Kerala
ഗ്രീഷ്മക്ക് തൂക്കുകയര്‍
അതിസമര്‍ഥമായി നടപ്പിലാക്കിയ ക്രൂരമായ കൊലപാതകമാണിതെന്നും കോടതി
തിരുവനന്തപുരം | പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മക്ക് വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. തട്ടിക്കൊണ്ടുപോകലിന് 10 വര്‍ഷം തടവ്ു ശിക്ഷയും വിധിച്ചു.കേസിലെ മൂന്നാം പ്രതി ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മല്‍ കുമാറിന് മൂന്ന് വര്‍ഷം തടവും കോടതി വിധിച്ചു. മരണക്കിടക്കയിലും കാമുകിയെ സ്‌നേഹിച്ചിരുന്ന ഷാരോണിനോട് ഗ്രീഷ്മ കടുത്ത വിശ്വാസ വഞ്ചനയാണ് നടത്തിയതെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് കോടതി പറഞ്ഞു.പ്രായത്തിന്റെ ഒരു ഇളവിനും പ്രതിക്ക് അര്‍ഹതയില്ല. ആസൂത്രിത കൊലപാതകമാണിത്. ജ്യൂസ് ചലഞ്ച് നടത്തിയത് വധശ്രമമാണെന്നും കോടതി വ്യക്തമാക്കി. ഗ്രീഷ്മയുടെ ആത്മഹത്യശ്രമം അന്വേഷണം വഴിതിരിക്കാന്‍ വേണ്ടിമാത്രമാണ്. അതിസമര്‍ഥമായി നടപ്പിലാക്കിയ ക്രൂരമായ കൊലപാതകമാണിതെന്നും കോടതി വ്യക്തമാക്കി. 11 ദിവസം നരകിച്ചാണ് ഷാരോണ്‍ മരിച്ചത്. കൃത്യത്തിന് ശേഷവും ഗ്രീഷ്മ അഭിനയം തുടര്‍ന്നു. അപ്പോഴും സ്‌നേഹത്തോടെയാണ് ഷാരോണ്‍ ഗ്രീഷ്മയെ വിളിച്ചിരുപന്നതെന്നും കോടതി പറഞ്ഞു. ഗ്രീഷ്മയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല എന്ന വാദം അംഗീകരിക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. വിധിന്യായത്തില്‍ 586 പേജുകളാണുള്ളത്.കൊല്ലപ്പെട്ട ഷാരോണിന്റെ മാതാപിതാക്കളെയും കുടുംബത്തെയും കോടതി അടുത്തേക്ക് വിളിച്ചു വരുത്തിയശേഷമായിരുന്നു കോടതി വിധി പ്രസ്താവം ആരംഭിച്ചത്
മാധ്യമവാര്‍ത്തകളുടെ സ്വാധീനത്തിലല്ല കേസില്‍ ശിക്ഷ വിധിച്ചതെന്ന് കോടതി ആദ്യഘട്ടത്തില്‍ തന്നെ വ്യക്തമാക്കി. ഗ്രീഷ്മയ്ക്കെതിരെ ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ കൃത്യമായി ശേഖരിച്ച അന്വേഷണസംഘത്തെ കോടതി അഭിനന്ദിച്ചു. കാലത്തിനൊപ്പം സഞ്ചരിച്ച് അന്വേഷണം നടത്താന്‍ പോലീസിനായി. ജ്യൂസ് ചലഞ്ച് നടത്തിയ വിഡിയോ ഷാരോണ്‍ മുന്‍പ് റെക്കോര്‍ഡ് ചെയ്ത് വച്ചതാണ് ഗ്രീഷ്മയ്ക്ക് കൂടുതല്‍ കുരുക്കായത്. ഗ്രീഷ്മയ്ക്കെതിരെ വധശ്രമവും ഇതോടെ തെളിഞ്ഞിട്ടുണ്ടെന്നും ഗ്രീഷ്മ മുന്‍പും കൊലയ്ക്ക് ശ്രമിച്ചെന്നും കോടതി വ്യക്തമാക്കി
കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ഷാരോണിനെ ഒഴിവാക്കാന്‍ കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.തട്ടിക്കൊണ്ടുപോകല്‍, വിഷം നല്‍കല്‍, കൊലപാതകം, പോലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ എന്നി കുറ്റങ്ങളാണ് ഗ്രീഷ്മയ്‌ക്കെതിരെ തെളിഞ്ഞത്. തെളിവുനശിപ്പിച്ചെന്ന കുറ്റമാണ് നിര്‍മലകുമാരന്‍ നായരുടേത്. മറ്റൊരു പ്രതിയായ ഗ്രീഷ്മയുടെ മാതാവ് സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു. വിധി കേള്‍ക്കാന്‍ ഷാരോണിന്റെ മാതാപിതാക്കളും സഹോദരനും കോടതിയിലെത്തിയിരുന്നു.
