Connect with us

Ongoing News

പാരീസ് ഒളിംപിക്‌സ്; മെഡല്‍ നേട്ടത്തിനൊരുങ്ങി ഇന്ത്യന്‍ താരകങ്ങള്‍

കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ മെഡലുകള്‍ ഇത്തവണ കൊയ്‌തെടുക്കാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് രാജ്യത്തിന്റെ പ്രഗത്ഭ താരങ്ങള്‍.

Published

|

Last Updated

ന്യൂഡല്‍ഹി | പാരീസ് ഒളിംപിക്‌സില്‍ കഴിയാവുന്നത്ര ഇനങ്ങളില്‍ മെഡല്‍ നേട്ടം ലക്ഷ്യമിട്ടുള്ള പരിശീലനം പൂര്‍ത്തിയാക്കി ഇന്ത്യന്‍ സംഘം. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ മെഡലുകള്‍ ഇത്തവണ കൊയ്‌തെടുക്കാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് രാജ്യത്തിന്റെ പ്രഗത്ഭ താരങ്ങള്‍. മൂന്ന് വര്‍ഷം മുമ്പ് നടന്ന ടോക്കിയോ ഒളിംപിക്‌സില്‍ ഒരു സ്വര്‍ണം, രണ്ട് വെള്ളി, നാല് വെങ്കലം എന്നിങ്ങനെ ആകെ ഏഴ് മെഡലുകളാണ് ഇന്ത്യ നേടിയിരുന്നത്. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര നേടിയതായിരുന്നു ഇന്ത്യയുടെ ഒരേയൊരു സ്വര്‍ണം. ഭാരദ്വേഹനത്തിലെ 49 കിലോഗ്രാം വിഭാഗത്തില്‍ മിരാഭായ് ചാനുവും ഗുസ്തി 57 കിലോഗ്രാം ഫ്രീസ്റ്റൈലില്‍ രവി ദഹിയയും വെള്ളിമെഡല്‍ കരസ്ഥമാക്കി. പി വി സിന്ധു (വനിതാ ബാഡ്മിന്റണ്‍, സിംഗിള്‍സ്), പുരുഷ ഹോക്കി ടീം, വനിതാ ബോക്‌സിംഗ് 69 കിലോഗ്രാം വിഭാഗത്തില്‍ ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍, പുരുഷന്മാരുടെ ഗുസ്തി ഫ്രീസ്റ്റൈല്‍ 65 കിലോഗ്രാം വിഭാഗത്തില്‍ ബജ്‌രംഗ് പുനിയ എന്നിവരാണ് വെങ്കലനേട്ടം സ്വന്തമാക്കിയത്. സ്വര്‍ണത്തിന്റെ എണ്ണത്തിലുള്‍പ്പെടെ വര്‍ധനയുണ്ടാക്കി മികച്ച പ്രകടനം കാഴ്ചവെക്കാനും പോയിന്റ് ടേബിളില്‍ കഴിഞ്ഞ പ്രാവശ്യത്തെക്കാള്‍ മെച്ചപ്പെട്ട സ്ഥാനത്തെത്താനുമാകും ഇന്ത്യയുടെ ശ്രമം. ടോക്കിയോ ഒളിംപിക്‌സില്‍ 48-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.

പാരീസ് ഒളിംപിക്‌സിലെ മെഡല്‍ പ്രതീക്ഷകള്‍;
നീരജ് ചോപ്ര (പുരുഷ വിഭാഗം ജാവലിന്‍ ത്രോ)
ടോക്കിയോ ഒളിംപിക്‌സിലെ സ്വര്‍ണനേട്ടം നിലനിര്‍ത്തുകയാണ് നീരജിന്റെ ലക്ഷ്യം. 87.58 മീറ്ററിലേക്ക് ജാവലിന്‍ പായിച്ച നീരജ് ഒളിംപിക്‌സിലെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്‌ലറ്റിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന നിലയില്‍ ചരിത്രം സൃഷ്ടിച്ചു. വ്യക്തിഗത ഇനത്തില്‍ ഷൂട്ടര്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം സ്വന്തമാക്കിയ ശേഷം ആദ്യമായി ഉയര്‍ന്ന പതക്കത്തില്‍ മുത്തംവെച്ച താരം കൂടിയാണ് നീരജ്. പിന്നീട് ലോക്, ഡയമണ്ട് ലീഗ് ചാമ്പ്യനായ നീരജ് ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണനേട്ടം നിലനിര്‍ത്തുകയും ചെയ്തു. 89.94 മീറ്ററാണ് കരിയറില്‍ ചോപ്രയുടെ ഏറ്റവും മികച്ച പ്രകടനം. എന്നാല്‍, ദോഹയില്‍ 88.36 മീറ്റര്‍ എറിഞ്ഞതാണ് ഈ വര്‍ഷത്തെ മികച്ച ത്രോ.

