Siraj Article
പാർലിമെന്റ് മാധ്യമ വിലക്കിലേക്കോ?
പാർലിമെന്റിലെ മാധ്യമ നിയന്ത്രണം പ്രതിപക്ഷവും വലിയൊരു പ്രശ്‌നമാക്കി ഉയർത്തിക്കൊണ്ടുവരുന്നില്ലെന്നതാണ് ഏറെ ആശ്ചര്യകരം. പ്രതിപക്ഷത്തിന് ഉന്നയിക്കാൻ ആവശ്യത്തിലേറെ വിഷയം ഉണ്ടെന്നുള്ളത് ശരിയാണ്. എന്നാൽ, ജനാധിപത്യം നിലനിൽക്കണമെങ്കിൽ മാധ്യമങ്ങൾ ശരിയായി ധർമം നിർവഹിക്കുകയും അവക്ക് യഥാർഥ രീതിയിൽ പ്രവർത്തിക്കാനാകുകയും വേണമെന്നുള്ള പ്രശ്‌നമല്ലേ ഏറ്റവും പ്രധാനപ്പെട്ടതാകേണ്ടത്? രാജ്യത്തിന് ഒരു നല്ല സർക്കാറില്ല എന്നത് പോലെ തന്നെ ഇന്ത്യൻ ജനാധിപത്യം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് നല്ല പ്രതിപക്ഷമില്ല എന്നതും
ലോകത്തിന് മുന്നിൽ ഇന്ത്യ എഴുന്നേറ്റ് നിൽക്കുന്നത് ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന ഖ്യാതിയിലാണ്. അതിന്റെ പ്രതീകമാണ് റൈസീന കുന്നിനോട് ചേർന്നു നിൽക്കുന്ന ഇന്ത്യൻ പാർലിമെന്റ്. ഇവിടെ വെച്ചാണ് ഇന്ത്യൻ ജനതയെ സംബന്ധിക്കുന്ന സുപ്രധാന തീരുമാനങ്ങളും ചർച്ചകളും നടക്കുന്നത്. കുറച്ച് കാലങ്ങളായി, റൈസീന കുന്നിൻ ചെരുവിലെ പാർലിമെന്റ് കെട്ടിടത്തെ പോലെ പാർലിമെന്റ് സംവിധാനത്തിനും പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണോയെന്ന് സംശയം ഉദിക്കുന്നുണ്ട്. ഒരോ പാർലിമെന്റ് സമ്മേളനത്തിലും ചൂടപ്പം പോലെയാണ് ബില്ലുകൾ ചുട്ടെടുക്കുന്നത്. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളോ ബില്ലിന്മേലുള്ള ചർച്ചകളോ നടക്കാതെ ഭൂരിപക്ഷത്തിന്റെ ധാർഷ്ട്യം രാജ്യത്തെ നിയമങ്ങളായി രൂപപ്പെടുകയാണ്. ഇതിനെതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷ അംഗങ്ങളെ ചട്ടങ്ങളും നിയമങ്ങളും കാറ്റിൽ പറത്തി പുറത്ത് നിർത്തുന്നു.
ഇതിനെല്ലാം അപ്പുറത്ത്, ജനാധിപത്യത്തിന്റെ നാലാം തൂണായി ഗണിക്കപ്പെടുന്ന മാധ്യമങ്ങളെ പൂർണ സ്വാതന്ത്ര്യത്തോടെ പാർലിമെന്റിനുള്ളിലേക്ക് പ്രവേശിപ്പിച്ചിട്ട് രണ്ട് വർഷമാകുന്നു. പ്രസ്സ് ഗ്യാലറിയിലേക്കും സെൻട്രൽ ഹാളിലേക്കും കൊവിഡ് നിയന്ത്രണമെന്ന പേരിൽ മാധ്യമ പ്രവർത്തകർക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ലോട്ടറി സിസ്റ്റം പോലെയുള്ള നറുക്കെടുപ്പ് വഴിയും സർക്കാറിന് താത്പര്യമുള്ള മറ്റു ചിലർക്കും സർക്കാർ നിശ്ചയിച്ചു നൽകുന്ന ദിവസങ്ങളിൽ പാർലിമെന്റ് വളപ്പിലേക്ക് പ്രവേശനം നൽകുന്നുണ്ട്. സർക്കാർ നൽകുന്ന വാർത്തകളും സൻസദ് ടി വി സൗകര്യം പോലെ സംപ്രേഷണം ചെയ്യുന്ന ദൃശ്യങ്ങളും മാത്രമാണിപ്പോൾ മാധ്യമങ്ങൾക്ക് പാർലിമെന്റിൽ നിന്നുള്ള വാർത്തകൾ നൽകാനുള്ള പ്രധാന സ്രോതസ്സുകൾ.
കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ 2020ന്റെ തുടക്കത്തിൽ നടന്ന പാർലിമെന്റ് സമ്മേളനം മുതൽ മാധ്യമപ്രവർത്തർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ലോക്സഭാ- രാജ്യസഭാ മാധ്യമ ഗ്യാലറികൾ, സെൻട്രൽ ഹാൾ എന്നിവിടങ്ങളിലേക്ക് മാധ്യമ പ്രവർത്തകർക്ക് പ്രവേശനമില്ല. ആഴ്ചയിൽ രണ്ട് ദിവസം പാർലിമെന്റ് വളപ്പിൽ നിശ്ചിത മാധ്യമപ്രവർത്തകർക്ക് പ്രവേശിക്കാൻ അനുവാദമുണ്ട്. രാജ്യത്ത് കൊവിഡ് വളരെ കുറയുകയും മാളുകൾ, റെസ്റ്റോറന്റുകൾ, സിനിമാ ഹാളുകൾ എന്നിവയെല്ലാം പൂർണ ശേഷിയോടെ തുറന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന സന്ദർഭത്തിലാണ് ഈ വൈചിത്ര്യം. പാർലിമെന്റ് സെക്രട്ടേറിയറ്റ് അക്രഡിറ്റ് ചെയ്ത വളരെ നിശ്ചിത എണ്ണം മാത്രമുള്ള മാധ്യമ പ്രവർത്തകരെ സർക്കാർ നിശ്ചയിക്കുന്ന അത്രയും നിയന്ത്രണങ്ങളോടെ പാർലിമെന്റിനകത്തേക്ക് പ്രവേശിപ്പിക്കാൻ എന്ത് തടസ്സമാണ് ശേഷിക്കുന്നത്? മാധ്യമ പ്രവർത്തകരുടെ സംഘടനകൾ ആരോപിക്കുന്നത് പോലെ പാർലിമെന്റിൽ നിന്നുള്ള സ്‌പോട്ട് കവറേജ് സമ്പൂർണമായി നിരോധിക്കാനുള്ള ആദ്യ നടപടിയാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സർക്കാറിന്റെ മന്ത്രാലയങ്ങളിലും മറ്റ് വകുപ്പുകളിലും പ്രവേശിക്കുന്നതിന് ആവശ്യമായ പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയുടെ ( പി ഐ ബി) അക്രഡിറ്റേഷൻ നൽകുന്നതിനുള്ള പ്രക്രിയ സർക്കാർ ഏറെക്കാലമായി തടഞ്ഞുവെച്ചിരിക്കുകയാണെന്ന ആരോപണം ഇതിലേക്ക് വിരൽ ചൂണ്ടുന്നതാണ്. ലോട്ടറി സംവിധാനം വഴിയുള്ള തിരഞ്ഞെടുപ്പിൽ, പ്രദേശിക ഭാഷാ മാധ്യമ പ്രവർത്തകരെ പൂർണ അർഥത്തിൽ തഴഞ്ഞതായും ആക്ഷേപമുണ്ട്. പാർലിമെന്റിലേക്ക് മാധ്യമ പ്രവർത്തകരെ പഴയത് പോലെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ (ഇ ജി ഐ), പ്രസ്സ് അസ്സോസിയേഷൻ, ഇന്ത്യൻ വിമൻസ് പ്രസ്സ് കോർപ്സ് (ഐ ഡബ്ല്യു പി സി), പ്രസ്സ് ക്ലബ് ഓഫ് ഇന്ത്യ (പി സി ഐ), വർക്കിംഗ് ന്യൂസ് ക്യാമറാമാൻ അസ്സോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ പാർലിമെന്റിലേക്ക് മാർച്ച് നടത്തിയിരുന്നു.
പാർലിമെന്റ് വളപ്പിലേക്കും പ്രസ്സ് ഗ്യാലറിയിലേക്കും മാധ്യമപ്രവർത്തകർ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ നിയന്ത്രണങ്ങളും ഉടൻ എടുത്തുകളയണമെന്നും മാധ്യമപ്രവർത്തകരെ അവരുടെ പ്രൊഫഷനൽ ചുമതല നിർവഹിക്കാൻ അനുവദിക്കണമെന്നും മാധ്യമ പ്രവർത്തക സംഘടനകൾ ആവശ്യപ്പെടുകയുമുണ്ടായി. ഈ ആവശ്യങ്ങൾ ഉന്നയിച്ച് പാർലിമെന്റിലെ എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും മാധ്യമ പ്രവർത്തകർ കത്തയക്കുകയും ചെയ്തു. ലോക്സഭാ സ്പീക്കർ ഓം ബിർളക്കും രാജ്യസഭാ ചെയർമാൻ എം വെങ്കയ്യ നായിഡുവിനും മെമ്മോറാണ്ടം സമർപ്പിക്കുകയും ചെയ്തു.
