Connect with us

National

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; കേന്ദ്ര ബജറ്റ് നാളെ

ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ സെൻട്രൽ ഹാളിൽ രാഷ്ട്രപതി ദ്രൗപതി മുർമു അഭിസംബോധന ചെയ്യുന്നതോടെ സമ്മേളനം ആരംഭിക്കും

Published

|

Last Updated

ന്യൂഡൽഹി | പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ സെൻട്രൽ ഹാളിൽ രാഷ്ട്രപതി ദ്രൗപതി മുർമു അഭിസംബോധന ചെയ്യുന്നതോടെ സമ്മേളനം ആരംഭിക്കും. സമ്മേളനത്തിന്റെ ആദ്യദിവസം തന്നെ സാമ്പത്തിക സർവേ റിപ്പോർട്ട് ഇരുസഭകളിലും അവതരിപ്പിക്കും. 2023-24 ലെ കേന്ദ്ര ബജറ്റ് ബുധനാഴ്ച അവതരിപ്പിക്കും.

ബജറ്റ് സമ്മേളനം ഈ വർഷം ഏപ്രിൽ 6 വരെ തുടരും. 66 ദിവസങ്ങളിലായി 27 സിറ്റിങ്ങുകളുണ്ടാകും. സമ്മേളനത്തിന്റെ ആദ്യഭാഗം ഫെബ്രുവരി 13 വരെ നീളും. ഡിപ്പാർട്ട്‌മെന്റുമായി ബന്ധപ്പെട്ട പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റികൾക്ക് ഗ്രാന്റുകൾക്കായുള്ള ആവശ്യങ്ങൾ പരിശോധിച്ച് അവരുടെ മന്ത്രാലയങ്ങളെയും വകുപ്പുകളെയും സംബന്ധിച്ച റിപ്പോർട്ടുകൾ തയ്യാറാക്കാൻ ഫെബ്രുവരി 14 മുതൽ മാർച്ച് 12 വരെ അവധി നൽകും. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗം മാർച്ച് 13 ന് ആരംഭിച്ച് ഏപ്രിൽ 6 വരെ തുടരും.

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റ് ഹൗസ് കോംപ്ലക്സിൽ ഇന്നലെ സർവകക്ഷി യോഗം ചേർന്നു. സർക്കാർ വിളിച്ച യോഗത്തിൽ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, പ്രഹ്ലാദ് ജോഷി, പിയൂഷ് ഗോയൽ തുടങ്ങിയവർ പങ്കെടുത്തു. ലോക്‌സഭയുടെയും രാജ്യസഭയുടെയും സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സഹകരണം സർക്കാർ അഭ്യർഥിച്ചു. എൻസിപി നേതാവ് ശരദ് പവാർ, ടിഎംസിയുടെ സുദീപ് ബന്ദ്യോപാധ്യായ, സിപിഐ (എം), എളമരം കരീം (എം), ശിവസേന (യുബിടി), ആർജെഡിയുടെ മനോജ് ഝാ, എഎപിയുടെ സഞ്ജയ് സിംഗ്, ബിആർഎസ് എംപി കെ കേശവ റാവു, ബിജെഡി നേതാവ് സസ്മിത് പത്ര എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ചട്ടങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് പാർലമെന്റിൽ ഏത് വിഷയവും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

---- facebook comment plugin here -----

Latest