നിഖാത് സരിന്‍ (വനിതാ ബോക്‌സിംഗ്‌,  50 കിലോഗ്രാം)
വനിതാ ബോക്‌സിംഗിലെ 50 കിലോഗ്രാം വിഭാഗത്തില്‍ നിലവിലെ ലോക ചാമ്പ്യനും കോമണ്‍വെല്‍ത്ത് ചാമ്പ്യനുമാണ് നിഖാത് സരിന്‍. ചൈനയിലെ ഹാങ്യുവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സരിന് വെങ്കല മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എന്നാല്‍, ടോക്കിയോ ഒളിംപിക്‌സിലേക്ക് യോഗ്യത നേടാന്‍ മെഡല്‍ നേട്ടം സഹായിച്ചു.

ലോവ്‌ലിന ബോര്‍ഗോഹെയിന്‍ (വനിതാ ബോക്‌സിംഗ്, 75 കിലോഗ്രാം)
ടോക്കിയോ ഒളിംപിക്‌സിലെ വനിതാ വിഭാഗം ബോക്‌സിംഗ് 64-69 കിലോഗ്രാം ഇനത്തില്‍ വെങ്കലം കരസ്ഥമാക്കിയ താരമാണ് ലോവ്‌ലിന. വിജേന്ദര്‍ സിംഗിനും മേരി കോമിനും ശേഷം ഒളിംപിക്‌സ് ബോക്‌സിംഗില്‍ മെഡല്‍ നേടുന്ന ആദ്യദ്യത്തെ ഇന്ത്യന്‍ ബോക്‌സറാണ് ലോവ്‌ലിന. പിന്നീട് മിഡില്‍ വെയ്റ്റ് വിഭാഗത്തിലേക്ക് മാറിയ താരം 2023ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഐ ബി എ ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ചൂടി. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലെ വെള്ളി മെഡല്‍ നേട്ടം ലോവ്‌ലിനക്ക് പാരിസ് ഒളിംപിക്‌സ് യോഗ്യത നേടുന്നതിന് വഴിതുറന്നു.

സാത്വിക് സൈരാജ് റാങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം (ബാഡ്മിന്റണ്‍ ഡബിള്‍സ്, പുരുഷ വിഭാഗം)
അടുത്ത കാലത്ത് ഇന്ത്യ ബാഡ്മിന്റണില്‍ ഉണ്ടാക്കിയ നേട്ടങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളാണ് സാത്വിക് സൈരാജ് റാങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം. 2022ലെ തോമസ് കപ്പില്‍ രാജ്യത്തിനായി മികച്ച പ്രകടനമാണ് ഇവര്‍ കാഴ്ചവച്ചത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം, ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം എന്നിവ നേടിയതിനു പുറമെ, ലോക ഒന്നാം നമ്പര്‍ പദവിയില്‍ കൂടി എത്താന്‍ ഈ സഖ്യത്തിനായിരുന്നു.

പി വി സിന്ധു (ബാഡ്മിന്റണ്‍)
ഒളിംപിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യ നേടിയ മൂന്ന് മെഡലുകളില്‍ രണ്ടെണ്ണം സ്വന്തമാക്കിയ താരമാണ് പി വി സിന്ധു. 2016ലെ റിയോഡി ജനീറോയില്‍ വെള്ളിയും ടോക്കിയോയില്‍ വെങ്കലവും കരസ്ഥമാക്കാന്‍ താരത്തിന് കഴിഞ്ഞു. 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ ഇടത്തെ കണങ്കാലിന് പരുക്കേറ്റതിനെ തുടര്‍ന്ന് ഫോമിലേക്കുയരാനാകാതെ പ്രയാസപ്പെടുകയാണ് 29കാരിയായ സിന്ധു. എന്നാല്‍, ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസം പ്രകാശ് പദുകോണിനു കീഴിലെ പരിശീലനവും കഴിഞ്ഞ ടൂര്‍ണമെന്റുകളിലെ അനുഭവ സമ്പത്തും പാരീസ് ഒളിംപിക്‌സില്‍ മികവുറ്റ പ്രകടനം നടത്താന്‍ സിന്ധുവിന് സഹായമാകുമെന്നാണ് പ്രതീക്ഷ.