പാർലിമെന്റിലേക്കുള്ള സ്ഥിരം പാസ്സുകളും സെഷനൽ പാസ്സുകളുമുള്ള എല്ലാ മാധ്യമപ്രവർത്തകരുടെയും പ്രവേശനം പുനഃസ്ഥാപിക്കണമെന്നാണ് മാധ്യമ പ്രവർത്തക സംഘടനകളുടെ ആവശ്യം.
കൊവിഡ് നിയന്ത്രണമെന്ന പേരിൽ രാജ്യത്ത് പൗരസ്വാതന്ത്ര്യത്തിന് മേൽ ഭരണകൂടങ്ങൾ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ അതിരുകടന്നിരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ഉദാഹരണങ്ങളിലൊന്നാണ് പാർലിമെന്റിലെ വിലക്ക്. ഈ വിലക്ക് നീക്കം ചെയ്യാതിരിക്കുന്നതിലൂടെ സർക്കാറിന് ദോഷത്തേക്കാളേറെ ഗുണം ചെയ്യുന്നുണ്ടെന്ന് വിശ്വിസിക്കുന്നത് കൊണ്ടായിരിക്കണം വിലക്ക് നീക്കാൻ സർക്കാറും സ്പീക്കറും മടിക്കുന്നത്. മാധ്യമങ്ങളുടെ പ്രവേശനത്തിന് ഒരു നിയന്ത്രണവും ഏർപ്പെടുത്തില്ലെന്ന് ജൂലൈയിൽ ലോക്സഭാ സ്പീക്കർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ പാർലിമെന്റ് സെക്രട്ടേറിയറ്റ് ഈ നിയന്ത്രണങ്ങൾ നീക്കം ചെയ്യാൻ തയ്യറായിട്ടില്ല. കഴിഞ്ഞ പാർലിമെന്റ് സമ്മേളനങ്ങളിൽ മാധ്യമ പ്രവർത്തകരെ പുറത്ത് നിർത്തിയത് സർക്കാറിന് ഗുണം ചെയ്തിരുന്നു. വർഷകാല സമ്മേളനത്തിന്റെ അവസാന ദിവസം, ആഗസ്റ്റ് പതിനൊന്നിന് രാജ്യസഭയിൽ നടന്ന സംഘർഷങ്ങൾ മാധ്യമ പ്രവർത്തകർ ഇല്ലാത്തതിനാൽ തന്നെ എന്താണ് കൃത്യമായി നടന്നതെന്ന് പുറത്ത് എത്തിയിരുന്നില്ല. സംഘർഷത്തിന് ശേഷം പ്രതിപക്ഷ കക്ഷി നേതാക്കൾ പാർലിമെന്റിന് പുറത്തെത്തി മാധ്യമ പ്രവർത്തകരോട് സംസാരിച്ചപ്പോഴാണ് സംഘർഷം സംബന്ധിച്ച വിവരങ്ങൾ പുറം ലോകമറിയുന്നത്. ഇത് സംബന്ധിച്ച ദൃശ്യങ്ങളൊന്നും സൻസദ് ടി വി പുറത്ത് വിട്ടിരുന്നില്ല. അതേസമയം, സർക്കാറിന് ആവശ്യമായ ചില സി സി ടി വി ദൃശ്യങ്ങൾ മാത്രം പുറത്തെത്തുകയും ചെയ്തു. പിന്നാലെ കാർഷിക ബിൽ പിൻവലിക്കുന്ന വിഷയം പൊതു ചർച്ചയാവാതിരിക്കാൻ വേണ്ടിയെന്നവണ്ണം ഈ സമ്മേളനത്തിൽ 12 പ്രതിപക്ഷ എം പിമാരെ വർഷകാല സമ്മേളനത്തിന്റെ പേരിൽ സസ്‌പെൻഡ് ചെയ്തു. സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് 12 എം പിമാരെ ഒറ്റയടിക്ക് ഒരു സമ്മേളന കാലം പൂർണമായി സസ്‌പെൻഡ് ചെയ്യുന്നത്. അതുതന്നെ സസ്‌പെൻഷന് ആധാരമായ സംഭവം നടന്ന ദിവസം പാർലിമെന്റ് ചട്ടങ്ങൾ ലംഘിച്ചവരുടെ പട്ടികയിൽ ഇല്ലാത്ത എളമരം കരീം ഉൾപ്പെടെയുള്ളവരെയും. സർക്കാറിന് സ്വന്തമായി ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ ഒരു ഡസൻ പ്രതിപക്ഷ എം പിമാരെ ഒരു സമ്മേളന കാലം മുഴുവൻ പുറത്ത് നിർത്തുകയും സുപ്രധാനമായ ബില്ലുകൾ കൊണ്ടുവന്ന് പാസ്സാക്കുകയും ചെയ്യുന്നതിൽ എന്താണ് ജനാധിപത്യം?
