Connect with us

International

കൊടും ചൂടിന് ചുട്ടെരിക്കാനായില്ല; സൂര്യന്റെ കൊറോണയിലൂടെ സുരക്ഷിതമായി പറന്ന് പാർക്കർ സോളാർ പ്രോബ്

സൂര്യനോട് ഏറ്റവും അടുത്തെത്തുന്ന മനുഷ്യനിർമ്മിത വസ്തു എന്ന റെക്കോർഡ് പാർക്കർ സോളാർ പ്രോബ് സ്വന്തമാക്കി.

Published

|

Last Updated

വാഷിംഗ്ടൺ | സൂര്യന്റെ അത്യുഷ്ണത്തെ അതിജീവിച്ച് നാസയുടെ പാർക്കർ സോളാർ പ്രോബ് സുരക്ഷിതമായി പറന്നു. ഡിസംബർ 24-ന് സൂര്യന്റെ കൊറോണയിലൂടെ (പുറംകവചം) അതിവേഗത്തിൽ സഞ്ചരിച്ച പേടകം സുരക്ഷിതമാണെന്ന് നാസ അറിയിച്ചു.

സൂര്യോപരിതലത്തിൽ നിന്ന് വെറും 3.8 ദശലക്ഷം മൈൽ (ഏകദേശം 61 ലക്ഷം കിലോമീറ്റർ) അകലെക്കൂടി, മണിക്കൂറിൽ 692,000 കിലോമീറ്റർ വേഗതയിലാണ് പേടകം പറന്നത്. ഈ യാത്രയിൽ, സൂര്യനോട് ഏറ്റവും അടുത്തെത്തുന്ന മനുഷ്യനിർമ്മിത വസ്തു എന്ന റെക്കോർഡ് പാർക്കർ സോളാർ പ്രോബ് സ്വന്തമാക്കി.

സൂര്യന്റെ കൊറോണയിലെ 1,700 ഫാരൻഹീറ്റ് (930 ഡിഗ്രി സെൽഷ്യസ്) ചൂടിനെ അതിജീവിക്കുമോ എന്ന ആശങ്ക ശാസ്ത്രലോകത്തിനുണ്ടായിരുന്നു. എന്നാൽ, പേടകം വിജയകരമായി ഈ വെല്ലുവിളി അതിജീവിച്ചു. യാത്രയ്ക്കു ശേഷം പേടകം ഭൂമിയിലേക്ക് സന്ദേശം അയച്ചതായി നാസ അറിയിച്ചു. മേരിലാൻഡിലെ ജോൺ ഹോപ്‌കിൻസ് അപ്ലൈഡ് ഫിസിക്സ് ലബോറട്ടറിയിലാണ് സന്ദേശം ലഭിച്ചത്. കൂടുതൽ വിവരങ്ങൾ 2025 ജനുവരി 1-ന് ലഭിക്കുമെന്നാണ് പ്രതീക്ഷ.

സൂര്യന്റെ ഏറ്റവും പുറമെയുള്ളതും ചൂടേറിയതുമായ ഭാഗമാണ് കൊറോണ. ഈ ഭാഗത്തെക്കുറിച്ച് പഠിക്കാനാണ് നാസ പാർക്കർ സോളാർ പ്രോബിനെ അയച്ചത്. 685 കിലോഗ്രാം ഭാരമുള്ള പേടകം 2018 ഓഗസ്റ്റ് 12-ന് ഫ്ലോറിഡയിലെ കേപ് കനാവെറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്നാണ് വിക്ഷേപിച്ചത്. സൗരക്കാറ്റുകൾ ഉൾപ്പെടെ സൂര്യന്റെ രഹസ്യങ്ങൾ കണ്ടെത്താൻ ഈ ദൗത്യം ലക്ഷ്യമിടുന്നു.

Latest