Articles
സമാന്തര ഭരണം നിയമവാഴ്ചക്ക് മരണമണി
വ്യാജ വിവാഹങ്ങള്‍ നടത്തുന്ന, വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന മതാഭിമുഖ്യമുള്ള ട്രസ്റ്റുകളും സംഘടനകളും മനുഷ്യക്കടത്തിനും ലൈംഗിക ചൂഷണത്തിനും ഒപ്പ് ചാര്‍ത്തുന്ന അംഗീകൃത ഏജന്‍സികളായി മാറുമ്പോള്‍ സങ്കുചിത താത്പര്യത്തിന്റെ പുറത്ത് മാത്രമാണ് ഉത്തര്‍ പ്രദേശ് ഭരണകൂടം അത് കണ്ടില്ലെന്ന് നടിക്കുന്നത്. ഭാവിയില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ പോന്നതാണ് ഇത്തരം നീക്കങ്ങള്‍.
ഉത്തര്‍ പ്രദേശില്‍ നിന്ന് വാര്‍ത്തകളുണ്ട്. ജനാധിപത്യ മതനിരപേക്ഷ വിശ്വാസികളെ സംഭ്രമിപ്പിക്കുന്ന വിധത്തിലുള്ള നിരന്തര വാര്‍ത്തകള്‍. ന്യൂനപക്ഷങ്ങളെ കൂടുതല്‍ അരക്ഷിതമാക്കാനുറച്ച ഭരണകൂട നീക്കങ്ങള്‍ അവിടെ നിന്ന് പുറത്തുവരുന്നു. ആരാധനാലയ കൈയേറ്റങ്ങളും ബുള്‍ഡോസര്‍ രാജുമൊക്കെ തുടരുമ്പോള്‍ മറുഭാഗത്ത് ഉപ തിരഞ്ഞെടുപ്പില്‍ ക്രമക്കേടുകളുണ്ടായെന്ന മുഴക്കമുള്ള ആരോപണങ്ങളുമുയരുന്നു. അതിനിടെ സംസ്ഥാനത്ത് നിയമവാഴ്ച ഇല്ലാതാകുന്നെന്നറിയിക്കുന്ന ചില നിരീക്ഷണങ്ങള്‍ അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് ഈയിടെ ഉണ്ടായെന്നതും ശ്രദ്ധേയമാണ്.
യു പിയിലെ ജില്ലാ കോടതികള്‍ കേന്ദ്രീകരിച്ച് വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന ദല്ലാള്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറഞ്ഞത് അലഹബാദ് ഹൈക്കോടതി ജഡ്ജി വിനോദ് ദിവാകറാണ്. ഒളിച്ചോടുന്ന കമിതാക്കള്‍ക്ക് കൃത്രിമ രേഖകളുണ്ടാക്കി വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി കോടതികളില്‍ നിന്ന് പ്രൊട്ടക്്ഷന്‍ ഓര്‍ഡറുകള്‍ തരപ്പെടുത്തി കൊടുക്കുന്ന സംഘടിത റാക്കറ്റുകള്‍ ജില്ലാ കോടതികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഹൈക്കോടതി തന്നെ പറയുന്നു. ഇത്തരം സമാന്തര ഭരണകൂട സംവിധാനങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട സംഭവമായല്ലാതെ തന്നെ പ്രവര്‍ത്തിക്കുക വഴി നിയമവാഴ്ചയുടെ നഗ്നമായ ലംഘനമാണ് നടക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയടക്കം ‘വധു’ക്കളാക്കി പറഞ്ഞയക്കുന്ന സംഘങ്ങള്‍ക്ക് സംസ്ഥാന ഭരണകൂടത്തിന്റെ പരോക്ഷ പിന്തുണയുണ്ട്. നിയമ പ്രൊഫഷനലുകളും പുരോഹിതരും ഉള്‍പ്പെടുന്ന മതാസ്തിത്വമുള്ള ട്രസ്റ്റുകളാണ് അത്തരം വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തി കൊടുക്കുന്നതെന്ന് അലഹബാദ് ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു. കാശ് വാങ്ങി വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന പ്രധാന ഏജന്‍സി ആര്യ സമാജ് മന്ദിരങ്ങളാണെന്നറിയുമ്പോഴാണ് ഭരണകൂടം അറിയാത്ത ഇടപാടുകളല്ല നടക്കുന്നതെന്ന് ബോധ്യമാകുന്നത്.