രോഹന്‍ ബൊപണ്ണ-എന്‍ ശ്രീറാം ബാലാജി സഖ്യം (ടെന്നിസ്-ഡബിള്‍സ്, പുരുഷ വിഭാഗം)
ടെന്നിസില്‍ രാജ്യത്തിനായി രണ്ടാം ഒളിംപിക് മെഡല്‍ നേടാന്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നവരാണ് രോഹന്‍ ബൊപണ്ണ-എന്‍ ശ്രീറാം ബാലാജി സഖ്യം. 1996ലെ അത്‌ലാന്റ ഒളിംപിക്‌സില്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യക്കായി വെങ്കലം നേടിയിരുന്നു. ഇക്കഴിഞ്ഞ് ആസ്‌ത്രേലിയന്‍ ഓപണില്‍ മാത്യു എബ്ഡനോടൊപ്പം പുരുഷ ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം നേട്ടം ആദ്യമായി സ്വന്തമാക്കിയ ഇന്ത്യക്കാരനാണ് 44കാരനായ ബൊപണ്ണ. ഈ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കുന്ന ലോകത്തെ ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടവും ഇതോടെ താരത്തെ തേടിയെത്തി. ഡബിള്‍സില്‍ ലിയാണ്ടര്‍ പയസ്-മഹേഷ് ഭൂപതി ജോഡിക്കു ശേഷം ലോക് ഒന്നാം നമ്പറാകാനും ബൊപണ്ണക്കു കഴിഞ്ഞു. ഫ്രഞ്ച് ഓപണിന്റെ കേന്ദ്രമായ റോളണ്ട് ഗാരോസിലാണ് ഒളിംപിക്‌സ് ടെന്നിസ് നടക്കുക. കളിമണ്‍ കോര്‍ട്ടില്‍ ഉജ്ജ്വല പ്രകടനം കാഴ്ചവെക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ബൊപണ്ണയും ബാലാജിയും.

ഇന്ത്യന്‍ ഹോക്കി ടീം
41 വര്‍ഷം നീണ്ട് സ്വര്‍ണ വരള്‍ച്ചക്ക് അന്ത്യം കുറിക്കുക ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ ഹോക്കി ടീം പാരീസ് ഒളിംപിക്‌സിനിറങ്ങുക. ഗ്രഹാം റീഡിന്റെ പരിശീലനത്തിലും മന്‍പ്രീത് സിംഗിന്റെ നായകത്വത്തിനും കീഴില്‍ 2021 ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കലം നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. ഇതേ വര്‍ഷം ഇന്ത്യയിലെ തന്നെ നടന്ന ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പോലും എത്താന്‍ ടീമിന് കഴിയാതിരുന്നതിനെ തുടര്‍ന്ന് റീഡ് പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു. പുതിയ കോച്ച് ക്രെയിഗ് ഫുള്‍ട്ടണിന്റെയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗിന്റെയും നേതൃത്വത്തില്‍ സുശക്തമായ സ്‌ക്വാഡിനെയാണ് ഇന്ത്യ പാരിസ് ഒളിംപിക്‌സില്‍ ഇറക്കുക. പ്രതിരോധം ബലപ്പെടുത്തുന്നതിന് പ്രാധാന്യം കൊടുത്തുള്ള പരിശീലനമാണ് ഇന്ത്യന്‍ സംഘം ഇത്തവണം കൂടുതലായി നടത്തിയത്. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലെയും ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ നേട്ടവുമാണ് ടീമിന് ഒളിംപിക്‌സ് യോഗ്യത ഉറപ്പാക്കിയത്. മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ വിടവാങ്ങല്‍ മത്സരം കൂടിയാണിത്.

Latest