Kerala
ഇ കെ വിഭാഗത്തില്‍ ലീഗ് അനുകൂലികളുടെ സമാന്തര വേദി
മറുപക്ഷത്തിനെതിരെ പ്രചാരണം സംഘടിപ്പിക്കുക, ഇ കെ സമസ്തയുടെ നേതൃത്വത്തിലുള്ള സുപ്രഭാതം പത്രം പിടിച്ചെടുക്കുക, സെക്രട്ടറി ഉമര്‍ ഫൈസിക്കെതിരെ നടപടിയെടുപ്പിക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യമായി ആദര്‍ശ സംരക്ഷണ വേദി മുന്നോട്ട് വെക്കുന്നത്.
കോഴിക്കോട് | ഇ കെ വിഭാഗത്തിന് സമാന്തരമായി ലീഗനുകൂലികളുടെ വേദി നിലവില്‍വന്നു. സുന്നി ആദര്‍ശ സംരക്ഷണ സമിതി എന്ന പേരിലാണ് കോഴിക്കോട് നളന്ദയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കൂട്ടായ്മ രൂപവത്കരിച്ചത്. മറുപക്ഷത്തിനെതിരെ പ്രചാരണം സംഘടിപ്പിക്കുക, ഇ കെ സമസ്തയുടെ നേതൃത്വത്തിലുള്ള സുപ്രഭാതം പത്രം പിടിച്ചെടുക്കുക, സെക്രട്ടറി ഉമര്‍ ഫൈസിക്കെതിരെ നടപടിയെടുപ്പിക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യമായി ആദര്‍ശ സംരക്ഷണ വേദി മുന്നോട്ട് വെക്കുന്നത്. എല്ലാ ജില്ലകളിലേക്കും സമിതി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. സംസ്ഥാന തലത്തില്‍ കൂട്ടായ്മ രൂപവത്കരിക്കാനും ആലോചനയുണ്ട്. ഉമര്‍ ഫൈസി മുക്കത്തെ സംഘടനയുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളില്‍ നിന്നും നീക്കണമെന്ന് യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. സുപ്രഭാതം പത്രത്തിന്റെ വ്യതിയാനത്തിന് കാരണക്കാരായവരെ നീക്കണമെന്ന ആവശ്യവും മുന്നോട്ട് വെച്ചിട്ടുണ്ട്.
അതേസമയം, ഇ കെ വിഭാഗത്തിന്റെയും പോഷക സംഘടനകളുടെയും ഭാരവാഹികളും പ്രാസ്ഥാനിക പ്രവര്‍ത്തരും പങ്കെടുക്കുമെന്ന് വ്യക്തമാക്കി പത്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വലിയ തോതില്‍ പ്രചാരണം നടത്തി സംഘടിപ്പിച്ച പരിപാടിക്ക് പക്ഷേ വന്‍ ജനക്കൂട്ടമെത്തിയില്ല. നൂറോളം പേരെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂവെന്ന് സംഘാടകര്‍ യോഗത്തില്‍ വ്യക്തമാക്കി. പരിപാടിയുടെ സ്വഭാവത്തെ കുറിച്ച് സംഘാടകര്‍ക്ക് തന്നെ ആശയക്കുഴപ്പം വ്യക്തമാകുന്ന രീതിയിലായിരുന്നു നടപടിക്രമങ്ങള്‍. ആദര്‍ശ സംരക്ഷണ സംഗമം എന്ന പേരിലാണ് പൊതു പരിപാടി സംഘടിപ്പിച്ചതെങ്കിലും കുറേ രഹസ്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ളതു കൊണ്ട് മാധ്യമ പ്രവര്‍ത്തകരടക്കമുള്ളവര്‍ പുറത്ത് പോകണമെന്ന് അധ്യക്ഷ പ്രസംഗത്തിനിടെ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ചാനല്‍ ലൈവ് നിര്‍ത്തുകയും ചെയ്തു.
പരിപാടിയില്‍ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം സി മായിന്‍ ഹാജി അധ്യക്ഷത വഹിച്ചു. വളരെ അനിവാര്യഘട്ടത്തിലാണ് ഇത്തരമൊരു കൂടിച്ചേരലെന്ന് അദ്ദേഹം പറഞ്ഞു. പുത്തനഴി മൊയ്തീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുര്‍റഹ്മാന്‍ കല്ലായി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, യു മുഹമ്മദ് ശാഫി ഹാജി, ഓണംപിള്ളി മുഹമ്മദ് ഫൈസി, ആര്‍ വി കുട്ടി ഹസന്‍ ദാരിമി, പി എ ജബ്ബാര്‍ ഹാജി, സലീം എടക്കര, മഹ്മൂദ് സഅദി, അബൂബക്കര്‍ ബാഖവി മലയമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു.