Connect with us

Kerala

പാറശ്ശാല ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയുടെ ശിക്ഷാവിധി ഇന്ന്

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കേസില്‍ നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയാണ് ഗ്രീഷ്മ കുറ്റവാളിയെന്ന് വിധിച്ചത്

Published

|

Last Updated

തിരുവനന്തപുരം | കാമുകനെ വിഷം നല്‍കി കൊലപ്പെടുത്തിയ പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ കോടതി കുറ്റവാളിയെന്ന് കണ്ടെത്തിയ ഗ്രീഷ്മയുടെ ശിക്ഷാവിധി ഇന്ന്. കൊലപാതകം, വിഷം നല്‍കല്‍, തട്ടിക്കൊണ്ടുപോകല്‍, പോലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങി ഗ്രീഷ്മയ്ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കേസില്‍ നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയാണ് ഗ്രീഷ്മ കുറ്റവാളിയെന്ന് വിധി പറഞ്ഞത്.

ഗൂഢാലോചന കേസില്‍ പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് രണ്ടാം പ്രതി സിന്ധുവിനെ വെറുതെ വിട്ടത്. തെളിവു നശിപ്പിക്കാന്‍ സഹായിച്ച ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മല്‍ കുമാര്‍ നായരും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

കാമുകിയായിരുന്ന ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കിയതെന്നാണ് കേസ്.
ഷാരോണും ഗ്രീഷ്മയുമായി വര്‍ഷങ്ങളായി ബന്ധമുണ്ടായിരുന്നു. മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോള്‍ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി വിദ്ഗധമായി പാരാസെറ്റാമോള്‍ കലര്‍ത്തിയ ജൂസ് ഷാരോണിനെ കൊണ്ട് ആദ്യം കുടിപ്പിച്ചു. ദേഹാസ്വാസ്ഥ്യമുണ്ടായെങ്കിലും ഷാരോണ്‍ രക്ഷപ്പെട്ടു.

പിന്നീടാണ് പളുകിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊടുത്തത്. 2022 ഒക്ടോബര്‍ 14നായിരുന്ന ഷാരോണ്‍ കഷായം കുടിച്ചത്. ദേഹസ്വാസ്ഥ്യമുണ്ടായ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 11 ദിവസത്തിന് ശേഷം ഷാരോണ്‍ മരിച്ചു. ഷാരോണിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പോലീസിനെയുമെല്ലാം അതിവിഗ്ധമായി തെറ്റിദ്ധരിപ്പിച്ച് ഷാരോണ്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ രക്ഷപ്പെടാന്‍ ഗ്രീഷ്മ ശ്രമിച്ചു.

മജിസ്ട്രേറ്റിന് നല്‍കിയ മരണമൊഴിയില്‍ ഗ്രീഷ്മക്കെതിരെ ഷാരോണ്‍ ഒന്നും പറഞ്ഞിരുന്നില്ല. പക്ഷേ സുഹൃത്തിനോടും അച്ഛനോടും ഗ്രീഷ്മ ചതിച്ചെന്ന് ഷാരോണ്‍ പറഞ്ഞെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഷാരോണിന്റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറന്‍സിക് ഡോക്ടര്‍ കൈമാറിയ ശാസത്രീയ തെളിവുകളാണ് നിര്‍ണായകമായത്.

 

Latest