International
പാരീസ് ഒളിംപിക്‌സ്; ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം, ശ്രീജേഷിന് സ്വപ്‌ന തുല്ല്യമായ മടക്കം
സ്‌പെയിനിനെ തോല്‍പ്പിച്ചാണ് വെങ്കലം നലനിര്‍ത്തിയത്.
പാരീസ് | പാരീസ് ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം.ഹോക്കിയില്‍ ഇന്ത്യയുടെ നാലാം വെങ്കലമാണിത്. സ്‌പെയിനിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്താണ് ഇന്ത്യ വെങ്കലം നിലനിര്‍ത്തിയത്. ഇതോടെ പാരിസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം നാലായി.
ഇരട്ടഗോളുമായി തിളങ്ങിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങാണ് ഇന്ത്യയുടെ വിജയശില്‍പ്പിയായത്. ഒളിംപിക്‌സിനു ശേഷം അന്താരാഷ്ട്ര ഹോക്കിയില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച പിആര്‍ ശ്രീജേഷിന്റെ കരിയറിലെ അവസാന പോരാട്ടമായിരുന്നു ഇത്. സ്വപ്നതുല്ല്യമായ മടക്കമാണ് ശ്രീജേഷിന് പാരീസ് സമ്മാനിച്ചിരിക്കുന്നത്. ജയത്തില്‍ നിര്‍ണായകമായത് ശ്രീജേഷിന്റെ സേവുകളാണ്. ഒളിംപിക്‌സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ മലയാളിയായി മാറിയിരിക്കുകയാണ് ശ്രീജേഷ്. 8 വർഷമായി ശ്രീജേഷ് ഇന്ത്യയ്ക്കായി കളിക്കുന്നു. 2006 മുതലാണ് ഇന്ത്യൻ ജേഴ്‌സിയിൽ ശ്രീജേഷ് എത്തിയത്. ലണ്ടനിൽ 2012ൽ നടന്ന ഒളിമ്പിക്‌സിലാണ് തുടക്കം. 2016ൽ റിയോവിലും 2020 ടോക്യോയിലും ഗോളിയായി.
കളിയുടെ 18ാം മിനിറ്റില്‍ സ്‌പെയിനാണ് മുന്നിലെത്തിയത്. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറില്‍ മൂന്ന് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ നേടി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് ഇന്ത്യക്ക് നിര്‍ണായക ലീഡ് സമ്മാനിക്കുകയായിരുന്നു. തുടര്‍ന്ന് ഗോള്‍ വഴങ്ങാതെ ഇന്ത്യ പ്രതിരോധം തീര്‍ത്താണ് വെങ്കല മെഡലുറപ്പാക്കിയത്.
തലമുറകള്‍ ഒാര്‍ക്കാന്‍ പോകുന്ന വിജയമെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.തുടര്‍ച്ചയായി രണ്ടാം ഒളിംപിക്സിലും മെഡല്‍ എന്നത് സവിശേഷമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.