ഇത് ഇത്രയും കാലം നമ്മൾ കൊട്ടിഘോഷിച്ചിരുന്ന “ഇന്ത്യൻ ജനാധിപത്യം’ എന്ന ആശയത്തെ തന്നെയാണ് കുഴിച്ചുമൂടുന്നത്. കാർഷിക നിയമം പിൻവലിച്ചതും ഇന്ത്യൻ പാർലിമെന്റ് അത്രയൊന്നും കാണാത്ത രീതിയിലായിരുന്നു. ബിൽ പിൻവലിക്കുന്ന വേളയിൽ ഇത് സംബന്ധിച്ച് ഒരു വാക്ക് പോലും ആരെയും പറയാൻ അനുവദിച്ചില്ല. മറ്റ് ബില്ലുകളും സമാനമായ രീതിയിലാണ് ചുട്ടെടുക്കുന്നത്. പാർലിമെന്റ് ചർച്ച ചെയ്യുന്നതിന് മുമ്പ് പാർലിമെന്ററി സമിതികൾ ബില്ലിന്മേൽ ചർച്ച നടത്തണമെന്ന കീഴ്‌വഴക്കം രാജ്യത്ത് ഇല്ലാതായിട്ട് കുറെ കാലമായി. കഴിഞ്ഞ വർഷകാല സമ്മേളനത്തിൽ 20 ബില്ലുകളാണ് ചർച്ചയില്ലാതെ പാസ്സാക്കിയത്. മാധ്യമ പ്രവർത്തകരെ പാർലിമെന്റിൽ നിന്ന് അകറ്റി നിർത്തിയത് ഇത് കൊണ്ടെല്ലാം സർക്കാറിന് ഗുണമാണെന്നാകും ബി ജെ പി നേതാക്കൾ കരുതുന്നത്.
പാർലിമെന്റിലെ മാധ്യമ നിയന്ത്രണം പ്രതിപക്ഷവും വലിയൊരു പ്രശ്‌നമാക്കി ഉയർത്തിക്കൊണ്ടുവരുന്നില്ലെന്നതാണ് ഏറെ ആശ്ചര്യകരം. പ്രതിപക്ഷത്തിന് ഉന്നയിക്കാൻ ആവശ്യത്തിലേറെ വിഷയം ഉണ്ടെന്നുള്ളത് ശരിയാണ്. എന്നാൽ, ജനാധിപത്യം നിലനിൽക്കണമെങ്കിൽ മാധ്യമങ്ങൾ ശരിയായി ധർമം നിർവഹിക്കുകയും അവക്ക് യഥാർഥ രീതിയിൽ പ്രവർത്തിക്കാനാകുകയും വേണമെന്നുള്ള പ്രശ്‌നമല്ലേ ഏറ്റവും പ്രധാനപ്പെട്ടതാകേണ്ടത്? മാധ്യമ സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മില്ലകാർജുൻ ഖാർഗെ മാത്രമാണ് ഇക്കാര്യത്തിൽ ശ്രദ്ധേയമായ പ്രതികരണം നടത്തിയത്. മാധ്യമ നിയന്ത്രണം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഖാർഗെ, വെങ്കയ്യ നായിഡുവിന് കത്തയക്കുകയും ചെയ്തു. പാർലിമെന്റിൽ കൃത്യമായി ഉന്നയിച്ച് സർക്കാറിനെ കൊണ്ട് തിരുത്തിക്കുക എന്നതാകണം പ്രതിപക്ഷത്തിന്റെ ദൗത്യം.
രാജ്യത്തിന് നല്ല സർക്കാറില്ല എന്നത് പോലെ തന്നെ ഇന്ത്യൻ ജനാധിപത്യം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് നല്ല പ്രതിപക്ഷമില്ല എന്നതും. ജനങ്ങൾക്കും നിയമ നിർമാതാക്കൾക്കുമിടയിലാണ് മാധ്യമങ്ങൾ പ്രവർത്തിക്കുന്നത് എന്നതിനാൽ വാർത്തകളുടെ സ്വതന്ത്രമായ ഒഴുക്ക് കൂടുതൽ അനിവാര്യമാണെന്ന് മനസ്സിലാക്കി വേണം പ്രതിപക്ഷം ഈ വിഷയം ഏറ്റെടുക്കേണ്ടത്. വരും ദിവസങ്ങളിൽ ഈ ആവശ്യം ശക്തമായി ഉയർന്നുവരുമെന്നും സർക്കാർ തിരുത്തുമെന്നും പ്രതീക്ഷിക്കാം.