1875 ഏപ്രില്‍ പത്തിന് ബോംബെയില്‍ വെച്ച് ദയാനന്ദ സരസ്വതി സ്ഥാപിച്ചതാണ് ആര്യ സമാജം. ഉയര്‍ന്ന ധാര്‍മിക ബോധമുള്ള വ്യക്തി സമൂഹമെന്നാണ് ആര്യ സമാജമെന്ന വാക്കിനര്‍ഥം. ഹിന്ദു പരിഷ്‌കരണ പ്രസ്ഥാനമായി കടന്നുവന്ന ആര്യ സമാജം ആചാരാനുഷ്ഠാന കേന്ദ്രീകൃത മതത്തെ വേദങ്ങളിലേക്ക് മടക്കി കൊണ്ടുപോകാന്‍ നിയുക്തമായ സംഘമെന്ന ലേബലില്‍ രാജ്യത്തിന്റെ വിവിധ ദിക്കുകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. വേദോപനിഷത്തുകളില്‍ ഊന്നിയ ആര്യ സമാജം എം എസ് ഗോള്‍വാള്‍ക്കറുടെ ആശയ ധാരക്ക് കൈ കൊടുക്കുന്നതാണ് പിന്നീട് നാം കണ്ടത്. 1883ല്‍ ദയാനന്ദ സരസ്വതി കൊല്ലപ്പെട്ടു. തുടര്‍ന്ന് ആര്യ സമാജത്തിന്റെ തലപ്പത്തെത്തിയവര്‍ ഹിന്ദുത്വ ആശയങ്ങളോട് പരസ്യമായ ഐക്യത്തിലായി. ആര്‍ എസ് എസിന്റെ ഉദയ കാലത്ത് അതിനെ പിന്തുണക്കാന്‍ ആര്യ സമാജം മടിച്ചില്ല. ഒരു കാലത്ത് ആര്യ സമാജത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സ്വാമി ശ്രദ്ധാനന്ദ ഘര്‍ വാപസി നടത്തി കുപ്രസിദ്ധി നേടി. ഗാന്ധിജി അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു എന്നത് ചരിത്രം. ബീഫ് നിരോധത്തിന്റെ പേരില്‍ കോലാഹലമുണ്ടാക്കിയ ആര്യ സമാജം സവര്‍ക്കറെ ഹീറോയായി കണ്ടു. ആ ആര്യ സമാജമാണിപ്പോള്‍ ബദല്‍ അധികാര കേന്ദ്രമാണെന്ന് തോന്നുമാറ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തെന്ന കേസിലാണ് ഇരയുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി ആര്യ സമാജം വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി കുറ്റാരോപിതന്റെ ജാമ്യ ഹരജി തള്ളിയത്. 1955ലെ ഹിന്ദു മാര്യേജ് ആക്ടിലെ അഞ്ചാം വകുപ്പ് പ്രകാരം വിവാഹം സാധുവല്ലെന്ന് തീര്‍പ്പിട്ട ഹൈക്കോടതി വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ട്രസ്റ്റുകളെയും സംഘടനകളെയും സംബന്ധിച്ച് വിശദ അന്വേഷണം നടത്താനും നിയമ നടപടി സ്വീകരിക്കാനും ഗാസിയാബാദ് പോലീസ് കമ്മീഷണറോട് ഉത്തരവിടുകയായിരുന്നു.
വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ നിരവധി സംഭവങ്ങളില്‍ പെണ്‍കുട്ടികളുടെ പ്രായം 12 മുതല്‍ 15 വയസ്സ് വരെയാണ്. വിവാഹം ചെയ്യുന്നവര്‍ക്ക് ഇരട്ടി പ്രായവും. യഥാര്‍ഥത്തില്‍ വിവാഹം നടന്നിട്ടില്ലെന്നിരിക്കെ ഒളിച്ചോടിയ കമിതാക്കള്‍ക്ക് വ്യാജ രേഖകളുണ്ടാക്കി നല്‍കി കോടതികളില്‍ നിന്ന് പ്രൊട്ടക്്ഷന്‍ ഓര്‍ഡറുകള്‍ സംഘടിപ്പിച്ചു കൊടുക്കുകയായിരുന്നു ആര്യ സമാജം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍.
ആര്യ സമാജത്തിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന വിവാഹം നിയമപരമല്ലെന്നും വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആര്യ സമാജത്തിന് അധികാരമില്ലെന്നുമുള്ള വിധി പ്രസ്താവം 2022ല്‍ സുപ്രീം കോടതി നടത്തിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. വധൂവരന്‍മാര്‍ ഹിന്ദുക്കളാണെങ്കില്‍ ഹിന്ദു മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ വിവാഹം നിയമപരമാകുകയുള്ളൂ.
മതാന്തരീയ വിവാഹങ്ങള്‍ക്ക് സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരവും രജിസ്റ്റര്‍ ചെയ്യണമെന്നിരിക്കെ ഉത്തര്‍ പ്രദേശിലുടനീളം വിവാഹ തട്ടിപ്പുകള്‍ ഭരണകൂടത്തിന്റെ പരോക്ഷ പിന്തുണയില്‍ അരങ്ങേറുന്നുണ്ടെന്നത് ഗൗരവതരമാണെന്ന് പറയാതെ വയ്യാ. വ്യാജ വിവാഹങ്ങള്‍ നടത്തിയും വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയും മതാഭിമുഖ്യമുള്ള ട്രസ്റ്റുകളും സംഘടനകളും മനുഷ്യക്കടത്തിനും ലൈംഗിക ചൂഷണത്തിനും ഒപ്പ് ചാര്‍ത്തുന്ന അംഗീകൃത ഏജന്‍സികളായി മാറുമ്പോള്‍ സങ്കുചിത താത്പര്യത്തിന്റെ പുറത്ത് മാത്രമാണ് ഉത്തര്‍ പ്രദേശ് ഭരണകൂടം അത് കണ്ടില്ലെന്ന് നടിക്കുന്നത്. അതുവഴി പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതും നിയമവാഴ്ചക്ക് സാരമായ പോറലേല്‍ക്കുന്നതും ഭാവിയില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ പോന്നതാണ്.