ഒന്നാംപ്രതിക്കു വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. പ്രായവും വിദ്യാഭ്യാസവും പരിഗണിച്ചു കുറഞ്ഞ ശിക്ഷ നല്‍കണമെന്നു പ്രതിഭാഗവും വാദിച്ചിരുന്നു.കേസിലെ രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മയെ തെളിവുകളുടെ അഭാവത്തിലാണ് കോടതി വെറുതെ വിട്ടത്.
2022 ഒക്ടോബര്‍ 14 ന് വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ കീടനാശിനി കലര്‍ത്തിയ കഷായം ഷാരോണിന് നല്‍കുകയായിരുന്നു. ഒക്ടോബര്‍ 25നാണ് ചികിത്സയിലിരിക്കെ ഷാരോണ്‍ രാജ് മരിച്ചത്.ശിക്ഷാവിധിയുടെ വാദത്തിനിടെ തനിക്ക് 24 വയസ്സു മാത്രമാണ് പ്രായമെന്നും അതു കണക്കിലെടുത്ത് ശിക്ഷയില്‍ പരമാവധി ഇളവ് വരുത്തണമെന്ന് ഗ്രീഷ്മ അഭ്യര്‍ഥിച്ചത്. അതേസമയം കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണ്ട് ഗ്രീഷ്മയ്ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു
ഷാരോണിന് സാമൂഹ്യ വിരുദ്ധ പശ്ചാത്തലമുണ്ടെന്ന് ഗ്രീഷ്മ കുറ്റപ്പെടുത്തി. സ്വകാര്യ ചിത്രങ്ങള്‍ ഉപയോഗിച്ച് ഷാരോണ്‍ തന്നെ ബ്ലാക്മെയില്‍ ചെയ്തെന്നും ഗ്രീഷ്മ പറഞ്ഞു. നഗ്‌ന ചിത്രങ്ങള്‍ പുറത്തുവരുമെന്ന ഭയമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്. അതിനാല്‍ നീതീകരിക്കാവുന്ന കൊലപാതകമായി കാണണമെന്ന് പ്രതിഭാഗം വാദിച്ചു.
അതേ സമയം ഒരു ചെറുപ്പക്കാരന്റെ സ്നേഹത്തെയാണ് ഗ്രീഷ്മ കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെയാണ് കൊല നടപ്പാക്കിയത്. പ്രതി ഒരു ദയവും അര്‍ഹിക്കുന്നില്ല. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണ്ട് വധശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു
പാറശ്ശാല ഷാരോണ്‍ വധക്കേസ് നാള്‍വഴികള്‍
ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന വന്നതോടെ ഷാരോണിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുന്നു.
