Uae
ഷാര്‍ജയില്‍ 7-ഡേ സോണുകളില്‍ പാര്‍ക്കിംഗ് സമയം നീട്ടി
നവംബര്‍ ഒന്ന് മുതല്‍, രാവിലെ എട്ട് മുതല്‍ അര്‍ധരാത്രി വരെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പണം നല്‍കണം.
ഷാര്‍ജ | ഷാര്‍ജയില്‍ നീല ചിഹ്നങ്ങളില്‍ അടയാളപ്പെടുത്തിയ സോണുകളില്‍ പണമടച്ചുള്ള പാര്‍ക്കിംഗ് സമയം നീട്ടി. നവംബര്‍ ഒന്ന് മുതല്‍, രാവിലെ എട്ട് മുതല്‍ അര്‍ധരാത്രി വരെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പണം നല്‍കണം. ഷാര്‍ജ സിറ്റി മുന്‍സിപ്പാലിറ്റി ഇന്നലെ അറിയിച്ചതാണിത്. ‘7-ഡേ സോണുകള്‍’ എന്നറിയപ്പെടുന്ന ഇവിടെ ആഴ്ചയില്‍ എല്ലാ ദിവസവും ഫീസ് ബാധകമാണ്. പുതിയ സമയം എല്ലാ മേഖലകളിലും റമസാനിലും ബാധകമാകും.
നിലവില്‍ രാത്രി പത്ത് വരെയാണ് പാര്‍ക്കിംഗിന് പണം ഈടാക്കിയിരുന്നത്. എല്ലാ ദിവസങ്ങളിലും ഫീസ് ഈടാക്കുന്ന 7-ഡേ സോണുകള്‍ ഒഴികെയുള്ള പാര്‍ക്കിംഗില്‍ വെള്ളിയാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും പാര്‍ക്കിംഗ് സൗജന്യമാണ്.
എമിറേറ്റ് ടൂറിസം വാണിജ്യ, പാര്‍പ്പിട മേഖലകളില്‍ കാര്യമായ വളര്‍ച്ച കൈവരിക്കുന്നതായി ഷാര്‍ജ സിറ്റി മുന്‍സിപ്പാലിറ്റിയിലെ പബ്ലിക് പാര്‍ക്കിംഗ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഹമീദ് അല്‍ ഖായിദ് പറഞ്ഞു. ഈ വികസനത്തെ പിന്തുണക്കുന്നതിന് പൊതു പാര്‍ക്കിംഗിന് ഫീസ് ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഈ സൗകര്യങ്ങളുടെ ദുരുപയോഗം പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമാണിത്. പാര്‍ക്കിംഗ് സ്ഥലങ്ങളുടെ ദുരുപയോഗം സംബന്ധിച്ച പൊതു നിരീക്ഷണങ്ങളുടെയും റിപോര്‍ട്ടുകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ് 7-ഡേ സോണുകളില്‍ സമയക്രമം മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പണമടച്ചുള്ള സമയം പരിഷ്‌കരിച്ചെങ്കിലും പാര്‍ക്കിംഗിനായുള്ള ഫീസില്‍ വര്‍ധനയ്ക്ക്
കാരണമാകില്ലെന്ന് അല്‍ ഖായിദ് വ്യക്തമാക്കി. അവ നിലവിലെ നിരക്കില്‍ തന്നെ തുടരും. പാര്‍ക്കിംഗ് പെര്‍മിറ്റ് വരിക്കാര്‍ക്ക് ദിവസേന രണ്ട് മണിക്കൂര്‍ അധികമായി ലഭിക്കും. ഇപ്പോള്‍ ഒരു ദിവസം 14 മണിക്കൂര്‍ എന്നത് ഇനി 16 മണിക്കൂറായിരിക്കും. ഷാര്‍ജ നഗരത്തിലെ മൊത്തം പൊതു പാര്‍ക്കിംഗ് സ്ഥലങ്ങളുടെ എണ്ണം 86,000 ആയി ഈയിടെ ഉയര്‍ത്തിയിരുന്നു.