാം സ്ഥാനത്തുമാണ്.