2022 ഒക്ടോബര്‍ 13 – ഷാരോണിനെ വീട്ടില്‍ മറ്റാരുമില്ലാത്ത ദിവസത്തേക്ക് ഗ്രീഷ്മ വിളിച്ചു
2022 ഒക്ടോബര്‍ 14 – ഷാരോണ്‍ ഗ്രീഷ്മയുടെ വീട്ടിലെത്തി, തുടര്‍ന്ന് വിഷം കലര്‍ത്തിയ കഷായവും ജ്യൂസും കഴിച്ചു. തിരികെ പോകുന്നതിനിടെ അവശനായ ഷാരോണ്‍ പാറശ്ശാല ആശുപത്രിയില്‍ ചികിത്സ തേടി
2022 ഒക്ടോബര്‍ 15- ആരോഗ്യസ്ഥിതി മോശമായ ഷാരോണിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചു
2022 ഒക്ടോബര്‍ 16- ഷാരോണിനെ ഇഎന്‍ടി ഡോക്ടറെ കാണിക്കുന്നു
2022 ഒക്ടോബര്‍ 18- ആരോഗ്യസ്ഥിതി മോശമായ ഷാരോണിനെ മെഡിക്കല്‍ കോളജ് ഐസിയുവില്‍ പ്രവേശിപ്പിച്ചു
2022 ഒക്ടോബര്‍ 20- മജിസ്ട്രേറ്റ് ആശുപത്രിയില്‍ എത്തുകയും ഷാരോണിന്റെ മൊഴിയെടുക്കുകയും ചെയ്തു. ഗ്രീഷ്മയുടെ വീട്ടില്‍ നിന്ന് കഷായം കഴിച്ചിരുന്നെന്നും എന്നാല്‍ ഗ്രീഷ്മ തന്നെ അപായപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും ഷാരോണിന്റെ മൊഴി
2022 ഒക്ടോബര്‍ 21- പാറശാല പൊലീസ് ഷാരോണിന്റെ മൊഴിയെടുത്തു
2022 ഒക്ടോബര്‍ 25- ആശുപത്രിയില്‍ വെച്ച് ഷാരോണ്‍ മരിച്ചു
2022 ഒക്ടോബര്‍ 26- കുടുംബം പൊലീസില്‍ പരാതി നല്‍കി
2022 ഒക്ടോബര്‍ 28- ഷാരോണിന്റെ ബന്ധുക്കളുടെ ആരോപണം തെറ്റാണെന്ന് പാറശാല പൊലീസ്
2022 ഒക്ടോബര്‍ 29- വിവാദങ്ങള്‍ക്കൊടുവില്‍ കേസ് ക്രൈം ബ്രാഞ്ച് എറ്റെടുത്തു.
2022 ഒക്ടോബര്‍ 30- ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനിടെ ഗ്രീഷ്മ കുറ്റം സമ്മതിച്ചു
2022 ഒക്ടോബര്‍ 31- ഗ്രീഷ്മയുടെ അറസ്റ്റ് രജിസ്റ്റര്‍ ചെയ്തു.
ഷാരോണിനെ ഒഴിവാക്കാന്‍ പലവഴി ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ് കൊലപാതകം നടത്തിയതെന്ന് ഗ്രീഷ്മ മൊഴി നല്‍കി. ഷാരോണിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. കഷായത്തില്‍ തുരിശ് കലര്‍ത്തിയിരുന്നെന്ന് തെളിഞ്ഞു. ശാസ്ത്രീയ തെളിവുകളും ഗ്രീഷ്മയ്ക്ക് എതിരായിരുന്നു. നേരത്തെയും ഷാരോണിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.
2022 നവംബര്‍ 1- ടോയ്ലെറ്റ് ക്ലീനര്‍ കഴിച്ച് ഗ്രീഷ്മ പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
2023 ജനുവരി 25- കേസില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചു. ആദ്യം തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ പ്രവേശിപ്പിച്ച ഗ്രീഷ്മയെ സഹതടവുകാരുടെ പരാതിയെ തുടര്‍ന്ന് മാവേലിക്കര ജയിലിലേക്ക് മാറ്റി
2023 സെപ്റ്റംബര്‍ 26- കേസില്‍ ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അതേസമയം കേസ് തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
2024 ഒക്ടോബര്‍ 15 – കേസില്‍ വിചാരണ ആരംഭിച്ചു. രണ്ട് മാസം കൊണ്ട് വിചാരണ പൂര്‍ത്തിയായി
2025 ജനുവരി 17- കേസില്‍ ഗ്രീഷ്മയും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും പ്രതികളാണെന്ന് കോടതി വിധിച്ചു. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു.
2025 ജനുവരി 20 പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മക്ക് വധശിക്ഷ