Kerala
നവജാത ശിശുവിനെ മാതാപിതാക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചു; സംരക്ഷണം ഏറ്റെടുക്കാന്‍ വനിതാ ശിശു വികസന വകുപ്പ്
ഐ സി യുവില്‍ ഉപേക്ഷിച്ചു പോയ 23 ദിവസം പ്രായമായ നവജാത ശിശുവിന് സംരക്ഷണമൊരുക്കുമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് അറിയിച്ചത്.

തിരുവനന്തപുരം | മാതാപിതാക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചുപോയ നവജാത ശിശുവിന്റെ സംരക്ഷണം വനിതാ ശിശു വികസന വകുപ്പ് ഏറ്റെടുക്കും. ഐ സി യുവില്‍ ഉപേക്ഷിച്ചു പോയ 23 ദിവസം പ്രായമായ നവജാത ശിശുവിന് സംരക്ഷണമൊരുക്കുമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് അറിയിച്ചത്. ഇതുസംബന്ധിച്ച് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. വകുപ്പ് ജില്ലാ ഓഫീസര്‍ ആശുപത്രി സന്ദര്‍ശിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും.
മാതാപിതാക്കള്‍ തിരിച്ചെത്തിയാല്‍ കുഞ്ഞിനെ അവര്‍ക്ക് കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി. കുഞ്ഞിന്റെ തുടര്‍ ചികിത്സ ഉറപ്പാക്കാന്‍ എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.
കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ഝാര്‍ഖണ്ഡ് സ്വദേശികളായ മംഗളേശ്വര്‍-രഞ്ജിത ദമ്പതികളാണ് കുഞ്ഞിനെ ആശുപത്രിയില്‍ ഉപേക്ഷിച്ചു പോയത്. ഗര്‍ഭിണിയായ യുവതി നാട്ടിലേക്ക് പോകുമ്പോഴാണ് ട്രെയിനില്‍ വച്ച് പ്രസവ വേദന അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്ന് തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിക്കുകയും പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു.
കുഞ്ഞിന് ഭാരം കുറവായിരുന്നതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലെ ഐ സി യുവിലേയ്ക്ക് മാറ്റുകയായിരുന്നു. ഇതിനു പിന്നാലെ കുഞ്ഞിന്റെ മാതാപിതാക്കളെ കാണാതാവുകയായിരുന്നു. 28 ആഴ്ച മാത്രമാണ് കുഞ്ഞിന്റെ വളര്‍ച്ചയെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.