Ongoing News
പാരീസ് ഒളിമ്പിക്‌സ്: വിനേഷ് ഫൊഗട്ടിന്റെ അപ്പീലിൽ വിധി പറയുന്നത് നീട്ടി
ഞായറാഴ്ച പാരീസ് സമയം വൈകിട്ട് ആറിന് അപ്പീലിൽ സിഎഎസ് വിധി പറയുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ
പാരീസ് | ഗുസ്തിയിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യയാക്കപ്പെട്ടതിന് എതിരെ ഇന്ത്യൻ താരം വിനേഷ് ഫൊഗട്ട് നൽകിയ അപ്പീൽ ഹർജിയിൽ വിധി പറയുന്നത് അന്താരാഷ്ട്ര കായിക കോടതി (കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്‌പോർട്‌സ് – സിഎഎസ്) നീട്ടിവെച്ചു. ഞായറാഴ്ച പാരീസ് സമയം വൈകിട്ട് ആറിന് അപ്പീലിൽ സിഎഎസ് വിധി പറയുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അറിയിച്ചു.
പാരീസ് ഒളിംപിക്സ് ഗുസ്തി ഫൈനലിൽ അയോഗ്യയാക്കിയതിന് എതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. വെള്ളി മെഡൽ പങ്കിടണമെന്നാണ് വിനേഷ് ഫോഗട്ടിന്‍റെ ആവശ്യം. സുപ്രിം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് വിനീഷിന് വേണ്ടി ഹാജരായത്. ഓൺലൈനായി വിനേഷ് ഫോഗട്ടും വാദത്തിൽ പങ്കെടുത്തു.
50 കിലോ ഗുസ്തി ഫ്രീസ്റ്റൈല്‍ വിഭാഗം ഫൈനലിൽ മത്സരിക്കാനിരിക്കെയാണ് വിനീഷിനെ അയോഗ്യയാക്കിയത്. ഭാരപരിശോധനയിൽ 100 ഗ്രാം അധിക ഭാരം കണ്ടെത്തിയതോടെയായിരുന്നു നടപടി.
അയോഗ്യയാക്കിയതിന് പിന്നാലെ താരം എക്സിൽ വിരമിക്കൽ പ്രഖ്യാപനവും നടത്തിയിരുന്നു. സ്വപ്നങ്ങൾ തകർന്നുവെന്നും ഇനി മത്സരിക്കാനുള്ള കരുത്തില്ലെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നുമാണ് അവർ എക്സിൽ കുറിച്ചത്.